ദുബായ്: കോവിഡ്-19 വ്യാപനത്തിനിടെ സാമൂഹിക പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് രോഗം ബാധിച്ച നസീര്‍ വാടാനപ്പള്ളി കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നസീറിന് മറ്റുള്ളവരോട് പറയാനുള്ളത് ഇതാണ്.
ഒരിക്കലും കോവിഡിനെ അമിതമായി പേടിക്കരുതെന്നും ജാഗ്രത പുലര്‍ത്തുക എന്നതാണ് പ്രധാനമെന്നും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയശേഷം അദ്ദേഹം പറഞ്ഞു. “നമ്മള് നമ്മളെ തന്നെ സൂക്ഷിക്കുക. ആരോഗ്യം നല്കുന്ന ഭക്ഷണം കഴിക്കുക. സാധാരണ രോഗം വന്നാല്‍ കഴിയുന്നത് പോലെ ചൂടുവെള്ളം മാത്രമാണ് ആശുപത്രിയില്‍ കുടിച്ചിരുന്നത്. ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ പിഴിഞ്ഞ് കുടിക്കാറുണ്ടായിരുന്നു. തണുക്കാത്ത ഓറഞ്ച്, ആപ്പിൾ എന്നിവയും സലാഡും കടലയും ഈത്തപ്പഴവും ഒക്കെയാണ് കഴിച്ചിരുന്നത്. മറ്റ് അസുഖങ്ങള്‍ ഇല്ലാത്ത ആള് ആണെങ്കില്‍ കോവിഡ് വന്നതുപോലും അറിയാതെ അത് കടന്ന് പോകും. ഷുഗര്‍, പ്രഷര്‍, ആസ്മ എന്നിവയൊക്കെ ഉള്ളവരും മരുന്ന് കഴിക്കുന്നവരും ആണെങ്കില്‍ കൂടുതല്‍ സൂക്ഷിക്കണം,” അദ്ദേഹം പറയുന്നു.
Read Also: കേരളം ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചു; വിശദീകരണം തേടി കേന്ദ്രം
യുഎഇ സര്‍ക്കാര്‍ ജനങ്ങളോട് ഇത്രയും ബുദ്ധിമുട്ടി റിസ്ക് എടുത്തു പറയുന്നത് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണെന്ന് നസീര്‍ പറയുന്നു.” ഞാനും എന്റെ കുടുംബവും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ എനിക്ക് ഈ അസുഖം വരില്ല. പക്ഷെ നിര്‍ബന്ധമായും പോകേണ്ട സാഹചര്യം വന്നാല്‍ പോകാം. പക്ഷെ മാസ്കും, ഗ്ലൗസും ഒക്കെ വച്ചായിരിക്കണം. തിരിച്ചു വീട്ടിലേക്ക് കയറുന്നതിനു മുന്‍പ് ഇതൊക്കെ അഴിച്ചു പ്ലാസ്റ്റിക് കവറില്‍ ആക്കുക. നേരെ ബാത്ത്റൂമില്‍ പോയി കുളിച്ചു കഴിഞ്ഞ ശേഷം മാത്രമേ റൂമിലേക്ക് കയറാവൂ. അതാണ് ഏറ്റവും സുരക്ഷിതം. പുറത്തു നിന്ന് ഒരാളെപ്പോലും റൂമിലേക്ക് കയറ്റരുത്. നമ്മള് എവിടേക്കും പോവുകയും ചെയ്യരുത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ തന്നെ ഒരാള്‍ക്കും കൊറോണ വരില്ലെന്നും അദ്ദേഹം പറയുന്നു.
എങ്കിലും ഗ്ലൗസും, എന്‍ -95 മാസ്കും അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വൈകാതെ വീണ്ടും സാമൂഹിക പ്രവര്‍ത്തന രംഗത്തിറങ്ങാനാണ് നസീറിന്റെ തീരുമാനം.
ദുബായിലെ നൈഫില്‍ കോവിഡ് ലക്ഷണങ്ങളുമായി കഴിഞ്ഞിരുന്ന പതിനാലു പേരില്‍ നിന്നാണ് നസീറിനെ തേടി ആദ്യ സഹായ അഭ്യര്‍ത്ഥന എത്തിയത്. കാസര്‍ഗോഡ് സ്വദേശിയായ റൂം മേറ്റ് പോസിറ്റീവ് ആണെന്ന് നാട്ടില്‍ നിന്ന് വാര്‍ത്ത വന്നതായും ലക്ഷണങ്ങള്‍ ഉണ്ടായിട്ടും പരിശോധന പോലും നടത്താന്‍ ആകാതെ ഫ്ളാറ്റില്‍ കഴിയുകയാണെന്നുമുള്ള വിവരം ഇവരില്‍ നിന്ന് ലഭിച്ചാണ് നസീര്‍ നൈഫിലെത്തിയത്. അവരോട് സംസാരിച്ച ശേഷം പൊലീസില്‍ വിവരം കൈമാറി.
Read Also: ‘ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാ’
ആംബുലന്‍സുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി സംഘവും എത്തി. പരിശോധന നടത്തി രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളില്‍ കോളുകളുടെ എണ്ണം കൂടി. 2500-ല്‍ അധികം പേരെ നൈഫില്‍ നിന്ന് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയില്‍ എത്തിക്കാന്‍ രാപ്പകല്‍ ഭേദമില്ലാതെ നസീര്‍ പ്രവര്‍ത്തിച്ചിരുന്നു. നസീറിന് സഹായവുമായി നിരവധി സംഘടനകളും വോളന്റിയര്മാരുമെത്തിയിരുന്നു.