റിയാദ്: സൗദി അറേബ്യയിൽ കർഫ്യൂ ഏർപ്പെടുത്തിയതോടെ രോഗങ്ങൾ ഗണ്യമായി കുറഞ്ഞതായി ഡോക്ടർമാർ. സൗദിയിൽ ഇത് കാലാവസ്ഥ മാറ്റത്തിന്റെ സമയം കൂടിയാണ്. ചൂട് കാലത്തിന്റെ വരവറിയിച്ച് ഈ സമയത്ത് ഉണ്ടാകുന്ന പൊടിക്കാറ്റും ചാറ്റൽ മഴയും വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ആസ്തമ, അലർജി പോലുള്ള രോഗം നേരത്തെ ഉള്ളവരെയാണ് കാലാവസ്ഥ മാറ്റം പ്രധാനമായും ബാധിക്കുന്നത്. ഈ സമയത്ത് നൂറു കണക്കിന് ആളുകളാണ് ശ്വാസകോശ സംബന്ധമായ പ്രയാസങ്ങൾക്ക് ചികിത്സ തേടി എത്തുക. എന്നാൽ ഇത്തവണ പൊടിക്കാറ്റും ചാറ്റൽ മഴയും പല തവണ വന്നിട്ടും ചികിത്സ തേടിയെത്തിയത് വളരെ കുറഞ്ഞ രോഗികൾ മാത്രം. കർഫ്യൂ കാരണം ആളുകൾ പുറത്തിറങ്ങാത്തതാണെന്ന് ഇതിനു പ്രധാന കാരണമെന്ന് ഡോക്ടർമാർ പറയുന്നു.

Read Also: ആദ്യം സ്വദേശിവല്‍ക്കരണം, ഇപ്പോള്‍ കൊറോണ; പ്രതിസന്ധികളില്‍ ഉലഞ്ഞ് സൗദി പ്രവാസികള്‍

പാർക്കുകളിലും മറ്റ് വിനോദ പരിപാടികളിലും ആളുകൾ പോകാത്തതിനാൽ കുട്ടികളിലും രോഗാവസ്ഥ വളരെ കുറവാണ്. ഭക്ഷണം വീട്ടിൽ നിന്ന് തന്നെ കഴിക്കുകയും കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വം പാലിക്കുന്നത് ഗൗരവമായി എടുക്കുകയും ചെയ്തത് കൊണ്ട് വയറ് സംബന്ധമായ രോഗങ്ങളും ഭക്ഷ്യ അണുബാധയും ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. പുറത്ത് നിന്നുള്ള ഫാസ്റ്റ് ഫുഡുകളും ഫ്രൈഡ് ഭക്ഷണവും കുറച്ചതോടെ ജീവിത ശൈലി രോഗങ്ങളും നിയന്ത്രണത്തിലായിട്ടുണ്ട്. ഇതു വഴിയെല്ലാം ഹൃദ്രോഗ സാധ്യത വരെ കുറയുമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.

അതേസമയം, വീടുകളിൽ ചെയ്യാൻ കഴിയുന്ന വ്യായാമങ്ങൾ തുടരണമെന്നും ഇക്കാര്യത്തിൽ മുടക്കം വരുത്തുന്നത് പിന്നീട് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. രാജ്യം കോവിഡ് വൈറസ് മുക്തമായി പ്രഖ്യാപിച്ചാലും ശുചിത്വവും ഭക്ഷണ രീതിയും ഇപ്രകാരം മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കണമെന്ന് റിയാദിലെ മലയാളി ഡോക്ടറായ ഡോ.സഞ്ചു ജോസ് അഭ്യർത്ഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook