ദുബായ്: ഫൈസര്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി
നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്റൈന്‍. അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോ എന്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച വാക്‌സിന്‍ ബ്രിട്ടനാണ് ആദ്യമായി അംഗീകാരം നല്‍കിയത്.
വാക്സിന് അനുമതി നല്‍കിയ കാര്യം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബഹ്റൈന്‍ ന്യൂസ് ഏജന്‍സിയാണ് ഇന്നലെ രാത്രി അറിയിച്ചത്. ലഭ്യമായ മുഴുവന്‍ വിവരങ്ങളുടെയും വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ വൊക്‌സിനു ബഹ്റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, വാക്‌സിനേഷന്‍ എപ്പോള്‍ ആരംഭിക്കുമെന്നു ബഹ്റൈന്‍ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച, വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ചോദ്യത്തോട് ബഹ്‌റൈന്‍ അധികൃതര്‍ പ്രതികരിച്ചില്ല. വാക്‌സിന്‍ കൈമാറുന്ന സമയവും ഡോസുകളുടെ അളവും ഉള്‍പ്പെടെ ബഹ്റൈനുമായുള്ള വില്‍പ്പന കരാറിന്റെ വിശദാംശങ്ങള്‍ രഹസ്യമാണെന്നു ഫൈസര്‍ എപിയോട് പറഞ്ഞു.
Also Read: ഫൈസർ വാക്സിൻ ഇന്ത്യയുടെ പ്രഥമ പരിഗണനയിലില്ല; നിരീക്ഷണത്തിൽ; സമാന വാക്സിനും ശ്രമം
വാക്സിന്‍ സൂക്ഷിക്കേണ്ട അവസ്ഥയായിരിക്കും ബഹ്റൈന്‍ നേരിടാന്‍ പോകുന്ന അടിയന്തര വെല്ലുവിളി. വാക്‌സിനുകള്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് (മൈനസ് 94 ഡിഗ്രി ഫാരന്‍ഹീറ്റ്) താപനിലയിലാണു കൊണ്ടുപോകേണ്ടതും സൂക്ഷിക്കേണ്ടതും. വേനല്‍ക്കാലത്ത് ഉയര്‍ന്ന അളവിലുള്ള ഈര്‍പ്പത്തോടെ 40 ഡിഗ്രി സെല്‍ഷ്യസ് (104 ഡിഗ്രി ഫാരന്‍ഹീറ്റ്) ചൂട് അനുഭവപ്പെടുന്ന രാജ്യമാണ് ബഹ്റൈന്‍.
ബുധനാഴ്ചയാണ് ഫൈസര്‍ വാക്‌സിനു യുകെ അംഗീകാരം നല്‍കിയത്. ബ്രിട്ടനില്‍ അടുത്ത ആഴ്ചയാഴ്ച വാക്സിന്‍ വിതരണം ആരംഭിക്കും. മൂന്നാഴ്ചത്തെ ഇടവേളയില്‍ വാക്‌സിന്റെ രണ്ട് ഡോസാണ് ഓരോ ആളും സ്വീകരിക്കേണ്ടത്.
2021 ല്‍ ലോകത്തുടനീളം 57 കോടി ഡോസുകള്‍ വിതരണം ചെയ്യാനുള്ള കരാറുകളില്‍ ഒപ്പുവച്ചതായും കുറഞ്ഞത് 130 കോടി വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പങ്കാളിയായ ബയോ എന്‍ടെക് അറിയിച്ചു.
Also Read: വാക്സിൻ കുത്തിവച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ്
16 ലക്ഷം ജനസംഖ്യയുള്ള ബഹ്‌റൈനില്‍ 87,000 പേര്‍ക്ക് കോവിഡ് ബാധിച്ചു. 341 ആണ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എണ്‍പത്തി അയ്യായിരത്തിലധികം പേര്‍ രോഗമുക്തി നേടി.
ചൈനീസ് കമ്പനിയായ സിനോഫാം നിര്‍മിച്ച കോവിഡ് വാക്സിന്റെ അടിയന്ത ഉപയോഗത്തിനു ബഹ്‌റൈന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ആറായിരം പേര്‍ക്ക് ഈ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ‘നിര്‍ജീവമാക്കിയ’ വൈറസുകള്‍ അടങ്ങിയ സിനോഫാം വാക്‌സിന്‍ യുഎഇയിലും ഉപയോഗത്തിലുണ്ട്.