ദുബായ്: അതിര്‍ത്തികള്‍ അടച്ച് ഒറ്റപ്പെട്ട നാടുകളില്‍ അതിഥികളായി കഴിയുന്നവര്‍, എല്ലാവരും എല്ലാവരെയും സംശയത്തോടെ നോക്കുന്ന സാഹചര്യം, വര്‍ധിക്കുന്ന രോഗബാധിതരുടെ എണ്ണം, നാട്ടില്‍നിന്നുള്ള വാര്‍ത്തകള്‍… പ്രവാസികളുടെ ദിനചര്യകള്‍ ഭീതിയുടെ ഒരു താളത്തിലേയ്ക്ക് മാറിയിരിക്കുന്നു. നാട്ടില്‍ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും ദുബായില്‍നിന്ന് എത്തിയവരാണെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ യുഎഇയിലെ പ്രവാസികളുടെ നെഞ്ചിടിപ്പിനു വേഗമേറുകയാണ്.

യുഎഇയില്‍ ബുധനാഴ്ച പുറത്തുവന്ന അവസാന റിപ്പോര്‍ട്ട് പ്രകാരം കൊറോണ ബാധിതരുടെ എണ്ണം 333 ആണ്. ഇതില്‍ 52 പേര്‍ രോഗവിമുക്തരായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകള്‍ പരമാവധി വീടുകളില്‍ കഴിയുക എന്ന നിര്‍ദേശമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

Also Read: കൊറോണയെ പറ്റി ഗള്‍ഫില്‍ നിന്ന് എഴുതുമ്പോള്‍

അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങുവാനും അവശ്യ സര്‍വീസുകളില്‍ ഒഴികെയുള്ളവര്‍ പരമാവധി വീടുകളിലിരുന്ന് ജോലി ചെയ്യുവാനുമാണ് നിര്‍ദേശം. ദുബായി എമിറേറ്റില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ 80 ശതമാനം ജീവനക്കാരോടും വീടുകളില്‍നിന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് എമിറേറ്റുകളില്‍ ഇത്തരത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടില്ല. അതിനാല്‍ പല ഓഫീസുകളും കടകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ മൂന്നുദിവസം നീളുന്ന അണുനശീകരണ യജ്ഞം ആരംഭിച്ചിട്ടുണ്ട്. പൊതു ഗതാഗത സംവിധാനങ്ങളിലും റോഡുകള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളിലും ഇന്നലെ അണുനശീകരണം നടത്തി. യുഎഇ സമയം രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ നീളുന്ന യജ്ഞം ഇന്നും നാളെയും തുടരും. ഈ സമയങ്ങളില്‍ ആരും പുറത്തിറങ്ങുരുതെന്ന കര്‍ശന നിര്‍ദേശം അധികൃതര്‍ നല്‍കിയിരുന്നു.

Also Read: കോറോണ വ്യാപനവും പുതിയ ലോകക്രമവും

അടിയന്തര ജോലികള്‍ ചെയ്യുന്നവര്‍ മാത്രമേ പുറത്ത് ഇറങ്ങാവൂ എന്നാണ് നിര്‍ദ്ദേശം. കര്‍ശന പരിശോധയും നടക്കുന്നുണ്ട്. വാഹനങ്ങള്‍ ഒഴുകി നീങ്ങിയിരുന്ന പല റോഡുകളും ഇതോടെ രാത്രിയില്‍ നിശ്ചലമായി. കര്‍ശന നിര്‍ദേശങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന ധാരണയില്‍ ഇന്നലെ രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ഭൂരിഭാഗം കമ്പനികളും പകുതിയിലേറെ തൊഴിലാളികളോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടതോടെ ഇനിയുള്ള ദിവസങ്ങള്‍ ദുഷ്‌കരമാകുമെന്ന വിഷമത്തിലാണു പ്രവാസികള്‍. ഇവര്‍ക്ക് ഇക്കാലയളവില്‍ ശമ്പളം ലഭിക്കില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. താമസ സ്ഥലങ്ങളില്‍ ഒരുപാടുപേര്‍ ഒരുമിച്ച് താമസിക്കുന്നുവെന്നതും പ്രവാസികള്‍ക്ക് കൂടുതല്‍ ആശങ്ക നല്‍കുന്നുണ്ട്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഉറ്റവരുടെ മരണമറിഞ്ഞിട്ടും നാട്ടില്‍ പോകാന്‍ പറ്റാത്തതിനാല്‍ പലര്‍ക്കും മാനസിക സമ്മര്‍ദം ഏറുകയാണ്.

അതേസമയം, പൊതുസമൂഹത്തിന് പരിഭ്രാന്തി നല്‍കാത്ത വിധമാണ് അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഇവ പിന്തുടര്‍ന്ന് ഈയൊരു പ്രതിസന്ധി കാലഘട്ടം കടന്നു മറികടക്കാനാവുമെന്ന വിശ്വാസത്തിലാണു പ്രവാസികള്‍. ജീവിതം വഴിമുട്ടുന്ന സാഹചര്യത്തില്‍ വാടക, വൈദ്യുതി, വെള്ളം അടക്കമുള്ള കാര്യങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ പ്രവാസികള്‍ക്കുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook