അബുദാബി: നോവല്‍ കൊറോണ വൈറസ് (കോവിഡ്-19) ഭീതിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യുഎഇയില്‍ നഴ്‌സറികള്‍ അടച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കു നഴ്‌സറികള്‍ അടച്ചിടുമെന്നു വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മദി, ആരോഗ്യ മന്ത്രി അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഒവൈസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്‌കൂള്‍ ടൂറും മറ്റും പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. യുഎഇയില്‍ ഇതുവരെ 21 പേര്‍ക്കാണു കോവിഡ്-19 ബാധ സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചുപേര്‍ പൂര്‍ണമായും രോഗമുക്തി നേടി. 2020 യുഎഇ ടൂറിന്റെ ഭാഗമായി എത്തിയ ഇറ്റലിക്കാരായ രണ്ട് സൈക്കിളിങ് ടെക്‌നീഷ്യന്മാര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട 612 പേരെ പരിശോധനയ്ക്കു വിധേയമാക്കി. ഇതില്‍ 450 പേര്‍ക്കു രോഗബാധയില്ല. 162 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്ന് അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു. ഇവരോട് 14 ദിവസം കരുതല്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
യുഎഇ സൈക്കിള്‍ ടൂറില്‍ 131 വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇവരാരും രോഗം ബാധിച്ച ടെക്‌നീഷ്യന്മാരുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നില്ല. എങ്കിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇവരോട് രണ്ടാഴ്ചത്തേക്കു സ്‌കൂളില്‍ വരരുതെന്നും വീട്ടിലിരുന്നു പഠിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.
Read Also: സർവം നജീബിനായി; രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്
രണ്ട് ടെക്‌നീഷ്യന്മാര്‍ക്കു രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ യുഎഇ സൈക്ലിങ് ടൂറിന്റെ അവസാന ഘട്ടം അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. ടൂറിന്റെ അടുത്ത ഘട്ടം മാര്‍ച്ച് അഞ്ചു മുതല്‍ ഏഴു വരെ യാസ് ഐലന്‍ഡിലാണു നടക്കേണ്ടിയിരുന്നത്. ഇതു മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ നടത്തുമെന്നാണു വിവരം. 2020 യുഎഇ ടൂറില്‍ പങ്കെടുക്കുന്ന സൈക്കിളിസ്റ്റുകള്‍ താമസിച്ചിരുന്ന യാസ് ഐലന്‍ഡിലെ രണ്ടു പ്രമുഖ ഹോട്ടലുകള്‍ അടച്ചിട്ടു.
യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ ചൈന, ഇറാന്‍, ബഹ്‌റൈന്‍ പൗരന്മാരാണ്. നേരത്തെ രോഗം ബാധിച്ചവരില്‍ ഒരു ഇന്ത്യക്കാരനുണ്ടായിരുന്നു. അതിനിടെ, കൊറോണ വൈറസ് പടരുന്ന ഇറാനില്‍നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാന്‍ യുഎഇ ശ്രമം ആരംഭിച്ചു. ഇതിനായി രണ്ടു വിമാനങ്ങള്‍ ഒരുക്കി. ഇറാനില്‍ രോഗം ബാധിച്ച് ഇരുന്നിലേറെ പേര്‍ മരിച്ച സാഹചര്യത്തിലാണു യുഎഇ ഒഴിപ്പിക്കല്‍ നടപടിക്കു തയാറാവുന്നത്.
അതിനിടെ, യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിനു ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തി. യുഎഇ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ബോധവല്‍ക്കരണ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കോണ്‍സുലേറ്റ് വെബ്‌സൈറ്റ് സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ആവശ്യപ്പെട്ടു. പ്രതിരോധ മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന നിര്‍ദേശത്തില്‍ വൈദ്യസഹായം ആവശ്യമാണെങ്കില്‍ പ്രാദേശിക ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടാനും ഉപദേശിക്കുന്നു. യുഎഇയില്‍ 34.2 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ടെന്നാണു കണക്കുകള്‍.