അബുദാബി: യുഎഇ ആരോഗ്യമന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് വാക്‌സിൻ പരീക്ഷണത്തിന് വിധേയനായി. യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് വാക്‌സിൻ നൽകിയതുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് മന്ത്രി ആദ്യ ഡോസ് വാക്‌സിൻ കുത്തിവെപ്പെടുത്തത്.

രോഗികളുമായി അടുത്തിടപെഴകുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി അടിയന്തര പരിഗണന നൽകിയാണ് വാക്‌സിൻ നൽകിയതെന്ന് അൽ ഉവൈസ് വ്യക്തമാക്കി. പരീക്ഷണത്തിന്റെ ഇതുവരെയുള്ള വിജയകരമായ ഫലങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും വാക്‌സിൻ സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അബുദാബിയിൽ നടന്നുവരുന്ന മൂന്നാം ഘട്ട വാക്സീൻ പരീക്ഷണത്തിന്റെ ക്ലിനിക്കൽ പരിശോധനകൾ വിജയകരവും ഫലപ്രദവുമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്-19 വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് യുഎഇ കഴിഞ്ഞ ആഴ്ച ആദ്യം അംഗീകാരം നൽകി.

ജൂലായ് 16നാണ് പരീക്ഷണത്തിന്റെ മൂന്നാംഘട്ടം ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനിടയിൽ 125 രാജ്യങ്ങളിൽ നിന്നുള്ള 31,000ത്തിലധികം ആളുകളാണ് വാക്‌സിൻ പരീക്ഷണത്തിന് ഭാഗമായത്.

കഴിഞ്ഞ ദിവസം ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ കോവിഡ് വാക്‌സീൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook