അബുദാബി: കൊറോണ വൈറസ് ഭീഷണിയുടെ സാഹചര്യത്തില്‍ യുഎഇയിലേക്കുള്ള പ്രവേശനം തടഞ്ഞതു രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. എല്ലാ തരത്തിലുള്ള വിസ ഉടമകളെയും പ്രവേശിപ്പിക്കുന്നതു നീട്ടിയതായി വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയമാണ് അറിയിച്ചത്. സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് ഈ മുന്‍കരുതല്‍ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തിനു പുറത്തു കഴിയുന്ന യുഎഇ റെസിഡന്‍സി വിസയുള്ളവര്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ‘ത്വാജുദി ഫോര്‍ റസിഡന്‍സ്’ എന്ന പുതിയ സേവനത്തിനുവേണ്ടി റജിസ്റ്റര്‍ ചെയ്യണം. അടിയന്തര സാഹചര്യത്തില്‍ യുഎഇയിലേക്കു സുരക്ഷിതമായി മടങ്ങിവരുന്നതിനാണ് ഈ സേവനം ലക്ഷ്യമിടുന്നത്.

Also Read: രാജ്യത്ത് 62 മരണം; സംസ്ഥാനങ്ങൾക്ക് 11,092 കോടി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

യുഎഇയില്‍ വൈറസ് ബാധിതരുടെ എണ്ണം 1024 ആയി ഉയര്‍ന്നു. പുതുതായി 210 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. വൈറസ് ബാധിച്ച് എട്ടുപേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. 96 പേര്‍ക്കു രോഗം ഭേദമായി.

അതിനിടെ, ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും മരുന്നുകളുടെയും വില നിയമവിരുദ്ധമായി ഉയര്‍ത്തുകയോ അവശ്യവസ്തുക്കള്‍ പൂഴ്ത്തി വയ്ക്കുകയോ ചെയ്യുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 250,000 മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും.

അബുദാബിയില്‍ പൊതുപരിപാടികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള സ്വകാര്യ പരിപാടികള്‍ക്കുമുള്ള വിലക്ക് അനിശ്ചിമായി നീട്ടി. വൈറസ് പടരുന്നതു തടയാന്‍ തുടക്കത്തില്‍ പരിപാടികള്‍ രണ്ടാഴ്ചത്തേക്കു വിലക്കിയ എമിറേറ്റ്സ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കാനുമാണ് ഉത്തരവിട്ടിരുന്നത്.
ആളുകള്‍ ഒരുമിക്കുന്നതു തടയാന്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളും മാളുകളും സിനിമാശാലകളും അടച്ചിട്ടിരിക്കുകയാണ്.

Also Read: ബിഎസ്എന്‍എല്‍ ഒരുമാസത്തേക്ക് സൗജന്യം; ദിവസേന അഞ്ച് ജിബി ഡേറ്റ

അതിനിടെ, ചില യാത്രാ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുമെന്ന എമിറേറ്റ്‌സിന്റെയും ഇത്തിഹാദ് എയര്‍വെയ്‌സിന്റെയും പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി രംഗത്തെത്തി. യാത്രാനിരോധനത്തെത്തുടര്‍ന്ന് കുടുങ്ങിപ്പോയവരെ ഒഴിപ്പിക്കുന്നതും ചരക്കുകടത്തുമല്ലാത്തതമായ യുഎഇയിലേക്കും പുറത്തേക്കുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു.

ഏപ്രില്‍ ആറ് മുതല്‍ ചില സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചതായി എമിറേറ്റ്‌സ് അറിയിച്ചിരുന്നു. ലണ്ടനിലെ ഹീത്രോ, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, ബ്രസല്‍സ്, സൂറിച്ച് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുകയെന്നാണ് എമിറേറ്റ്‌സ് അറിയിച്ചത്. ലണ്ടനിലേക്ക് ആഴ്ചയില്‍ നാലും മറ്റിടങ്ങളിലേക്കു മൂന്നും വിമാനങ്ങളാണ് ആദ്യ ഘട്ടത്തിലുണ്ടാവുക. യുഎഇയില്‍ കുടുങ്ങിയവരെയാണ് ഈ സര്‍വീസുകളില്‍ കൊണ്ടുപോകുക. അവശ്യവസ്തുക്കളുടെ ഗതാഗതത്തിനായി ഇരു ദിശകളിലേക്കും ചരക്ക് സര്‍വീസുകളും ആരംഭിക്കുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

കുറച്ചുസ്ഥലങ്ങളിലേക്കു പതിവ് സര്‍വീസ് അഞ്ചിന് ആരംഭിക്കുമെന്നാണ് എത്തിഹാദ് എര്‍വെയ്്‌സ് അറിയിച്ചത്. സിയോളിലെ ഇഞ്ചിയോണിലേക്കു സര്‍വീസ് ആരംഭിക്കുന്ന എത്തിഹാദ് തുടര്‍ന്ന് മെല്‍ബണ്‍, സിംഗപ്പൂര്‍, മനില, ബാങ്കോക്ക്, ജക്കാര്‍ത്ത, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലേക്കും പറക്കും. സര്‍ക്കാര്‍ അനുമതിക്കു വിധേയമായിട്ടായിരിക്കും ഈ സ്ഥലങ്ങളിലേക്കുള്ള സര്‍വീസെന്നാണ് എത്തിഹാദ് അറിയിച്ചത്. യുഎഇയില്‍ കുടുങ്ങിയവരെ വിദേശികളെ തിരികെ എത്തിക്കാനായി ഒരാഴ്ചയായി യുഎസ്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കു പ്രത്യേക സര്‍വീസ് എത്തിഹാദ് നടത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook