റിയാദ്: സൗദി അറേബ്യയില്‍ ഈ മാസം അവസാനത്തോടെ ഫൈസര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിത്തുടങ്ങും. വാക്‌സിന്‍ ഇറക്കുമതിക്കും ഉപയോഗത്തിനും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്‌ഡിഎ) അനുമതി നല്‍കി.

അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെകും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനു റജിസ്‌ട്രേഷന്‍ നല്‍കിയതായി എസ്എഫ്‌ഡിഎ അറിയിച്ചു. ഫൈസര്‍ നവംബര്‍ 24 ന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റജിസ്‌ട്രേഷന്‍ നല്‍കിയതെന്ന് സൗദി പ്രസ് ഏജന്‍സി നടത്തിയ പ്രസ്താവനയില്‍ എസ്എഫ്‌ഡിഎ അറിയിച്ചു.

ആഗോള മാനദണ്ഡങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായി വാക്‌സിന്റെ ഇറക്കുമതി നടപടിക്രമങ്ങള്‍ ആരോഗ്യവിഭാഗം ആരംഭിക്കുമെന്നും എസ്എഫ്‌ഡിഎ അറിയിച്ചു.

ഓരോ തവണയും ഇറക്കുമതി സമയത്തും സാമ്പിളുകള്‍ വിശകലനം ചെയ്ത് ഗുണനിലവാരം ഉറപ്പാക്കിയശേഷം മാത്രമാണു വാക്‌സിന്‍ ഉപയോഗിക്കുക. അതേസമയം, എന്നു മുതലാണു വാക്‌സിന്‍ ഉപയോഗത്തില്‍ വരികയെന്നു വ്യക്തമാക്കിയിട്ടില്ല. ആവശ്യകത സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വാക്‌സിന്‍ എത്തുന്ന തീയതിയും വിതരണവും ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്നാണ് എസ്എഫ്‌ഡിഎ അറിയിച്ചിരിക്കുന്നത്.

Also Read: ഫൈസര്‍ കോവിഡ് വാക്സിന് അനുമതി നൽകി ബഹ്‌റൈനും; രണ്ടാമത്തെ രാജ്യം

ഫൈസര്‍ വാക്‌സിന്‍ ഉപയോഗത്തിനു യുകെ, ബഹ്റൈന്‍, കാനഡ എന്നീ രാജ്യങ്ങള്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനു കഴിഞ്ഞ വെള്ളിയാഴ്ചയാണു ബഹ്‌റൈന്‍ അനുമതി നല്‍കിയത്. മുഴുവൻ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. 27 മെഡിക്കല്‍ സെന്ററുകളിലൂടെ വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി ബിഎന്‍എ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാക്‌സിനേഷന്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ചൈനീസ് കമ്പനിയായ സിനോഫാം നിര്‍മിച്ച വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനും ബഹ്‌റൈന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

Also Read:ചൈനയുടെ കോവിഡ് വാക്‌സിന് യുഎഇയിൽ അനുമതി; 86 ശതമാനം ഫലപ്രാപ്തി

വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കാനായി ആഗോള നിയന്ത്രണ ഏജന്‍സികളുടെ അനുമതിക്കായി കാക്കുകയാണു കുവൈത്ത്. ദിവസം 10,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സജ്ജമാണെന്നാണ് കുവൈത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഫൈസര്‍, അസ്ട്രാസെനെക വാക്‌സിന്‍ കമ്പനികളുമായി കുവൈത്ത് കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്. ഫൈസര്‍ വാക്‌സിന്റെ 10 ലക്ഷം ഡോസിനു രണ്ടാഴ്ച മുന്‍പ് കുവൈത്ത് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ വാക്‌സിന്റെ ആദ്യ ബാച്ച് എത്തുമെന്നാണ് കുവൈത്ത് പ്രതീക്ഷിക്കുന്നത്.

Also Read: മഹാമാരിക്കെതിരേ ഇതു മാത്രമേ വഴിയുള്ളൂ’; ചൈനയുടെ കോവിഡ് പരീക്ഷണ വാക്‌സിന്‍ സ്വീകരിച്ച് മലയാളിയും

ഒമാന് ഈ മാസം അവസാനത്തോടെ കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി (ഇഎംഎ), ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, യുഎസ് (എഫ്‌ഡിഎ) എന്നിവയുടെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും ഒമാനിലെ ഉപയോഗം. ഫൈസര്‍ അമേരിക്കന്‍ കമ്പനിയായതിനാല്‍ വാക്‌സിന്‍ ഒമാനില്‍ ഉപയോഗിക്കാന്‍ എഫ്‌ഡിഎയുടെ അനുമതി ആവശ്യമാണ്. ഈ ആഴ്ച അനുമതി ലഭിക്കുമെന്നാണ് ഒമാന്‍ പ്രതീക്ഷിക്കുന്നത്.

ഈ മാസം അവാസനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ കോവിഡ് വാക്‌സിന്‍ ലഭ്യമാവുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ. വാക്‌സിനുകള്‍ക്കായി ഫൈസര്‍, മോഡേണ കമ്പനികളുമായി ഖത്തര്‍ കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്.

Also Read: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്സ‌ിൻ സ്വീകരിച്ചു

ചൈനീസ് വാക്‌സിന്‍ സിനോഫാമിന്റെ വിതരണത്തിനു യുഎഇ കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. വാക്‌സിന്‍ 86 ശതമാനം ഫലപ്രദമാണെന്നാണ് നിര്‍മാതാക്കളായ ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് കമ്പനി (സിഎന്‍ബിജി)യുടെ വിലയിരുത്തല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook