റിയാദ്: ലോകത്താകമാനം പടർന്ന് പിടിച്ച് കൊറോണ വൈറസ് മൂലം സൗദി അറേബ്യയിൽ മരിച്ചവരിൽ 31 ഇന്ത്യക്കാരും. എട്ട് മലയാളികളടക്കം സൗദിയില്‍ കോവിഡ്-19 ബാധിച്ച് 31 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ മാസം എട്ടുവരെ എംബസിക്ക് ലഭിച്ച കണക്കുകളെ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോർട്ടിലാണ് മരണസംഖ്യ വ്യക്തമാക്കുന്നത്.

എന്നാൽ നാല് മലയാളികളുടെ മരണം കോവിഡ് 19 ബാധിച്ചാണെന്ന് ആശുപത്രി രേഖകൾ പറയുന്നു. അങ്ങനെയെങ്കിൽ മരിച്ച മലയാളികളുടെ എണ്ണം 12 ആകും. മേയ് 8 വരെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച ഔദ്യോഗികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എംബസി പട്ടിക തയ്യാറാക്കിയത്.

Also Read: ദുബായില്‍ മാളുകളും ഓഫീസുകളും തുറക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍

സൗദിയിൽ മരിച്ച മലയാളികൾ: മലപ്പുറം തെന്നല വെസ്​റ്റ്​ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്​ലിയാർ (57), മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46), കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29), മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59) മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41​), പുനലൂർ സ്വദേശി വിജയകുമാരന്‍ നായര്‍ (51), ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51)

ദമാം: മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുദേവന്‍ (52), എറണാകുളം മുളന്തുരുത്തി പെരുപള്ളി സ്വദേശി ഈരക്കാമയിൽ ബെന്നി (53), തൃശൂർ, കുന്നംകുളം കടവൂർ സ്വദേശി പട്ടിയാംമ്പുള്ളി ബാലൻ ഭാസി (60).

Also Read: കോവിഡ്: സൗദിയിൽനിന്ന് ആശ്വാസവും ആത്മവിശ്വാസവും പകരുന്ന വാർത്തകൾ

സൗദിയിൽ മരിച്ച ഇന്ത്യക്കാരിൽ ഏറ്റവും അധികം പേരും മലയാളികളാണ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള ആറ് പേർക്ക് വീതവും തെലങ്കാന, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളായ നാല് പേർക്ക് വീതവും പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കും കോവിഡ്-19 ബാധിച്ച് സൗദിയിൽ ജീവൻ നഷ്ടമായി.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. 4,336,895 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ് (292,369). ഇതുവരെ 1,596,521 ആളുകള്‍ രോഗമുക്തി നേടി. കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,489 പേർ മരിച്ചപ്പോള്‍ 22,239 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇതുവരെ 83,368 പേരാണ് അമേരിക്കയില്‍ മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook