റിയാദ്: ഇന്ത്യയടക്കം കൊറോണ ഭീഷണി നിലനില്‍ക്കുന്ന വിവിധ രാജ്യങ്ങളിലേക്കു സൗദി അറേബ്യ താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയ്ക്കു പുറമെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, സ്വിസ് കോണ്‍ഫെഡറേഷന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, സുഡാന്‍, സൗത്ത് സുഡാന്‍, എത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സോമാലിയ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാണു വിലക്ക്. സൗദി അറേബ്യയിലേക്കു വരുന്നതിനു 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കും വിലക്ക് ബാധകമാണ്.

ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍ക്കും സൗദി ഇഖാമയുള്ളവര്‍ക്കും മടങ്ങാന്‍ 72 മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്. സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ളവരെ വിലക്കില്‍നിന്ന് ഒഴിവാക്കി.

Read Also: കൊറോണപ്പനിയില്‍ വിറച്ച് ടൂറിസം മേഖലയും; ബുക്കിങ്ങുകള്‍ റദ്ദായി തുടങ്ങി

അതിനിടെ, സൗദിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 45 ആയി ഉയർന്നു. പുതുതായി 24 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇറാഖിൽനിന്നു തിരിച്ചെത്തിയ രണ്ടുപേർ, ഇറാനിൽനിന്നു തിരിച്ചെത്തിയ ആളുമായി സമ്പർക്കം പുലർത്തിയ പന്ത്രണ്ടുകാരി, ഈജിപ്ത് സ്വദേശികളായ 21 പേർ എന്നിവർക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

വൈറസ് പടരുന്ന സാഹചര്യത്തിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും ആവശ്യമായ മുൻകരുതൽ എടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പനി ഉൾപ്പെടെയുളള രോഗലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിച്ചശേഷമാണ് രോഗികളെയും കൂടെ വരുന്നവരെയും ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കുന്നത്.

ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണം കണ്ടാൽ കൂടുതൽ പരിശോധന നടത്തുന്നതിനായി പ്രത്യേക വാർഡ്ണ്ട് സജ്ജമാക്കിയിട്ടുണ്ട്. അണുവിമുക്തമാക്കാനുള്ള ജെല്ലുകൾ, ഫേസ് മാസ്ക് എന്നിവ ആവശ്യക്കാർക്ക് നൽകുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook