Latest News

Explained: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽനിന്ന് ഇന്ത്യ 654 പേരെ ഒഴിപ്പിച്ചതെങ്ങനെ ?

കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രത്തിൽനിന്ന് 650 ഓളം പേരെ ഒഴിപ്പിക്കാൻ ഇന്ത്യയ്ക്ക് എന്തെല്ലാം ചെയ്യേണ്ടിവന്നു? ഇന്ത്യയുടെ ഈ ഉദ്യമത്തിൽ പ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥരോട് ഇന്ത്യൻ എക്സ്പ്രസ് സംസാരിക്കുകയുണ്ടായി

noverl coronavirus, നോവൽ കൊറോണ വൈറസ്, coronavirus in kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in china, കൊറോണ വൈറസ് ചെെനയിൽ, wuhan, വുഹാൻ, coronavirus latest update, കൊറോണ വൈറസ് പുതിയ വിവരങ്ങൾ, coronavirus symptoms, കൊറോണ വൈറസ് ലക്ഷണങ്ങൾ, coronavirus treatment, കൊറോണ വൈറസ് ചികിത്സ, coronavirus news,കൊറോണ വൈറസ് വാർത്തകൾ, ie malayalam, ഐഇ മലയാളം

നോവൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽനിന്ന് 654 പേരെയാണ് കഴിഞ്ഞ വാരാന്ത്യത്തിൽ എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങളിലായി ഇന്ത്യ നാട്ടിലെത്തിച്ചത്.  647 ഇന്ത്യക്കാരെയും ഏഴ് മാലിദ്വീപ് പൗരനന്മാരെയുമാണ് 96 മണിക്കൂർ നീണ്ട സങ്കീർണമായ ഓപ്പറേഷനിലൂടെ തിരിച്ചെത്തിച്ചത്. ചൈനയിലെ പല തലങ്ങളിലുള്ള ഉദ്യോഗസ്ഥരുമായി ഇടപെട്ടായിരുന്നു ഇന്ത്യയുടെ ദൗത്യം. പ്രകടമായ ആരോഗ്യ അപകടസാധ്യതയ്ക്കു പുറമെ, നിരവധി ലോജിസ്റ്റിക്-നയതന്ത്ര സങ്കീർണതകളും ഇതിനായി മറികടക്കേണ്ടിയിരുന്നു

ജനുവരി 2-3 തിയതികളിലാണ് വൈറസ് ബാധയുടെ ആദ്യ റിപ്പോർട്ടുകൾ ബീജിങ്ങിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുന്നത്. ചൈനീസ് മാധ്യമങ്ങളിൽ ദേശീയ വാർത്തയായി ജനുവരി 20ന് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴാണ് വൈറസ് ബാധയുടെ അപകടം യാഥാർഥത്തിൽ എംബസിക്ക് വ്യക്തമായത്.

571 പേർക്കു രോഗം ബാധിച്ചതായും 17 മരണങ്ങളും ജനുവരി 22 ന് സ്ഥിരീകരിച്ചതോടെ, വിഷയം ഹുബെ പ്രവിശ്യയിലെ ഇന്ത്യക്കാരെ ബാധിച്ചേക്കാമെന്നും നമുക്ക് തയാറെടുപ്പ് ആരംഭിക്കാമെന്നും ചൈനയിലെ ഇന്ത്യന്‍ അംബാസഡർ വിക്രം മിശ്ര തന്റെ ടീമിനോട് പറഞ്ഞു. അടുത്ത ദിവസം, റിപ്പബ്ലിക് ദിനം ആഘോഷിച്ച എംബസി ചടങ്ങിൽ ന്യൂ ഡൽഹിയിലെ മുൻ ചൈനീസ് അംബാസഡറായിരുന്ന ഉപ-വിദേശകാര്യ മന്ത്രി ലുവോ ഷാവോയിയും മറ്റ് ചൈനീസ് വിശിഷ്ടാതിഥികളും പങ്കെടുത്തു. വിഷയത്തിൽ ആശങ്ക പങ്കുവയക്കുന്ന ചില സംഭാഷണങ്ങൾ ചടങ്ങിൽ നടന്നതായി സന്നിഹിതരായവരിൽ ചിലർ പറഞ്ഞു.

ഇന്ത്യയിലേക്കുള്ള ഒഴിപ്പിക്കൽ ശ്രമത്തിനുള്ള പ്രധാന വെല്ലുവിളി ഹുബെയിൽ എത്ര ഇന്ത്യക്കാർ ഉണ്ട്, അവർ എവിടെയെല്ലാമാണ് എന്ന് മനസിലാക്കുകയായിരുന്നു. ഏകദേശം 50 ദശലക്ഷം ആളുകൾ ഈ പ്രവിശ്യയിൽ താമസിക്കുന്നുണ്ട്. ചൈനയിലെ ഇന്ത്യക്കാർക്ക് എംബസിയിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ പരസ്യപ്പെടുത്തി. ചൈനയിൽ ഫേസ്ബുക്കും ട്വിറ്ററും വിലക്കിയിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ പരിമിതികളുണ്ടായിരുന്നു. ചില യുവ നയതന്ത്രജ്ഞർ ഹുബെയിലെ ഇന്ത്യക്കാരുമായി ബന്ധപ്പെടാനായി ജനപ്രിയ ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ‘വീചാറ്റ്’ ഉപയോഗിച്ചു. ഒരു വീചാറ്റ് ഗ്രൂപ്പിൽ, “സഹായം എത്തിക്കൊണ്ടിരിക്കുകയാണെന്ന്” എംബസി ഉറപ്പുനൽകി.

അവിടെത്തെ ഇന്ത്യക്കാരിൽ കൂടുതലും ചെറുപ്പക്കാരാണ്. ഇവരിൽ ചിലര്‍ ആശ്ചര്യപ്പെടുകയും ക്ഷോഭിക്കുകയും ചെയ്തു. “ഭക്ഷണം, വെള്ളം, മരുന്നുകൾ, അവരുടെ പൊതുവായ ക്ഷേമം എന്നിവയെ കുറിച്ച് ചോദിക്കുന്നതിനുപുറമെ അവർക്ക് മാനസിക പിന്തുണയും നൽകുക എന്നതായിരുന്നു ഉദ്ദേശ്യം,” ഒരു ഇന്ത്യൻ നയതന്ത്രജ്ഞൻ പറഞ്ഞു.

Read Also: കൊറോണ: മരണസംഖ്യ 500 കടന്നു, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം

ജനുവരി 26 ഓടെ വൈറസ് ബാധിതരുടെ എണ്ണം ആഗോളതലത്തിൽ 2,000 കടന്നതായി സ്ഥിരീകരിച്ചു. രോഗത്തെക്കുറിച്ച് മുൻകൂട്ടി അറിയുന്നത് പ്രയാസകരമായിരുന്നു. എംബസിയിലും ന്യൂഡൽഹിയിലും നിരവധി തവണ ആലോചനകള്‍ നടന്നശേഷം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള അവസാന തീരുമാനമെടുത്തു. ഹ്യൂബെയിലെ ഇന്ത്യക്കാരെ കണ്ടുപിടിക്കാനാവശ്യമായ വിവരങ്ങൾ അപ്പോഴേക്കും എംബസിയിലെ കൺട്രോൾ റൂം ശേഖരിച്ചു. ഹുബെയിൽ 750-ഓളം ഇന്ത്യക്കാരുണ്ടെന്ന് എംബസി മനസിലാക്കി. അവരിൽ പകുതിയും വുഹാനിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും താമസിക്കുന്നവരായിരുന്നു. ബാക്കിയുള്ളവർ വുഹാൻ വിമാനത്താവളത്തിൽനിന്ന് 450-500 കിലോമീറ്റർ അകലെയായിരുന്നു.

വിമാനത്താവളത്തിലേക്ക്

ആളുകളുടെ സഞ്ചാരത്തിനും ഗതാഗതത്തിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് വൈറസ് ബാധിത പ്രദേശം ഒറ്റപ്പെടുത്തിയിരിക്കുകയായിരുന്നു.  ആളുകളെ വിമാനത്താവളത്തിലേക്ക് എങ്ങനെ എത്തിക്കുമെന്നതായിരുന്നു ഉദ്യോഗസ്ഥരുടെ മുമ്പിലുള്ള പ്രധാന ചോദ്യം. നിയന്ത്രണങ്ങളുള്ളതിനാൽ ആളുകൾ വുഹാൻ നഗരത്തിലെ പ്രത്യേക സ്ഥലത്ത് ഒത്തുചേരുമെന്നോ സ്വന്തമായി വിമാനത്താവളത്തിലെത്തുമെന്നോ പ്രതീക്ഷിക്കാനാവില്ലായിരുന്നു. പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇന്ത്യക്കാരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാൻ പ്രത്യേക അനുമതി ആവശ്യമാണെന്ന് എംബസി സമീപിച്ച സ്വകാര്യ ഗതാഗത കമ്പനികളും വ്യക്തമാക്കി.

ചൈനയുടെ സഹകരണം

ആവശ്യമായ അനുമതികള്‍ നേടുന്നത് പ്രധാന വെല്ലുവിളിയായായിരുന്നു. ഒഴിപ്പിക്കലിന് ചൈനീസ് അധികാരികൾ തുടക്കത്തിൽ താല്പര്യം കാണിച്ചിരുന്നില്ല. അനുമതി ലഭിക്കാൻ മിസ്രിയും ഡെപ്യൂട്ടി ചീഫ് മിഷൻ അക്വിനോ വിമലും ശ്രമിച്ചപ്പോഴും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അതിനാൽ ഒഴിപ്പിക്കേണ്ടതില്ലെന്നുമാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ ജനുവരി 28 ന് സൂചന നൽകിയത്. ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൺ വീഡോങ് “മറ്റു രാജ്യക്കാരെ ഒഴിപ്പിക്കാൻ ലോകാരോഗ്യസംഘടന ശിപാർശ ചെയ്യുന്നില്ല” എന്ന് ട്വിറ്ററിൽ കുറിച്ചുകൊണ്ട് അന്താരാഷ്ട സമൂഹത്തോട് പരിഭ്രാന്തരാകാതിരിക്കാൻ അഭ്യർഥിച്ചു.

അതേസമയം, ഇന്ത്യയിൽ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും അദ്ദേഹത്തിന്റെ പിൻഗാമിയായ ഹർഷ് വർധൻ ശ്രിംഗ്ലയും വ്യോമയാന മന്ത്രാലയം, എയർ ഇന്ത്യ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പോലുള്ള ഏജൻസികളും കരസേനയുമായും ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ട് വിമാനങ്ങള്‍ സജ്ജമാക്കാനും അറിയിപ്പ് കിട്ടിയാലുടന്‍ ഡോക്ടർമാരുമായി പറക്കാന്‍ തയാറാകാനും എയർ ഇന്ത്യയോട് നിർദേശിച്ചിരുന്നു.

Read Also: പത്ത് ദിവസത്തിൽ 1600 കിടക്കകളുള്ള ആശുപത്രികൾ; കൊറോണക്കെതിരായ ചൈനയുടെ യുദ്ധം ഇങ്ങനെ

ഷ്രിംഗ്ല ചുമതലയേറ്റ ജനുവരി 29ന് രാവിലെ ചൈനീസ് സർക്കാർ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ തത്വത്തിൽ അനുമതി നൽകി. അനുമതികള്‍  ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും കൈമാറിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് അപ്പോഴും പ്രധാനമായിരുന്നു.

“ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇത് അവിടെത്തെ പ്രവിശ്യാ അധികാരികളെ അറിയിക്കുകയും, അവർ നഗര അധികാരികളോടും സർവകലാശാലകളോടും സ്വകാര്യ ഗതാഗത കമ്പനികളോടും പ്രത്യേകം അറിയിക്കുകയും വേണമായിരുന്നു. ഈ സങ്കീർണവും അധികാര ശ്രേണിപരവും എന്നാൽ അതീവ നിർണായകവുമായ നടപടികൾ മുഴുവൻ ദൗത്യത്തിന്റെയും വിജയത്തിൽ പ്രധാനമായി,” നടപടികളുടെ ഈ ശൃംഖലയെപ്പറ്റി വിശദീകരിക്കവെ ഒരു ഇന്ത്യൻ നയതന്ത്രജ്ഞർ പറഞ്ഞു.

അന്തിമ തയാറെടുപ്പുകൾ

രണ്ട് ബാച്ചുകളിലായി എയർലിഫ്റ്റ് ചൈന അംഗീകരിച്ചു, പക്ഷേ പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ആരെയും പോകാൻ അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കി. വുഹാൻ നഗരത്തിലും പരിസരത്തും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തവരായിരുന്നു ഒഴിപ്പിക്കപ്പെട്ടവരുടെ ആദ്യ ബാച്ച്. 40 ഇടങ്ങളിൽനിന്ന് ആളുകളെ വുഹാൻ വിമാനത്താവളത്തിലേക്ക് കൊണ്ടുവരാൻ 18-20 വാഹനങ്ങൾ സജ്ജമാക്കിയിരുന്നു.

ചൈനീസ് പുതുവത്സര ആഘോഷത്തിനായി അവധിയിൽ പ്രവേശിച്ച ചൈനീസ് ഉദ്യോഗസ്ഥരോട് എംബസി കൺട്രോൾ റൂമിലെ ഇന്ത്യൻ സഹപ്രവർത്തകരെ സഹായിക്കാനായി വീട്ടിൽനിന്ന് ജോലി ചെയ്യാൻ ആസൂത്രണത്തിന്റെ അവസാന മണിക്കൂറുകളിൽ ആവശ്യപ്പെട്ടു. ഓരോ വാഹനത്തിലും ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെയും ഒരു ചൈനീസ് ഉദ്യോഗസ്ഥനെയും നിയോഗിച്ചു. “ചൈനീസ് സംസാരിക്കുന്ന ജീവനക്കാരെ വാഹനങ്ങളുടെ ഡ്രൈവർമാരുമായി ഫോൺ ലൈനിൽ ബന്ധപ്പെടേണ്ടത് പ്രധാനമായിരുന്നു,”  ദൗത്യത്തിൽ ഉള്‍പ്പെട്ട ഒരു നയതന്ത്രജ്ഞൻ പറഞ്ഞു.

നാൽപ്പതോളം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും എംബസിയിലെ ചൈനീസ് ജീവനക്കാരും 96 മണിക്കൂർ നിർത്താതെ പ്രവർത്തിച്ചു. നീണ്ട ഈ യജ്ഞത്തിനിടെ ഒരു യുവ നയതന്ത്രജ്ഞ തന്റെ മുപ്പതാം ജന്മദിനം, കൺട്രോൾ റൂമിൽ കേക്കുമുറിച്ച് ആഘോഷിക്കുക പോലുമുണ്ടായി.

സ്വന്തം നാട്ടിലേക്ക്

ജനുവരി 31 ന് ഉച്ചകഴിഞ്ഞ് 3.30 നാണ് ആദ്യത്തെ എയർലിഫ്റ്റിന് ഔദ്യോഗിക അനുമതി ലഭിച്ചത്. എയർ ഇന്ത്യ വിമാനം രാത്രി എട്ടിന് വുഹാനിൽ വന്നിറങ്ങി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയോട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ സംസാരിച്ചു. 324 ഇന്ത്യൻ യാത്രക്കാരുള്ള വിമാനം ഫെബ്രുവരി ഒന്നിന് പുലർച്ചെ നാലിന് വുഹാനിൽനിന്ന് പുറപ്പെട്ടു.
രണ്ടാമത്തെ ബാച്ചിനെ പ്രവിശ്യയിലെ 15 സ്ഥലങ്ങളിൽനിന്ന് 12 വാഹനങ്ങളിലായി എത്തിച്ചു. വിമാനത്താവളത്തിലേക്ക് നീങ്ങുമ്പോള്‍ രണ്ടുപേരുടെ ടീമുകള്‍ വാഹനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തി.

“ഗ്രാമപ്രദേശങ്ങളിലെ ചില സ്ഥലങ്ങളിൽ ആളുകളടെ സഞ്ചാരവും വാഹന ഗതാഗതവും തടയാൻ പ്രദേശവാസികൾ റോഡുകൾ കുഴിച്ച്  തടസങ്ങൾ സൃഷ്ടിച്ചിരുന്നു. കൺട്രോൾ റൂമിലെ മാപ്പിൽ ഞങ്ങൾ ബസുകൾ ട്രാക്ക് ചെയ്യുകയായിരുന്നു. ഇത് മാനത്താവളത്തിലേക്ക് ബദൽ മാർഗങ്ങൾ കണ്ടെത്താൻ ഡ്രൈവർമാരെ സഹായിച്ചു,” ഒരു നയതന്ത്രജ്ഞൻ പറഞ്ഞു.

Read Also:കൊറോണയെ നേരിടാം ഒറ്റക്കെട്ടായി; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

ടീമിലെ അംഗങ്ങളായ രണ്ടാം സെക്രട്ടറി ദീപക് പദ്മകുമാറും എംബസി ഉദ്യോഗസ്ഥൻ എം ബാലകൃഷ്ണനും അവസാന നിമിഷ തടസങ്ങള്‍ ഒന്നും ഇല്ലായെന്ന് ഉറപ്പ് വരുത്താന്‍  ബീജിങ്ങില്‍നിന്ന് വുഹാനിലേക്കു പറന്നു. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടാമത്തെ വിമാനത്തിന് ഔദ്യോഗിക അനുമതി ലഭിച്ചു. രണ്ടിന് രാവിലെ ആറിന് വിമാനം 323 ഇന്ത്യക്കാരും ഏഴ് മാലിദ്വീപ് പൗരന്മാരുമായി പുറപ്പെട്ടു.

ഓരോ ഒഴിപ്പിക്കൽ സാഹചര്യങ്ങൾക്കും വ്യത്യസ്ത വെല്ലുവിളികളാണുള്ളതെങ്കിലും ഈ ഉദ്യമത്തില്‍നിന്ന് ഉള്‍കൊണ്ട പാഠങ്ങള്‍ സംബന്ധിച്ച റിപ്പോർട്ട് ബീജിങ്ങിലെ ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിനു വേണ്ടി തയാറാക്കുകയാണ്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Coronavirus outbreak china wuhan indian evacuation

Next Story
ഷാര്‍ജ തീരത്ത് എണ്ണ ടാങ്കറിനു തീപിടിച്ച സംഭവം: മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞുUAE, യുഎഇ, UAE Oil tanker fire, യുഎഇയിൽ എണ്ണ ടാങ്കറിന് തീപിടിച്ചു, Oil tanker fire in Sharjah, ഷാർജയിൽ എണ്ണ ടാങ്കറിന് തീപിടിച്ചു,  Four people killed in an oil tanker fire, എണ്ണ ടാങ്കറിന് തീപിടിച്ച് നാലുപേർ മരിച്ചു, Two Indians killed in an oil tanker fire, ഷാർജയിൽ എണ്ണ ടാങ്കറിന് തീപിടിച്ച് മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും, India, ഇന്ത്യ, Gulf news, ഗൾഫ് വാർത്തകൾ, Malayalam news, മലയാളം വാർത്തകൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express