റിയാദ്: സൗദി അറേബ്യയിൽ കോവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഇയാൾ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അഞ്ച് ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്ന വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ മദീനയിലും കോവിഡ്-19 ബാധിതനായ ഒരു മലയാളി മരിച്ചിരുന്നു.

അതേസമയം സൗദി അറേബ്യയിലെ കൊറോണ രോഗബാധിതരുടെ എണ്ണം കൂടി വരുകയാണ്.ഇന്ന് മാത്രം 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2370 ആയി ഉയർന്നു. ഇതിൽ ചികിത്സയിൽ ഉണ്ടായിരുന്ന 29 പേർ മരണപെടുകയും 420 പേർ അസുഖം പൂർണമായും സുഖപ്പെടുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

തലസ്ഥാന നഗരിയായ റിയാദിൽ മാത്രം 710 കോവിഡ് രോഗികളുണ്ട്. മക്ക (465), മദീന (238),ജിദ്ദ (339), ദമ്മാം (143), ഖത്തീഫ് (136),ഹുഫൂഫ് (44), ഖോബാർ (39), ദഹ്റാൻ (36), തബൂക് (32), ഖമീസ് മുശൈത്ത് (17), നജ്‌റാൻ (17), അബഹ (16), ബീഷ (15) ബുറൈദ (15),ഖഫ്ജി (14), അൽ ബഹ (14),ഖഫ്ജി (14), രാസ്തനൂറാ (05), അൽറാസ് (04), മഹായിൽ അസീർ (03), മബ്രസ് (02), ജുബൈൽ (02), അറാർ (2), സൈഹാത് (02), അഹദ് റഫീദ, അൽബദാ, ദാവാദ്മി, ഖുൻഫുദ, മജ്മാഹ്, അൽ വജാഹ്, ദരഹിയ്യ, ദുബാ,ഹഫർ അൽ ബാത്തിൻ,അൽ നൈരിയ,സ്വാമത്, യാമ്പു എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ് രോഗികളുടെ മേഖല തിരിച്ചുള്ള കണക്കുകൾ.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ മക്ക, മദീന നഗരങ്ങൾ പൂർണ്ണമായും ലോക് ഡൗണാണ്.സൗദി അറേബ്യയുടെ വാണിജ്യ നഗരമായ ജിദ്ദയിലെ പ്രധാന തെരുവുകളിൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.തലസ്ഥാനത്ത് വൈകീട്ട് മൂന്ന് മണിമുതൽ രാവിലെ ആറു മാണി വരെയാണ് കർഫ്യൂ.അനധികൃത താമസക്കാർ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് പരിശോധനയും ചികിത്സയും പൂർണ്ണമായും സൗജന്യമാണ്.രോഗ ലക്ഷണങ്ങൾ കണ്ടാൽ വിളിക്കുന്നതിനായി രാജ്യത്ത് 937 നമ്പറിൽ പ്രത്യേക കാൾ സെന്റർ പ്രവർത്തിക്കുന്നുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook