ദുബായ്: കോവിഡ് -19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്ന പ്രവാസികൾക്കായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. എംബസികളുടെയും കോൺസുലേറ്റുകളുടെയും ഔദ്യോഗിക വെബ് സൈറ്റുകൾ വഴി പ്രവാസികൾക്ക് രജിസ്ട്രർ ചെയ്യാം. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക റൂട്ട്സ് വഴിയും രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ഇതിന് പുറമെയാണ് എംബസികൾ വഴിയുള്ള രജിസ്ട്രേഷൻ. യുഎഇ, സൗദി എംബസികൾ ബുധനാഴ്ച മുതൽ രജിസ്ട്രേഷനായുള്ള ഫോമുകൾ വെബ്സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

വിവര ശേഖരണം ആരംഭിച്ചെങ്കിലും രാജ്യത്തേക്ക് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള തീരുമാനം ഒന്നും വന്നിട്ടില്ലെന്ന് എംബസികളുടെയും കോൺസുലേറ്റുകളുടെയും വെബ് സൈറ്റുകളിൽ പറയുന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും എംബസികൾ വ്യക്തമാക്കി.

Read More: കോവിഡ്-19: മടങ്ങുന്ന പ്രവാസികളെ കൃഷിയിലേക്ക് ആകര്‍ഷിക്കും; മേഖലയ്ക്ക് 3000 കോടി രൂപ

യുഎഇയിൽ ദുബായ് കോൺസുലേറ്റിന്റെ വെബ്സൈറ്റിൽ (cgidubai.gov.in) പ്രവാസികൾക്കുള്ള രജിസ്ട്രേഷൻ ഫോം ലഭ്യമാണ്. എന്നാൽ അബുദബിയിലെ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ ഫോം ലഭ്യമായിട്ടില്ല. സൗദിയിലെ ഇന്ത്യൻ എംബസിയും (eoiriyadh.gov.in) രജിസ്ട്രേഷൻ ഫോം ലഭ്യമാക്കിയിട്ടുണ്ട്. പേര് പാസ്പോർട്ട് നമ്പർ അടക്കമുള്ള പ്രാഥമിക വിവരങ്ങൾക്കൊപ്പം ഇന്ത്യയിലേക്ക് മടങ്ങാനുള്ള കാരണവും ഫോമുകളിൽ വ്യക്തമാക്കണം.

ഇന്ത്യയിലേക്കുള്ള യാത്രാ വിമാനങ്ങൾ എന്ന് പുനരാരംഭിക്കും എന്ന കാര്യത്തിൽ തീരുമാനമൊന്നും വന്നിട്ടില്ലെന്ന് ദുബൈയിലെയും റിയാദിലെയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ വ്യക്തമാക്കി. പ്രവാസി കുടുംബങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്ന ഓരോ അംഗങ്ങളും പ്രത്യേകം ഫോമുകളിൽ പേര് ചേർക്കണം. കമ്പനികളിൽ ഓരോ ജീവനക്കാർക്കും പ്രത്യേകം രജിസ്ട്രർ ഫോമുകളാണ്. പ്രവാസികളെ തീരിച്ചെത്തിക്കുന്നതിലും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിലും കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ വെബ്സൈറ്റിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അറിയിക്കുമെന്നും റിയാദിലെയും ദുബായിലേയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ വ്യക്തമാക്കി.

പ്രവാസികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറും

നാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്ന പ്രവാസി മലയാളികൾക്കായി നോർക്ക ആരംഭിച്ച രജിസ്ട്രേഷൻ സംവിധാനത്തിൽ 201 രാജ്യങ്ങളിൽ നിന്നുള്ള 3,53,468 പേർ ഇതുവരെ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. രജിസ്റ്റർ ചെയ്തവരുടെ പട്ടിക മുൻഗണനാ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നുണ്ട്.

Read More: നാട്ടിലേക്കുള്ള മടങ്ങി വരവ്: പ്രവാസികൾ അറിയേണ്ടതെല്ലാം

നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ മുൻഗണനാ പട്ടിക കേന്ദ്ര സർക്കാരിനും അതത് രാജ്യങ്ങളിലെ എംബസികൾക്കും കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിലൂടെ മുൻഗണന അനുസരിച്ച് ആളുകളെ കൊണ്ടുവരുന്നതിനുള്ള പദ്ധതി കേന്ദ്ര സർക്കാരിന് തയ്യാറാക്കാൻ സാധിക്കും. ലിസ്റ്റ് മുഴുവൻ കേന്ദ്രസർക്കാരിന് കൈമാറാനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതര സംസ്ഥാനങ്ങളിലെ മലയാളികൾ; തിരിച്ചെത്തിക്കുക മുൻഗണനാ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളെ തിരിച്ചെത്തിക്കുക മുൻഗണനാ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കായി നോർക്കയുടെ വെബ്സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിരുന്നു. ബുധനാഴ്ച ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിൽ ഇന്നു വരെ 94483 പേർ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 30576 പേർ കർണാടകയിൽ കഴിയുന്ന മലയാളികളാണ്. തമിഴ്നാട്ടിൽ കഴിയുന്ന 29189 പേരും മഹാരാഷ്ട്രയിൽ കഴിയുന്ന 13113 പേരും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു.

Read More: ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികൾക്ക് തിരിച്ചുവരാം; നോർക്ക രജിസ്‌ട്രേഷൻ ഇന്നുമുതൽ

കേരളത്തിൽ നിന്ന് താൽക്കാലികമായി ഇതര സംസ്ഥാനങ്ങളിലേക്ക് പോവുകയും ലോക്ക്ഡൗണിനെത്തുടർന്ന് അവിടെ അകപ്പെടുകയും ചെയ്തവരെ തിരിച്ചെത്തിക്കുന്നതിന് മുൻഗണന നൽകും. ഗർഭിണികൾ, വിദ്യാർത്ഥികൾ, പ്രായമായവർ തുടങ്ങിയവർക്കും മുൻഗണന നൽകും. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ വീടുകളുള്ളവരും സ്ഥിര താമസം നടത്തുന്നവരും നാട്ടിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ പുനഃപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളിൽ സ്ഥിര താമസ സൗകര്യമുള്ളവർ ബന്ധുക്കളെ കാണുന്നതിനുള്ള അവസരമായി കണ്ട് നാട്ടിലേക്ക് വരേണ്ടതുണ്ടോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook