ദുബായ്: കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ പ്രവാസികളെ തിരിച്ചെത്തിക്കാൻ നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കെ സമാന നടപടികളുമായി യുഎഇയിലെ ഇന്ത്യൻ എംബിസിയും. കേന്ദ്രസർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷം പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.

കേന്ദ്ര സർക്കാരിൽ നിന്നുള്ള ഉത്തരവ് ലഭിച്ചാലുടൻ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള ഇ- രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് വിപുൽ ഖലീജ് ടൈംസിനോട് പറഞ്ഞു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം കോൺസുലേറ്റ് ലഭ്യമാക്കുമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്താൽ നടപടികൾ ആരംഭിക്കുമെന്നും വിപുൽ പറഞ്ഞു.

Read More: നാട്ടിലേക്കുള്ള മടങ്ങി വരവ്: പ്രവാസികൾ അറിയേണ്ടതെല്ലാം

പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണെന്നാണ് കേരള  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണുന്നതിനിടെ പറഞ്ഞത്. എന്നാൽ, എപ്പോഴാണ് പ്രവാസികൾക്ക് നാട്ടിലെത്താനാവുക എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

nri,പ്രവാസി, nri return, പ്രവാസികളുടെ തിരിച്ചു വരവ്, norka,നോർക്ക, quarantine,ക്വാറന്റൈൻ, dubai, ദുബൈ, moe, external affairs, ministry, വിദേശ കാര്യ മന്ത്രാലയം, uae,യുഎഇ, consulate,കോൺസുലേറ്റ്, navy, നാവിക സേന, air india, എയർ ഇന്ത്യ baggage, ബാഗേജ്, observation,നിരീക്ഷണം, airport, വിമാനത്താവളം, port, തുറമുഖം, ship,കപ്പൽ, kerala, കേരളം, pinarayi vijayan, പിണറായി വിജയൻ,covid,കോവിഡ്, covid-19,കോവിഡ്-19, corona, coronavirus,കൊറോണ വൈറസ്, ie malayalam,ഐഇ മലയാളം

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന സെക്രട്ടറിതല സമിതി യോഗം

നിലവിൽ കേരളത്തിലേക്ക് തിരിച്ചു വരാനുള്ള പ്രവാസികൾ നോർക്ക വഴി രജിസ്ട്രർ ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മൂന്നു ലക്ഷത്തിലധികം പ്രവാസികൾ സംസ്ഥാനത്ത് തിരിച്ചെത്തിക്കാനാവശ്യപ്പെട്ട്  നോർക്ക വെബ് സൈറ്റിൽ രജിസ്ട്രർ ചെയ്തിട്ടുണ്ട്. എന്നാൽ കോൺസുൽ ജനറൽ വിപുൽ പറയുന്നത് പ്രകാരമാണെങ്കിൽ നോർക്കയ്ക്ക് പുറമേ എംബസിയുടെ ഇ-രജിസ്ട്രേഷനും യുഎഇയിലെ പ്രവാസികൾ പൂർത്തിയാക്കേണ്ടി വരും.

യുഎഇക്ക് പുറമേ മറ്റ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി ഇ-രജിസ്ട്രേഷൻ ആരംഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

സംസ്ഥാനത്തേക്ക് തിരിച്ചുവരുന്നതിനായി രജിസ്ട്രർ ചെയ്തത് 3.2 ലക്ഷത്തിലധികം പ്രവാസികൾ

സംസ്ഥാനത്തേക്ക് തിരിച്ചുവരുന്നതിനായി 3.2 ലക്ഷത്തിലധികം പ്രവാസികളാണ് ഇതിനകം നോർക്ക വെബ് സൈറ്റിൽ രജസിട്രർ ചെയ്തതത് . ഇതിൽ 56114 പേർ തൊഴിൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് നാട്ടിലേക്ക് വരുന്നതിനായി രജിസ്ട്രർ ചെയ്തവരാണ്. 23975 പേരാണ് വിസാ കാലാവധി കഴിഞ്ഞതിനെത്തുടർന്നോ വിസ റദ്ദാക്കപ്പെട്ടതിനെത്തുടർന്നോ നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നത്.

Read More: നാട്ടിലേക്കുള്ള മടങ്ങി വരവ്: പ്രവാസികൾ അറിയേണ്ടതെല്ലാം

സന്ദർശക വിസയിൽ യാത്ര ചെയ്ത 41,236 പേരും സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനായി രജിസ്ട്രർ ചെയ്തു. കുട്ടികളും 9515 ഗർഭിണികളും സംസ്ഥാനത്തേക്ക് തിരിച്ചുവരാൻ രജിസ്ട്രർ ചെയ്തു. വാർഷികാവധി കാരണം നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർ 58823 പേരും സന്ദർശന വിസ കാലാവധി കഴിഞ്ഞവർ 41236 പേരുമാണ്. ലോക്ക് ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ 9561, മുതിർന്ന പൗരൻമാർ 10007, ഗർഭിണികൾ 9515, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ 2448, ജയിൽ മോചിതൽ 748, മറ്റുള്ളവർ 108520 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

കേന്ദ്ര പദ്ധതി ആസൂത്രണ ഘട്ടത്തിൽ

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതികളെല്ലാം ആസൂത്രണ ഘട്ടത്തിലാണെന്നാണ് കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിൽ നിന്നും  ലഭിക്കുന്ന സൂചന. വിദേശ കാര്യ മന്ത്രാലയവും സിവിൽ വ്യോമയാന മന്ത്രാലയവുമാണ് വിഷയത്തിൽ പ്രധാനമായും ഇടപെടേണ്ടത്.

കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിഗതികൾ വിശകലനം ചെയ്യുകയാണെന്നും ഗൾഫിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രസർക്കാരിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കാൻ എയർ ഇന്ത്യയോടും ഇന്ത്യൻ നാവിക സേനയോടും ആവശ്യപ്പെട്ടിട്ടുള്ളതായി ഈ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ ഒരു കോടി പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. യുഎഇയിൽ മാത്രം 20 ലക്ഷം ഇന്ത്യൻ പ്രവാസികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  ഇവരെ തിരിച്ചെത്തിച്ച ശേഷം ക്വാറന്റൈനിലേക്കും നിരീക്ഷണത്തിലേക്കും മാറ്റുന്നതടക്കമുള്ള നടപടികൾക്കായി കേന്ദ്രസർക്കാർ എത്രത്തോളം സജ്ജമാണെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളുടെ നിർദേശം തേടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രം ആരംഭിച്ചതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രവാസികളിൽ പ്രത്യേക പരിഗണനാ വിഭാഗങ്ങളെയാണ് നാട്ടിലേക്ക് ആദ്യം തിരിച്ചെത്തിക്കുകയെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. അടിയന്തര ചികിത്സ വേണ്ടവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് സംസ്ഥാന സർക്കാർ മുന്‍ഗണന നൽകുന്നത്.

സമുദ്ര മാർഗവും പരിഗണിച്ചേക്കും

പ്രവാസികളെ കപ്പലിൽ തിരിച്ചെത്തിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

പ്രവാസികളെ സമുദ്രമാർഗം തിരിച്ചെത്തിക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കപ്പൽ വഴി പ്രവാസികൾ തിരിച്ചു കൊണ്ടുവരാൻ കേന്ദ്രം പദ്ധതി തയ്യാറാക്കിയാൽ സംസ്ഥാനത്തെ തുറമുഖങ്ങളിൽ അതിനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook