അബുദാബി: യുഎഇയിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറിലേക്ക്. ഇന്നലെ വെെകീട്ട് വരെയുള്ള കണക്കനുസരിച്ച് 98 പേർ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒൻപത് പേരാണ് യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്നലെ മാത്രം രാജ്യത്ത് 549 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,929 ആയി. ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ച കണക്കാണിത്. കോവിഡ് പ്രതിരോധം ശക്തമായി മുന്നോട്ടു പോകുമ്പോഴും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
രോഗമുക്തി നേടിയവരുടെ എണ്ണം 2,329 ആയി. ഇന്നലെ മാത്രം 148 പേർ രോഗമുക്തി നേടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Also: ഇന്നുമുതൽ സംസ്ഥാനത്ത് മാസ്ക് നിർബന്ധം; ലംഘിച്ചാൽ 200 രൂപ പിഴ, ആവർത്തിച്ചാൽ 5,000
അതേസമയം, പ്രവാസികളുടെ കോവിഡ് -19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്ന പ്രവാസികൾക്കായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. എംബസികളുടെയും കോൺസുലേറ്റുകളുടെയും ഔദ്യോഗിക വെബ് സൈറ്റുകൾ വഴി പ്രവാസികൾക്ക് രജിസ്ട്രർ ചെയ്യാം. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക റൂട്ട്സ് വഴിയും രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ഇതിന് പുറമെയാണ് എംബസികൾ വഴിയുള്ള രജിസ്ട്രേഷൻ. യുഎഇ, സൗദി എംബസികൾ ബുധനാഴ്ച മുതൽ രജിസ്ട്രേഷനായുള്ള ഫോമുകൾ വെബ്സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
Read Also: Horoscope Today April 30, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
വിവര ശേഖരണം ആരംഭിച്ചെങ്കിലും രാജ്യത്തേക്ക് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള തീരുമാനം ഒന്നും വന്നിട്ടില്ലെന്ന് എംബസികളുടെയും കോൺസുലേറ്റുകളുടെയും വെബ് സൈറ്റുകളിൽ പറയുന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും എംബസികൾ വ്യക്തമാക്കി.
യുഎഇയിൽ ദുബായ് കോൺസുലേറ്റിന്റെ വെബ്സൈറ്റിൽ (cgidubai.gov.in) പ്രവാസികൾക്കുള്ള രജിസ്ട്രേഷൻ ഫോം ലഭ്യമാണ്. എന്നാൽ അബുദബിയിലെ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ ഫോം ലഭ്യമായിട്ടില്ല. സൗദിയിലെ ഇന്ത്യൻ എംബസിയും (eoiriyadh.gov.in) രജിസ്ട്രേഷൻ ഫോം ലഭ്യമാക്കിയിട്ടുണ്ട്. പേര് പാസ്പോർട്ട് നമ്പർ അടക്കമുള്ള പ്രാഥമിക വിവരങ്ങൾക്കൊപ്പം ഇന്ത്യയിലേക്ക് മടങ്ങാനുള്ള കാരണവും ഫോമുകളിൽ വ്യക്തമാക്കണം.