റിയാദ്: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്തിന്റെ കർഫ്യൂ നീട്ടാൻ സൗദി അറേബ്യയിലെ രാജാവ് സൽമാൻ അനുമതി നൽകിയതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി (എസ്‌പി‌എ) ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസ് പടരുന്നത് തടയാൻ മാർച്ച് 23 മുതൽ രാത്രി 7 മുതൽ രാവിലെ 6 വരെ 21 ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച സൗദി അറേബ്യ തലസ്ഥാനമായ റിയാദും മറ്റ് വലിയ നഗരങ്ങളും 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി,

Read More: കോവിഡ് -19: പ്രവാസികള്‍ക്കു ധനസഹായം നൽകും; വിവിധ രാജ്യങ്ങള്‍ ഹെല്‍പ് ഡെസ്‌കുകള്‍

അതേസമയം സൗദി അറേബ്യയിൽ കർഫ്യൂ ഏർപ്പെടുത്തിയതോടെ രോഗങ്ങൾ ഗണ്യമായി കുറഞ്ഞതായി ഡോക്ടർമാർ അറിയിച്ചിരുന്നും. സൗദിയിൽ ഇത് കാലാവസ്ഥ മാറ്റത്തിന്റെ സമയം കൂടിയാണ്. ചൂട് കാലത്തിന്റെ വരവറിയിച്ച് ഈ സമയത്ത് ഉണ്ടാകുന്ന പൊടിക്കാറ്റും ചാറ്റൽ മഴയും വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ആസ്തമ, അലർജി പോലുള്ള രോഗം നേരത്തെ ഉള്ളവരെയാണ് കാലാവസ്ഥ മാറ്റം പ്രധാനമായും ബാധിക്കുന്നത്. ഈ സമയത്ത് നൂറു കണക്കിന് ആളുകളാണ് ശ്വാസകോശ സംബന്ധമായ പ്രയാസങ്ങൾക്ക് ചികിത്സ തേടി എത്തുക. എന്നാൽ ഇത്തവണ പൊടിക്കാറ്റും ചാറ്റൽ മഴയും പല തവണ വന്നിട്ടും ചികിത്സ തേടിയെത്തിയത് വളരെ കുറഞ്ഞ രോഗികൾ മാത്രം. കർഫ്യൂ കാരണം ആളുകൾ പുറത്തിറങ്ങാത്തതാണെന്ന് ഇതിനു പ്രധാന കാരണമെന്ന് ഡോക്ടർമാർ പറയുന്നു.

പാർക്കുകളിലും മറ്റ് വിനോദ പരിപാടികളിലും ആളുകൾ പോകാത്തതിനാൽ കുട്ടികളിലും രോഗാവസ്ഥ വളരെ കുറവാണ്. ഭക്ഷണം വീട്ടിൽ നിന്ന് തന്നെ കഴിക്കുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വം പാലിക്കുന്നത് ഗൗരവമായി എടുക്കുകയും ചെയ്തത് കൊണ്ട് വയറ് സംബന്ധമായ രോഗങ്ങളും ഭക്ഷ്യ അണുബാധയും ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. പുറത്ത് നിന്നുള്ള ഫാസ്റ്റ് ഫുഡുകളും ഫ്രൈഡ് ഭക്ഷണവും കുറച്ചതോടെ ജീവിത ശൈലി രോഗങ്ങളും നിയന്ത്രണത്തിലായിട്ടുണ്ട്. ഇതു വഴിയെല്ലാം ഹൃദ്രോഗ സാധ്യത വരെ കുറയുമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook