ദുബായ്: യുഎഇയില്‍ ഇന്ത്യക്കാരനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അടുത്തിടെ രോഗനിര്‍ണയം നടത്തിയ വ്യക്തിയുമായി ഇടപഴകിയ ആള്‍ക്കാണു രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി.
രോഗം ബാധിച്ച എട്ടുപേരില്‍ ഒരാളെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ആറു പേരുടെ ആരോഗ്യനില തൃപ്തികരമാണ്. ഒരാള്‍ മാത്രമാണു തീവ്രപരിചരണത്തിലുള്ളത്. രോഗം ബാധിച്ചവര്‍, ഇന്ത്യക്കാരനു പുറമെ ഒരാള്‍ ഫിലിപ്പെന്സുകാരനും മറ്റ് ആറുപേര്‍ ചൈനക്കാരുമാണ്. ചൈനക്കാരില്‍ അഞ്ചുപേര്‍ക്കും വുഹാനുമായി ബന്ധമുണ്ട്.
വിനോദസഞ്ചാരത്തിനായി വുഹാനില്‍നിന്ന് എത്തിയ എഴുപത്തി മൂന്നുകാരി ലിയു യുജിയ്ക്കാണു രോഗം ആദ്യമായി സ്ഥിരീകരിച്ചത്. ഇവരെ ഞായറാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അവധിക്കാലം ചെലവഴിക്കാനാണു ലിയു യുജിയ യുഎഇയിലെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒന്‍പതുകാരിയായ കൊച്ചുമകള്‍ക്കും അവളുടെ മാതാപിതാക്കള്‍ക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇവര്‍ ആശുപത്രിയില്‍ തുടരുകയാണ്. ജനുവരി 16നാണ് ഇവര്‍ യുഎഇയിലെത്തിയത്.
Read Also: ഡൽഹി ‘തൂത്തുവാരുന്ന’ സാധാരണക്കാരൻ; അറിയാം കേജ്രിവാളിനെ
വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരന് എവിടെനിന്നുള്ള ആളാണെന്ന വിവരം യുഎ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കോ നേരത്തെ രോഗം കണ്ടെത്തിയ ഫിലിപ്പൈന്സുകാരനോ ചൈനയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നു വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
രോഗികളുടെ കുടുംബാംഗങ്ങള്‍, ചുറ്റുമുള്ളവര്‍ എന്നിവരെ പരിശോധനകള്‍ക്കും സൂക്ഷ്മനിരീക്ഷണത്തിനും ആരോഗ്യവകുപ്പ് അധികൃതര്‍ വിധേയമാക്കുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യവിഭാഗത്തെ അറിയിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.
മതിയായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വൈറസ് പ്രതിരോധത്തിനായി സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കൈ കഴുകാന്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വായ പൊത്തിവേണം ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യേണ്ടതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
യുഎഇയിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കുന്നതിന് എല്ലാ വകുപ്പുകളെയും ബന്ധപ്പെട്ട അധികൃതരെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതായും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. ചൈനയില്‍ 1016 പോണ് ഇതുവരെ മരിച്ചത്. തിങ്കളാഴ്ച മാത്രം മരിച്ചവരുടെ എണ്ണം 108 ആണ്.
42,600 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 7,000 പേരുടെ നില അതീവ ഗുരുതരമാണ്.