ദുബായ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ അണുനശീകരണ പരിപാടി ഏപ്രില്‍ അഞ്ചുവരെ നീട്ടി. ആദ്യഘട്ടത്തില്‍ മൂന്നുദിവസത്തെ അണുനശീകരണമാണു പ്രഖ്യാപിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി എട്ടു മുതലാണ് അണുനശീകരണ പരിപാടി ആരംഭിച്ചത്.

അതിനിടെ, യുഎഇയില്‍ ഇന്നു മാത്രം 63 പുതിയ കേസുകളാണു സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 468 ആയി ഉയര്‍ന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായി ആറുമാസം വരെ വാടക അടയ്ക്കുന്നതിനു ദുബായ് ഫ്രീ സോണുകള്‍ ഇളവ് പ്രഖ്യാപിച്ചു.

Read Also: കോവിഡ്-19: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി സംഭാവന നൽകുമെന്ന് ബിസിസിഐ

കൊറോണ വ്യാപനം തടയുന്നതിനായി ദുബൈയിലെ നയ്ഫില്‍ വീടുവീടാന്തരം പരിശോധന ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ നെയ്ഫ് റോഡ് പരിസരത്ത് ആസ്റ്റര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ പരിശോധന നടത്തിയത്. ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ), ദുബായ് പൊലീസ് എന്നിവരുമായി സഹകരിച്ചായിരുന്നു പരിശോധന.

നാനൂറോളം കെട്ടിടങ്ങളില്‍ പരിശോധന നടത്തിയതായി ആസ്റ്റര്‍ ക്ലിനിക്കുകളുടെയും ഹോസ്പിറ്റലുകളുടെയും സിഇഒ ഡോ. ജോബിലാല്‍ വാവച്ചന്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍,  ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം ആരോഗ്യ വിദഗ്ധരാണ് സംഘത്തിലുണ്ടായിരുന്നത്.

ശേഖരിച്ച സാമ്പിളുകള്‍ സര്‍ക്കാര്‍ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നതുവരെ വീട്ടുനിരീക്ഷണത്തില്‍ തുടരാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പോസിറ്റീവ് ആണെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍സുലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റുമെന്നു ഡോ.  ഡോ. ജോബിലാല്‍ വാവച്ചന്‍ പറഞ്ഞു.

Read Also: ഡോക്‌ടറുടെ നിർദേശമുണ്ടെങ്കിൽ മദ്യം നൽകാൻ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

സംഘത്തിലെ നഴ്സുമാര്‍ അപ്പാര്‍ട്‌മെന്റുകളിലെ യാത്രാ ചരിത്രം ശേഖരിക്കുന്നുണ്ട്. ചുമ, തൊണ്ട, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളെക്കുറിച്ച് ചോദിക്കുകയും തൊണ്ടയില്‍നിന്ന് ശ്രവം ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് 500 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയാണു യുഎഇയില്‍ പിഴ ചുമത്തുക. സാമൂഹിക അകലം പാലിക്കാത്തതിന് 1000 ദിര്‍ഹവും അനാവശ്യമായി വീടുവിട്ട് ഇറങ്ങുന്നതിന് 2000 ദിര്‍ഹവുമാണു ശിക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook