മനാമ: ബഹ്‌റിനിൽ ഒരു കുടുംബത്തിലെ 31 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട നിർദേശങ്ങൾ പാലിക്കാത്തതാണ് രോഗവ്യാപനത്തിനു കാരണം.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകരുതെന്നും നിർദേശങ്ങൾ പാലിക്കണമെന്നും കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇവർ അതൊന്നും വകവയ്‌ക്കാതെ പുറത്തിറങ്ങുകയും സാമൂഹിക അകലം ലംഘിക്കുകയും ചെയ്‌തതായി ആരോഗ്യമന്ത്രാലയം പറഞ്ഞു.

കുടുംബാംഗങ്ങൾ ഒത്തുചേരുകയും പരസ്‌പരം സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്‌തത് രോഗവ്യാപന തോത് വർധിപ്പിച്ചു. കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Read Also: ഇങ്ങനെയൊരു തിരക്ക് മറ്റൊരു വിവാഹത്തിനും കണ്ടിട്ടില്ല

സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നവരെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇപ്പോൾ രോഗബാധിതരായ 31 പേരിൽ നിന്ന് ഇനിയും രോഗം പടർന്നുകാണുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

രാജ്യത്തെ ജനങ്ങൾ കോവിഡ് പ്രതിരോധത്തിനായി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ചു. റമദാൻ ഇഫ്‌താർ വിരുന്നുകളും വീടുകളിലെ ഒത്തുചേരലുകളും പൂർണമായി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. സാമൂഹിക അകലം പാലിക്കണം, മുഖാവരണം നിർബന്ധമായും ധരിക്കണം തുടങ്ങിയ നിർദേശങ്ങളും ആരോഗ്യവകുപ്പ് ആവർത്തിച്ചു നൽകുന്നുണ്ട്.

ബഹ്‌റിനിൽ ഇതുവരെ 5,409 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒൻപത് പേർ രോഗം ബാധിച്ച് മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook