റിയാദ്: അത്തറ് മണക്കുന്ന, അവധിക്കെത്തുമ്പോള്‍ ടേപ്പ് റെക്കോര്‍ഡര്‍ തുക്കി നടക്കുന്ന ഗതകാലത്തില്‍നിന്ന് ഇന്നത്തെ പ്രവാസത്തിലേക്കുള്ള വഴി അത്ര ഭംഗിയുള്ളതല്ല. നിവൃത്തികേട് കൊണ്ടാണ് നാടും കുടംബവും വിട്ട് മിക്കവരും പ്രവാസം തിരഞ്ഞെടുക്കുന്നത്. വീടിന്റെ ആധാരം ബാങ്കില്‍ പണയപ്പെടുത്തിയവര്‍, മക്കളുടെ പഠനത്തിനും പലചരക്ക് കടയിലെ പറ്റ് തീര്‍ക്കാനും കടം വാങ്ങി തുക അയച്ചുകൊടുക്കേണ്ടി വരുന്നവര്‍… ബഹുഭൂരിപക്ഷം പ്രവാസിയും ഇങ്ങനെയൊക്കെയാണ്.

ഗള്‍ഫ് മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ ജീവിതച്ചെലവ് കൂടുകയാണ്. എന്നാല്‍ കാര്യമായ വരുമാന വര്‍ധനവവുമില്ല. സൗദി അറേബ്യയുടെ ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 എണ്ണേതര വരുമാനം ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. ഇതിന്റെ ഭാഗമായി വിദേശികളുടെ താമസ രേഖ പുതുക്കുന്നതിനുള്ള ലെവിയും കുടുംബമായി താമസിക്കുന്നവര്‍ക്ക് ആശ്രിത ലെവിയും നിലവില്‍ വന്നു. ഇതോടെ സാധാരണ പ്രവാസികളുടെ ബജറ്റുകള്‍ താളം തെറ്റിത്തുടങ്ങി. ബിസിനസ് രംഗത്തും ഇതിന്റെ അലയൊലികളുണ്ടായി.

വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമായതോടെ പലരുടെയും തൊഴില്‍ നഷ്ടമായി. ഇങ്ങനെ പ്രവാസം വലിയ പ്രതിസന്ധിയില്‍നിന്ന് തല പൊക്കാന്‍ ശ്രമിക്കുമ്പോഴാണു കൊറോണയെന്ന മഹാദുരന്തം പ്രവാസിക്കുമേല്‍ ഇടിത്തീയായി പതിച്ചത്. സൗദി അറേബ്യയില്‍ ആറു ലക്ഷത്തിലധികം മലയാളികള്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നുണ്ട്. ഇതില്‍ 75 ശതമാനത്തോളം സാധാരണ തൊഴിലാളികളാണ്. ഇവരുടെയെല്ലാം സാമ്പത്തികാവസ്ഥയ്ക്കുമേല്‍ വൈറസ് പടര്‍ന്നുവെന്നു വേണം പറയാന്‍.

വൈറസ് പ്രതിരോധ നടപടികള്‍ കള്‍ശനമാക്കിയതോടെ സൗദി അറേബ്യയില്‍ പലര്‍ക്കും ജോലിയില്ല. ഇതോടെ ഈ മാസം നാട്ടിലേക്കു പണം അയയ്ക്കാനാവാത്ത സ്ഥിതി വന്നു. ദൈനദിന ജീവിതം താറുമാറായിരിക്കുന്നതിനൊപ്പം തങ്ങളെ ആശ്രയിച്ചു കഴിയുന്ന നാട്ടിലെ കുടുംബം എങ്ങനെ അതിജീവിക്കുമെന്ന ആശങ്ക കൂടിയാവുന്നതോടെ പ്രവാസികളുടെ മാനസികാവസ്ഥ താങ്ങാവുന്നതിലപ്പുറമാണ്.

വൈറസ് രംഗം വിട്ടാലും തൊഴില്‍ സുരക്ഷ എന്താകുമെന്ന ആശങ്കയിലാണു സൗദി അറേബ്യയിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളില്‍ ഒട്ടുമിക്കവരും. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് തൊഴിലെടുക്കുന്ന സ്ഥാപനം കരകയറിയാലും ജോലി തിരിച്ചുകിട്ടുമോയെന്ന ആശങ്കയാണ് എങ്ങുനിന്നും പങ്കുവയ്ക്കുന്നത്.

റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങി സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം മലയാളി സാമൂഹിക സാംസ്‌കാരിക-കല സംഘടനകളും പ്രവര്‍ത്തകരും സജീവമായിരുന്നു. നാട്ടില്‍നിന്ന് ചലച്ചിത്ര സെലിബ്രറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ നടക്കേണ്ട ഹാളുകളിലൊന്നും ആളനക്കമില്ല. പ്രതിസന്ധികളോട് ഏറ്റുമുട്ടാന്‍ മനസിനെ പാകപ്പെടുത്തിയ പ്രവാസികള്‍ ഈ കാലവും കടന്നുപോകുമെന്ന പ്രതീക്ഷയിലാണ്.

മാര്‍ച്ച് ആദ്യവാരം ഇറാനില്‍നിന്ന് ബഹ്റൈന്‍ വഴി സൗദിയിലെത്തിയ പൗരനാണ് രാജ്യത്ത് ആദ്യമായി കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ദിനേന പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു. യാത്രക്കാരും അവരുമായി ബന്ധപ്പെട്ടവരും അല്ലാത്തതുമായ 2795 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 615 രോഗികള്‍ രോഗമുക്തി നേടി. വൈറസ് 41 പേരുടെ ജീവനെടുത്തു.

പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ ആളുകളെ രോഗം ബാധിച്ചേക്കാമെന്നാണു സൗദി ആരോഗ്യമന്ത്രി ഡോ. തൗസീഫ് അല്‍ റബീഅ നല്‍കുന്ന മുന്നറിയിപ്പ്. രോഗം പടരാതെ നോക്കാന്‍ പൊതുജനങ്ങളുടെ സഹായമാണു വേണ്ടതെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ പ്രധാന നഗരങ്ങളെല്ലാം 24 മണിക്കൂറും കര്‍ഫ്യൂ വലയത്തിലാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങാന്‍ രാവിലെ ആറു മുതല്‍ വൈകീട്ട് മൂന്നു വരെ സമയം അനുവദിച്ചിട്ടുണ്ട്. കര്‍ഫ്യൂ നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ നിരത്തുകളിലാകെ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. നിയമലംഘനത്തിനു രണ്ടു ലക്ഷം രൂപയാണു പിഴ.

സ്വദേശികളെയും വിദേശികളെയും പ്രതിസന്ധി സമയത്ത് സഹായിക്കുന്ന നിരവധി പദ്ധതികള്‍ സൗദി സര്‍ക്കാര്‍ ഇതിനകം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. മൂന്നു മാസത്തെ ഇഖാമ (താമസരേഖ) സൗജന്യമായി നല്‍കിയത് ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഒരു വര്‍ഷത്തെ ഇഖാമ പുതുക്കുന്നതിന് രണ്ടു ലക്ഷം രൂപയോളം വിവിധ ഫീസുകളായി നല്‍കണം. പ്രതിസന്ധി അവസാനിക്കും വരെ മൂന്ന് മാസത്തേക്ക് ഇഖാമ പുതുക്കേണ്ടതില്ലെന്നും ഓട്ടോമാറ്റിക്കായി ഓണ്‍ലൈന്‍ വഴി പുതുക്കി നല്‍കുമെന്നുമുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം വലിയ ആശ്വാസമാണ് ഈ സമയത്ത്. സ്ഥാപന ഉടമകള്‍ക്ക് ആശ്വാസമായി വരുമാന നികുതിയും മൂല്യവര്‍ധിത (വാറ്റ്) നികുതിയും മൂന്ന് മാസത്തേക്ക് അടക്കേണ്ടതില്ലെന്ന് ഉത്തരവിറങ്ങി.

പ്രതിരോധ നടപടികള്‍ ഇങ്ങനെ

മാര്‍ച്ച് ആദ്യവാരം കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ വിലക്കി. അല്ലാത്ത രാജ്യങ്ങളില്‍നിന്നുള്ള യാത്ര നയതന്ത്ര പ്രതിനിധികള്‍ക്കും തൊഴില്‍ വിസയില്‍ അവധിക്ക് പോയവര്‍ക്കു മടങ്ങിവരാനും മാത്രമാക്കി.ഉംറ ഉള്‍പ്പടെ നിര്‍ത്തിവച്ചു. മക്കയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.ആവശ്യമായ കരുതലെടുത്ത ശേഷം ഉംറ നിര്‍വഹണത്തിന് അനുമതി നല്‍കി. തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും തെര്‍മല്‍ സ്‌കാനുകളും ആരോഗ്യ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. ഇതിനുപുറമെ രാജ്യത്തേക്കു പ്രവേശിക്കുന്ന മുഴുവന്‍ യാത്രക്കാരെയും പരിശോധിക്കാന്‍ വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘത്തെ വിന്യസിച്ചു.

വിദേശ രാജ്യങ്ങളില്‍നിന്ന് പൗരന്മാരോട് തിരിച്ചെത്താന്‍ മുന്നറിയിപ്പ് നല്‍കി. അതിനായി 72 മണിക്കൂര്‍ അനുവദിച്ചു. വിദേശ രാജ്യങ്ങളിലെ സൗദി എംബസികളുമായി ബന്ധപ്പെട്ട് അവിടെ കഴിയുന്നവരുടെ സൗദി പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താനും വരാന്‍ ആഗ്രഹിക്കുന്നവരോട് മൂന്ന് ദിവസത്തിനകം മടങ്ങിയെത്താനും നിര്‍ദേശം നല്‍കി. ശേഷം രാജ്യത്തേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. പടിപടിയായി കരുതല്‍ നടപടികള്‍ കടുപ്പിച്ചു. പൊതു ഗതാഗത സംവിധാനമായ ടാക്‌സി, ബസ്, ട്രെയിന്‍ സര്‍വീസുകള്‍ നിരത്തിലിറങ്ങരുതെന്നു നിര്‍ദേശം നല്‍കി. അപ്പോഴും സ്വകാര്യ വാഹനങ്ങള്‍ വിലക്കിയില്ല.

പള്ളികളില്‍ കൂട്ടം കൂടിയുള്ള (ജമാഅത്ത്) നമസ്‌കാരവും ജുമുഅയും നിശ്ചിത സമയത്തിനകം അവസാനിപ്പിക്കാന്‍ ഉത്തരവിറങ്ങി. ശേഷം ജുമുഅ ഉള്‍പ്പടെ പള്ളിയിലെ നമസ്‌കാരം നിര്‍ത്തിവയ്ക്കാനും അക്കാര്യം ബാങ്ക് വിളിയിലൂടെ ജനങ്ങളെ അറിയിക്കാനും പണ്ഡിതസഭ ആഹ്വാനം ചെയ്തു. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടിയപ്പോള്‍ സാമൂഹ്യ വ്യാപനം തടയാനുള്ള നടപടിയിലേക്കു രാജ്യം നിര്‍ബന്ധിതരായി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആരോഗ്യം, സുരക്ഷ, വൈദ്യുതി തുടങ്ങിയ അടിയന്തിര സേവനങ്ങള്‍ നല്‍കേണ്ട വകുപ്പുകള്‍ ഒഴികെ എല്ലാ ജീവനക്കാരോടും ഓഫിസില്‍ എത്തരുതെന്നും വീടുകളില്‍ ജോലി തുടരാനും ആവശ്യപ്പെട്ടു.

സ്വകാര്യ മേഖലയിലെ സ്ഥാപന ഉടമകളോട് പരമാവധി ജോലിക്കാര്‍ ഓഫീസിലെത്തുന്നത് തടയാനും 60 ശതമാനം പേരെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സ്വദേശികളും വിദേശികളും ഉള്‍പ്പടെ ജനങ്ങള്‍ക്ക് ഒരുരീതിയിലുമുള്ള പ്രയാസങ്ങളും സൃഷിടിക്കാതെ ലോക് ഡൗണ്‍ നടപടികള്‍ ആരംഭിച്ചു. ആദ്യം വൈകീട്ട് ഏഴു മുതല്‍ രാവിലെ ആറു വരെ രാജ്യത്തൊട്ടാകെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ രാജ്യ സുരക്ഷാ സേനയെ നിരത്തിലിറക്കി. രാത്രികാലങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ വീട്ടിലെത്തി സേവനം നല്‍കാന്‍ റെഡ് ക്രസന്റിന്റെ സജ്ജമാക്കി.

ചികിത്സയ്ക്കു പുറത്തുപോകാന്‍ 997ല്‍ വിളിച്ചാല്‍ പ്രതേക മൊബൈല്‍ സന്ദേശത്തിലൂടെ അനുമതി നല്‍കി. ആരോഗ്യമന്ത്രാലയത്തിന്റെ പഠനപ്രകാരം റിയാദ്, മക്ക, മദീന നഗരങ്ങളില്‍ കര്‍ഫ്യൂ ഉച്ചയ്ക്കു മൂന്ന് മുതലാക്കാനും ഈ മൂന്ന് നഗരങ്ങളില്‍നിന്ന് പുറത്തേക്കും തിരിച്ചും പ്രവേശിക്കുന്നതും വിലക്കി. ദിവസങ്ങള്‍ക്ക് ശേഷം കൂടുതല്‍ കരുതലെന്നോണം ജിദ്ദയിലും കര്‍ഫ്യൂ ഉച്ചയ്ക്കു മൂന്ന് മുതലാക്കി വര്‍ധിപ്പിച്ചു. അധികരിപ്പിച്ചു. മദീനയിലെയും മക്കയിലെയും തിരഞ്ഞെടുത്ത മേഖലകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അതേസമയം, അവശ്യ സാധനങ്ങള്‍ വാങ്ങാനായി ആറു മുതല്‍ മൂന്ന് വരെ അനുമതിയും നല്‍കി. നഗരസഭകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി ചര്‍ച്ച നടത്തി ഭിന്നശേഷിക്കാര്‍ക്കും പ്രായം കൂടിയവര്‍ക്കും ഷോപ്പിങ്ങിനായി പ്രത്യേക സമയം ഏര്‍പ്പാടാക്കി.

ആശങ്കപ്പെടേണ്ടതില്ലെന്നും വിദേശികള്‍ക്കും സ്വദേശികള്‍ക്കും ചികിത്സയും ഭക്ഷണ വസ്തുക്കളും ഉള്‍പ്പടെ എല്ലാ ആവശ്യ സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും രാജ്യം എല്ലാ രീതിയിലും സുസജ്ജമാണെന്നും രാജാവ് ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു. ഏറ്റവും അവസാനം അനധികൃത താമസക്കാര്‍ക്ക് ഉള്‍പ്പടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും രോഗലക്ഷണം കണ്ടാല്‍ പരിശോധനയും ചികിത്സയും സൗജന്യമാക്കി ഉത്തരവ് പുറത്തിറങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook