ദുബായ്: കൊറോണ വൈറസ് പരിഭ്രാന്തിയെത്തുടര്‍ന്ന് യുഎഇയില്‍ ഫെയ്‌സ് മാസ്‌ക് വില്‍പ്പന പൊടിപൊടിക്കുന്നു. ദുബായിൽ പലയിടങ്ങളിലും മാസ്‌കുകള്‍ കിട്ടാനില്ലെന്നാണു വിവരം. ഡിമാന്‍ഡ് കൂടുന്ന സാഹചര്യം മുതലെടുത്ത് മാസ്‌കുകളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മാസ്‌കുകള്‍ക്കു കൂടുതല്‍ വില ഈടാക്കുന്നതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇരട്ടി വില ഈടാക്കുന്നതായാണു പലരുടെയും പരാതി. ഈ സാഹചര്യത്തിലാണു വില്‍പ്പനക്കാര്‍ക്കു ദുബായ് സാമ്പത്തിക വകുപ്പ് (ഡിഇഡി) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ വില ഈടാക്കിയാല്‍ പരാതി നല്‍കണമെന്ന് ഉപഭോക്താക്കളോട് ഡിഇഡി ആവശ്യപ്പെട്ടു.

യുഎഇയില്‍ ഒരു ചൈനീസ് കുടുംബത്തിലെ നാലുപേര്‍ക്കു കൊറോണ വൈറസ് ബാധി സ്ഥീരികരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു ഫെയ്‌സ് മാസ്‌ക് വില്‍പ്പന സജീവമായത്.
പകര്‍ച്ചാ സാധ്യത കുറവാണെന്നും ശാന്തത പാലിക്കാനും ഡോക്ടര്‍മാരും അധികൃതരും നിരന്തരം ആവശ്യപ്പെട്ടിട്ടും ജനങ്ങളുടെ പരിഭ്രാന്തി കുറഞ്ഞിട്ടില്ലെന്നതാണു മാസ്‌ക് വില്‍പ്പന ഉയരുന്നതില്‍നിന്ന് വ്യക്തമാകുന്നത്. മാസ്‌കുകളുടെ ആവശ്യമില്ലെന്നും കൂടെക്കൂടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ഉള്‍പ്പെടെയുള്ള ശുചിത്വകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നുമാണു വിദഗ്ദ്ധര്‍ പറയുന്നത്.

Read Also: കൊറോണ വൈറസ്: മരണസംഖ്യ ഉയരുന്നു, ലോകരാജ്യങ്ങൾക്ക് അതീവ ജാഗ്രത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദുബായിലെ പലയിടങ്ങളിലും മാസ്‌കളുടെ സ്റ്റോക്ക് തീര്‍ന്നതായി ഫാര്‍മസി നടത്തിപ്പുകാര്‍ പറഞ്ഞതായി യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വായുവിലൂടെയുള്ള വൈറസ് വ്യാപനത്തെ തടയുന്നതില്‍ ഏറ്റവും ഫലപ്രദമെന്നു കരുതുന്ന എന്‍ 95 മാസ്‌കുകള്‍ക്കാണ് ആവശ്യക്കാരേറെയും. ധരിക്കാന്‍ ബുദ്ധിമുട്ടുള്ള ഇത്തരം മാസ്‌കുകള്‍ക്കു 139 ദിര്‍ഹം (2700 രൂപ) മുതല്‍ 170 ദിര്‍ഹം (3300 രൂപ) വരെയാണ് ഇത്തരം മാസ്‌കുകള്‍ക്കു പ്രമുഖ ഫാര്‍മസികളിലെ വില. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണില്‍ 699 ദിര്‍ഹം (ഏകദേശം 13,600 രൂപ) വരെയാണു വില.

കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാനില്‍നിന്നുള്ള കുടുംബത്തിലെ നാലുപേര്‍ക്കാണു യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത്. ജനുവരി 16നാണ് ഇവര്‍ യുഎഇയിലെത്തിയത്. രോഗം പിടിപെട്ട് ചൈനയില്‍ ഇതുവരെ 170 പേരാണു മരിച്ചത്. 7,711 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ചൈനയ്ക്കു പുറത്ത് ഇതുവരെ കൊറോണ മരണം ഉണ്ടായിട്ടില്ല. എന്നാല്‍ പതിനേഴിലധികം രാജ്യങ്ങളിലേക്കു വൈറസ് വ്യാപിച്ചതായാണു കണക്കാക്കപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook