അബുദാബി: യുഎഇയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. 15 പേർക്ക് യുഎഇയിൽ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ ആകെ എണ്ണം 74 ആയി. യുഎഇ പൗരന്‍മാരായ രണ്ടു പേർ, മൂന്ന് ഇറ്റലിക്കാർ, രണ്ട് ശ്രീലങ്കൻ സ്വദേശികൾ, രണ്ട് ഇന്ത്യക്കാർ, രണ്ട് ബ്രിട്ടീഷുകാർ, ജർമനി, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, ഇറാൻ എന്നിവിടങ്ങളിൽ നിന്നു ഓരോരുത്തർ എന്നിങ്ങനെയാണ് യുഎഇയിലെ പുതിയ കൊറോണ ബാധിതർ.

കൊറോണ വെെറസ് ബാധ രാജ്യമൊട്ടാകെ ഭീതി പരത്തുകയാണ്. ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4,085 ആയി. 1,15,753 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 64,277 പേർ രോഗവിമുക്തരായി.

ചെെനയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ചെെനയിൽ 3,136 പേർക്ക് കൊറോണ ബാധ മൂലം ജീവൻ നഷ്ടപ്പെട്ടു. ഇറാനിൽ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ഇതുവരെ ഇറാനിൽ 8,042 പേർക്കാണ് കൊറോണ ബാധിച്ചത്. 881 പുതിയ കേസുകൾ ഇന്നു മാത്രം റിപ്പോർട്ട് ചെയ്‌തു. 291 പേർ ഇറാനിൽ മരിച്ചു. ഇറ്റലിയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ, കൊറോണ ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 463 ആയി.

Read Also: കൊറോണയും പനിയും തമ്മിലുളള വ്യത്യാസം

അതേസമയം, കേരളത്തിൽ കൊറോണ വൈറസ് (കോവിഡ് 19) ബാധിച്ചവരുടെ എണ്ണം 12 ആയി. ഇന്നു പുതുതായി 6 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,116 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 149 പേർ ആശുപത്രിയിലും 967 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ആശുപത്രിയിൽ ചികിത്സയിലുളള 12 പേരിൽ നാലുപേർ ഇറ്റലിയിൽനിന്നും എത്തിയവരാണ്. 8 പേർ അവരുമായി സമ്പർക്കം പുലർത്തിയവരാണ്. 807 സാംപിളുകൾ പരിശോധയ്ക്ക് അയച്ചു. ഇതിൽ 717 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. ബാക്കിയുളളവ വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഒന്നു മുതൽ 7 വരെയുളള ക്ലാസുകൾ മാർച്ച് മാസം അടച്ചിടും. സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകൾക്കും ഇത് ബാധകമായിരിക്കും. സ്പെഷ്യൽ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. കോളേജുകളും ഈ മാസം മുഴുവൻ അടച്ചിടും. മതപരമായ ചടങ്ങുകളും ക്ഷോത്രോത്സവങ്ങളും പളളി പരിപാടികളും ചടങ്ങ് മാത്രമാക്കണം.

ശബരിമലയിൽ പൂജാ കര്‍മ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തും. എന്നാൽ ദര്‍ശനം ഒഴിവാക്കും. വിവാഹങ്ങളിലും സിനിമാ ശാലകളിലും പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. പൊതുജനങ്ങളും സഹകരിക്കണം. രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook