അബുദാബി: കൊറോണ വെെറസ് ബാധ ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികളുമായി യുഎഇ. സ്കൂളുകളിലേയും യൂണിവേഴ്സിറ്റികളിലേയും ഇ-ലേണിങ് സിസ്റ്റം ജൂൺ മാസം വരെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, കൊറോണ വെെറസ് ബാധ പടരാതിരിക്കാൻ സ്കൂളുകളും യൂണിവേഴ്സിറ്റികളും ഉടൻ തുറക്കേണ്ടതില്ലെന്നാണ് യുഎഇ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഇ-ലേണിങ് ജൂൺ മാസം വരെ തുടരാനും പരീക്ഷകൾ മാത്രം അതാത് സ്ഥാപനങ്ങളിൽ നടത്താനുമാണ് യുഎഇ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.
Read Also: കോവിഡ്-19: അതീവ ജാഗ്രതയോടെ കേരളം, പുതിയ കേസുകളില്ല
കൊറോണയെ തുടർന്ന് ഏപ്രിൽ അഞ്ച് വരെ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനാണ് ആരോഗ്യവകുപ്പ് നേരത്തെ തീരുമാനിച്ചത്. യുഎഇയിൽ ഇ-ലേണിങ് സിസ്റ്റത്തിലൂടെയാണ് വിദ്യാർഥികളെ ഇപ്പോൾ പഠിപ്പിക്കുന്നത്.
ഇന്നലെ മാത്രം യുഎഇയിൽ 15 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ ആകെ എണ്ണം 74 ആയി. യുഎഇ പൗരന്മാരായ രണ്ടു പേർ, മൂന്ന് ഇറ്റലിക്കാർ, രണ്ട് ശ്രീലങ്കൻ സ്വദേശികൾ, രണ്ട് ഇന്ത്യക്കാർ, രണ്ട് ബ്രിട്ടീഷുകാർ, ജർമനി, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, ഇറാൻ എന്നിവിടങ്ങളിൽ നിന്നു ഓരോരുത്തർ എന്നിങ്ങനെയാണ് യുഎഇയിലെ പുതിയ കൊറോണ ബാധിതർ.