ദുബായ്: ഗൾഫ് മേഖലയിൽ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ പൊതുപരിപാടികളും സംഗീത കച്ചേരികളും മാറ്റിവയ്ക്കുകയും റദ്ദാക്കുകയും ചെയ്തു. ഗൾഫ് മേഖലയിൽ കുറഞ്ഞത് 1,641 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ഇറാനിൽ മരണം 66 ആയി. മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മാർച്ച് അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന 25000ത്തോളം പേർ പങ്കെടുക്കുന്ന അബുദാബി അൾട്രാ മ്യൂസിക് ഫെസ്റ്റിവലും മാർച്ച് 21ന് നടക്കാനിരുന്ന കെ-പോപ്പ് മ്യൂസിക് ബാങ്കും റദ്ദാക്കി. അൾട്രാ മ്യൂസിക് ഫെസ്റ്റിവലിൽ ഡിജെ സ്നേക്ക്, ഗ്രാമി അവാർഡ് നേടിയ സെഡ്ഡ്, മേജർ ലേസർ, എറിക് പ്രിഡ്‌സ്, അഫ്രോജാക്ക് എന്നിവർ പങ്കെടുക്കേണ്ടതായിരുന്നു. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ചില രാജ്യങ്ങളും എയർലൈനുകളും ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

Read More: കൊറോണ: അമേരിക്കയിൽ മരണം ആറായി, ആഗോള തലത്തിൽ മരണ സംഖ്യ 3,125

ദക്ഷിണ കൊറിയയിലും മറ്റിടങ്ങളിലും വൈറസ് പടർന്നതിനാലാണ് മ്യൂസിക് ബാങ്ക് റദ്ദാക്കിയതെന്ന് ദക്ഷിണ കൊറിയയുടെ ദേശീയ ബ്രോഡ്‌കാസ്റ്റർ കെബിഎസും ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ മകെസ്റ്റാറും പറഞ്ഞു.

പ്രധാന സമ്മേളനങ്ങൾ, സംഗീതകച്ചേരികൾ, കായിക പരിപാടികൾ എന്നിവ സ്ഥിരമായി നടക്കുന്ന ഇടംകൂടിയാണ് യുഎഇ. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ 2020 ൽ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനം യുഎഇ സെൻട്രൽ ബാങ്ക് വീണ്ടും വിലയിരുത്തുമെന്ന് അധികൃതർ അറിയിച്ചു.

അബുദാബിയിലെ വനിതാ ഫോറവും യോഗാ ഫെസ്റ്റിവലും ദുബായിൽ നടക്കാനിരിക്കുന്ന കാർണിവലുമെല്ലാം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യും. അതേസമയം, വൈറസ് കാരണം ദുബായിൽ മാർച്ച് 27 ന് നടക്കുന്ന സംഗീത പരിപാടി നവംബറിൽ നടക്കുമെന്ന് അമേരിക്കൻ റാപ്പറും നിർമ്മാതാവുമായ റസ് പറഞ്ഞു.

ദുബായിലെ ഏറ്റവുംവലിയ വാർഷിക ബോട്ട്ഷോ നവംബറിലേക്ക് മാറ്റിവച്ചു. ലോകത്തിലെ ഏറ്റവും വലിയ ആഡംബര സൂപ്പർബോട്ടുകൾ പങ്കെടുക്കുന്ന രാജ്യാന്തര ബോട്ട് ഷോ ബ്രാൻഡ്-ന്യൂ ദുബായ് ഹാർബറിൽ നടത്താനായിരുന്നു പരിപാടി. കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ബോട്ട് ഷോ മാറ്റിവയ്ക്കുന്നതെന്ന് സംഘാടകർ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook