ദുബായ്: അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെയും കോവിഡ് സ്ഥിരീകരിച്ചെത്തുന്നവരെയും പരിചരിക്കാനുള്ള തിരക്കുകള്‍ക്കിടെ പിറന്നാള്‍ ആഘോഷങ്ങള്‍ മറന്ന മലയാളി നഴ്സിന് സര്‍പ്രൈസുമായി സഹപ്രവര്‍ത്തകര്‍. അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ തിരുവനന്തപുരം സ്വദേശി അഞ്ജു അംബിദാസിനാണ് പിപിഇയിലെത്തിയ സഹപ്രവര്‍ത്തകര്‍ പിറന്നാള്‍ കേക്ക് സമ്മാനിച്ചത്. അപ്രതീക്ഷിതമായി എത്തിയ പിറന്നാള്‍ കേക്ക് അഞ്ജുവിന് നല്‍കിയത് ഇരട്ടി മധുരം.
കോവിഡ് പകര്‍ച്ചയെ തുടര്‍ന്ന് നിരവധി പേരാണ് പരിശാധനയ്ക്കും അഡ്മിറ്റ് ആകാനുമായി ആശുപത്രിയില്‍ എത്തുന്നത്. രോഗം സ്ഥിരീകരിച്ച് അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് അടിയന്തര പരിചരണം നല്‍കുന്നതടക്കമുള്ള ചുമതലകളാണ് ആഴ്ചകളായി അഞ്ജു നിർവഹിക്കുന്നത്. പത്തു മണിക്കൂര്‍ വരെ നീളുന്ന ജോലി സമയത്തിനിടെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയൊന്നും അഞ്ജു ഓര്‍ത്തിരുന്നില്ല.
ജോലിക്കിടെ ഒരു ബോക്‌സുമായി സഹപ്രവര്‍ത്തകര്‍ വരുന്നത് കണ്ടപ്പോള്‍ ആദ്യം എന്താണ് സംഗതിയെന്ന് മനസിലായില്ല. കൊണ്ടുവന്നവര്‍ തന്നെ അത് തുറന്നു കാണിച്ചപ്പോഴാണ് പിറന്നാള്‍ കേക്കാണെന്ന് തിരിച്ചറിയുന്നത്. അത്യാഹിത വിഭാഗത്തില്‍ വച്ച് തന്നെ കേക്ക് മുറിച്ചു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റു നഴ്‌സുമാരും ജീവനക്കാരും അഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കയ്യടിച്ചു.
Read Also: കൊറോണ വെെറസിനെ പ്രതിരോധിക്കാൻ ഐസ്‌ക്രീം ഉപേക്ഷിക്കണോ?
ചുറ്റിലുമുള്ള ബുദ്ധിമുട്ടുകള്‍ക്കിടെ ആഘോഷങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് അഞ്ജു പറയുന്നു. ”എങ്കിലും ലളിതമായ ഈ സമ്മാനവും അപ്രതീക്ഷിത ഒത്തുചേരലും മാനസികമായി വലിയ സന്തോഷം നല്‍കി. മുന്‍ വര്‍ഷങ്ങളില്‍ പിറന്നാളിന് വീട്ടില്‍ കേക്ക് മുറിക്കുകയും പുറത്തു പോയി ഭക്ഷണം കഴിക്കും ചെയ്യുമായിരുന്നു. ഇക്കുറി അത്യാഹിത വിഭാഗത്തിലെ തുടര്‍ച്ചയായ ജോലി കാരണം ആഘോഷങ്ങളെപ്പറ്റി തന്നെ ഓര്‍ത്തിരുന്നില്ല. ആരോഗ്യപ്രവര്‍ത്തകരാകെ വലിയ സമ്മർദങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഊര്‍ജ്ജം പകരുന്നതാണ് സഹപ്രവര്‍ത്തകരുടെയും ആശുപത്രി അധികൃതരുടെയും നടപടി. ഇത്തവണത്തെ പിറന്നാള്‍ അതുകൊണ്ടുതന്നെ മറക്കാനാവില്ല,” അഞ്ജു പറഞ്ഞു.
Anju Ambidas, our staff nurse at Medeor Hospital, was surprised when her colleagues turned up with a birthday cake on her special day. These moments are special while fighting a pandemic. @VPSHealth is proud of our front line workers, tirelessly engaged in containing the virus. pic.twitter.com/UIG61coRk8
— VPS Healthcare (@VPSHealth) April 30, 2020
അബുദാബിയിലെ വിപിഎസ്-മെഡിയോര്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലാണ് അഞ്ജു ജോലി ചെയ്യുന്നത്. കൊറോണ ചികിത്സയില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദീകരിക്കുന്നതിനാല്‍ കഴിഞ്ഞ രണ്ടു മാസത്തോളമായി മെഡിയോര്‍ ആശുപത്രിയില്‍ ജീവനക്കാരുടെ പിറന്നാള്‍ ആഘോഷങ്ങളില്ലായിരുന്നു.
ദീര്‍ഘനേരം ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും സൂപ്പര്‍ഹീറോമാരാണെന്നും അവരുടെ പ്രത്യേക ദിനങ്ങള്‍ ലളിതമായെങ്കിലും ആഘോഷിക്കുന്നത് എല്ലാവര്‍ക്കും സന്തോഷം പകരുമെന്നും അതുകൊണ്ട് ഇത്തരം സര്‍പ്രൈസുകള്‍ വീണ്ടും തുടരാനാണ് തീരുമാനമെന്നും മെഡിയോര്‍ ആശുപത്രി അസിസ്റ്റന്റ് എച്ച്ആര്‍ മാനേജര്‍ അരോളിന്‍ എല്ലിസ് പറഞ്ഞു.