സൂര്യൻ മറയുമ്പോൾ, ഇരുട്ടിന്റെ മറപറ്റി അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രേതഭൂതങ്ങൾക്കിടയിൽ, ഭീതിദമായ അന്തരീക്ഷത്തിൽ 30 മണിക്കൂറുകൾ ഭയമേതുമില്ലാതെ ഒരു ശവപ്പെട്ടിയുടെ ഇരുട്ടിൽ കിടക്കാനും അതിജീവിക്കാനും നിങ്ങൾക്കാവുമോ? ധീരരായവരെ കണ്ടെത്താൻ വിചിത്രമായ മത്സരം സംഘടിപ്പിക്കുകയാണ് ടെക്സസിലെ ഒരു തീം പാർക്ക്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 28 വരെ നടക്കുന്ന ഫ്രൈറ്റ് ഫെസ്റ്റിന്റെ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പാർക്ക് അധികൃതർ ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്.
ഡീലക്സ് സൗകര്യങ്ങളോടു കൂടിയ രണ്ടടി വീതിയും ഏഴടി നീളവുമുള്ള ശവപ്പെട്ടിയിലാണ് മത്സരാർത്ഥി കിടക്കേണ്ടത്. ഒക്ടോബർ 13 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന മത്സരം ഒക്ടോബർ 12 ന് രാത്രി ഏഴ് മണിയോടെ അവസാനിക്കും. ഒക്ടോബർ മൂന്നിന് മുൻപായി അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആറു പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.
പങ്കെടുക്കുന്നവർക്ക് ഒരു സുഹൃത്തിനെയും പാർക്കിന് അകത്തേക്ക് കൊണ്ടുവരാം. എന്നാൽ, മത്സരം മുറുകുന്ന പാതിരാത്രി മുതൽ പിറ്റേന്ന് ഉച്ചവരെയുള്ള സമയത്ത് മത്സരാർത്ഥിയല്ലാതെ മറ്റാരും ശവപ്പെട്ടിയുടെ പരിസരത്ത് ഉണ്ടാവാൻ പാടില്ല. ഓരോ മണിക്കൂറിലും ആറുമിനിറ്റ് ബാത്ത്റൂം ബ്രേക്കും മത്സരാർത്ഥിയ്ക്ക് അനുവദിക്കും. മറ്റൊരു കാരണവശാലും, ശവപ്പെട്ടിയിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല, പുറത്തിറങ്ങിയാൽ മത്സരത്തിൽ നിന്നും പുറത്താക്കപ്പെടും.
പങ്കെടുക്കുന്നവർക്ക് കിടക്കാൻ സൗകര്യപ്രദമാകുന്ന രീതിയിലുള്ള തലയിണ, പുതപ്പ് എന്നിവയും കൊണ്ടുവരാവുന്നതാണ്. ഭക്ഷണവും വെള്ളവും സ്നാക്സുമെല്ലാം പാർക്ക് അധികൃതർ നൽകും. സമയം കടന്നു പോകാനായി സെൽഫോണും ഉപയോഗിക്കാവുന്നതാണ്. സെൽഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യവും നൽകും. 18 വയസ്സു കഴിഞ്ഞ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തിൽ വിജയിയാകുന്ന ആൾക്ക് മിസോറിയിലെ സിക്സ് ഫ്ളാഗ്സ് സെന്റ് ലൂയിസ് പാർക്ക്, 300 ഡോളർ സമ്മാനത്തുകയും 2019 ഗോൾഡ് സീസണിലേക്കുള്ള രണ്ടു പാസ്സുകളും ഗോസ്റ്റ് ഹൗസിലേക്കും ഫ്രീക്ക് ട്രെയിനിലേക്കുമുള്ള സൗജന്യ ടിക്കറ്റുകളും സമ്മാനമായി ലഭിക്കും. ഒന്നിലേറെ പേർ മത്സരത്തിൽ വിജയികളായാൽ, കാഷ് അവാർഡ് വിജയിയെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. മത്സരത്തിൽ പരാജയപ്പെട്ടാലും വെറും കൈയ്യോടെ ആരും വീട്ടിലേക്ക് പോകേണ്ടതില്ല, എല്ലാ മത്സരാർത്ഥികൾക്കും ശവപ്പെട്ടി വീട്ടിലേക്ക് ചുമന്നു കൊണ്ടുപോകാം എന്നാണ് പാർക്ക് അധികൃതരുടെ മറ്റൊരു ‘മോഹന’ വാഗ്‌ദാനം.