/indian-express-malayalam/media/media_files/uploads/2022/02/Pinarayi-Abu-Dhabi.jpg)
അബുദാബി: വാണിജ്യ, വ്യവസായ രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദര്‍ശിക്കും. അബുദാബി ചേംബര്‍ ചെയര്‍മാന്‍ അബ്ദുള്ള മുഹമ്മദ് അല്‍ മസ്രോയിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്കു സംഘം കേരളത്തിലെത്തും.
അബുദാബി ചേംബര്‍ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി രാജീവ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ഇന്‍കെല്‍ മാനേജിങ് ഡയറക്ടര്‍ ഡോ: കെ. ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി മിര്‍ മുഹമ്മദ് അലി എന്നിവരെ ചേംബര്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കേരളവും അബുദാബിയും തമ്മില്‍ വാണിജ്യ വ്യവസായ മേഖലകളില്‍ മികച്ച സഹകരണത്തിന്റെ സാധ്യതകളാണ് നിലനില്‍ക്കുന്നതെന്ന് ചേംബര്‍ ചെയര്‍മാന്‍ അബ്ദുള്ള അല്‍ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്‌നേഹവുമാണ് ജനങ്ങള്‍ തമ്മിലുള്ളത്. മലയാളികള്‍ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിലനില്‍ക്കുന്ന നിക്ഷേപ സാധ്യതകളെ പൂര്‍ണമായി ഉപയോഗിക്കുവാന്‍ അബുദാബി ചേംബറിന്റെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. നിക്ഷേപകര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇതിനുവേണ്ട നടപടികള്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2022/02/Pinarayi-Dubai.jpg)
നേരത്തെ, ദുബായ് എക്‌സ്‌പോ 2020-ന്റെ വേദിയില്‍ മുഖ്യമന്ത്രിയെ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം സ്വീകരിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റുമായ ഷെയ്ഖ് അഹ്‌മദ് ബിന്‍ സഈദ് അല്‍ മക്തൂം തുടങ്ങിയവരും സന്നിഹിതരായിരുന്നു.
മുഖ്യമന്ത്രിയെ സ്വീകരിച്ചകാര്യം ദുബായ് ഭരണാധികാരി മലയാളത്തിലാണ് ട്വീറ്റ് ചെയ്തത്. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം കുറിച്ചു.
أتمنى لكم وللجميع الصحة والعافيه, أشكركم على تقديرنا لمساهمة هؤلاء من كيرلا في تطوير الإمارات العربية المتحدة ودبي, نود نعمل معا لمزيد تعزيز الرابطة, متواضعا بكرم ضيافتكم واستقبالكم الحار.@HHShkMohdhttps://t.co/LGuHuRXIRx
— Pinarayi Vijayan (@pinarayivijayan) February 2, 2022
ഇതിനു മറുപടിയായി അറബിയിലായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. മലയാളികളെക്കുറിച്ചുള്ള നല്ല വാക്കുകൾക്കു മുഖ്യമന്ത്രി നന്ദി അറിയിച്ചു.
കേരളത്തിന്റെ വികസനത്തില്‍ യുഎഇ നല്‍കി വരുന്ന പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്‍കയ്യെടുക്കണമെന്നു അദ്ദേഹം അഭ്യര്‍ഥിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കോണ്‍സല്‍ ജനറല്‍ അമന്‍ പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ യൂസഫ് അലി എന്നിവരും പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us