റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലും കിഴക്കൻ പ്രവശ്യയിലും മെയ് പത്തിന് അപകട മുന്നറിയിപ്പ് നൽകുന്ന സൈറൺ പരിശോധന നടക്കുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.ജനങ്ങൾ ഭയപ്പെടാതിരിക്കാനാണ് സമയവും ദിവസവും മുൻ കൂട്ടി അറിയിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്ത വ്യാഴാഴ്ച ഉച്ചക്ക് ഒരേ സമയത്താണ് സൈറൺ പരിശോധന നടക്കുക. റിയാദ് നഗരത്തിന് പുറമെ പ്രവശ്യയ്ക്ക് കീഴിലുള്ള പട്ടണങ്ങളിലും പരിശോധന നടക്കും. അൽ ഖർജ്, മുസഹ്മിയ്യ, ദറയ്യ പോലുള്ള പട്ടണങ്ങളിലും നിലവിളി ശബ്ദം കേൾക്കാം.
രാജ്യത്തെ ബാധിക്കുന്ന അപകടങ്ങൾ വരുമ്പോൾ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ വർഷങ്ങൾക്ക് മുമ്പ് തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇറാഖ്,ഗൾഫ് യുദ്ധ കാലത്ത് ഈ സൈറണുകൾ പ്രവർത്തിപ്പിച്ചിരുന്നു.
യമനിൽ നിന്ന് ഹൂതി വിഘടനവാദികൾ കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ചിരുന്നെങ്കിലും ആ സമയത്തൊന്നും സൈറൺ മുഴങ്ങിയിരുന്നില്ല. അതെ സമയം സൗദി സൈന്യം മിസൈൽ ആക്രമണം തകർത്തിരുന്നു.
വാർത്ത : നൗഫൽ പാലക്കാടൻ