കുവൈത്ത് സിറ്റി: സിനിമ സർക്കിൾ കുവൈത്ത് പ്രതിമാസ പ്രദർശനം ഇരുപതിലേക്ക് കടക്കുന്നു. ഇരുപതാമത് ചിത്രമായി പ്രദർശിപ്പിക്കുന്നത് കേരളത്തിലെ സമാന്തരസിനിമാ വേദികളിൽ ഏറ്റവും സജീവമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന, പ്രതാപ് ജോസഫ് സംവിധാനം ചെയ്ത “രണ്ടു പേർ ചുംബിക്കുമ്പോൾ” എന്ന മലയാള സിനിമയാണ്.

കലാമൂല്യമുള്ള സിനിമകൾ ഒന്നിച്ചിരുന്നു കാണാനും സംവദിക്കാനും ഒരു തുടർ വേദി എന്ന ആശയത്തിന്റെ തുടർച്ചയായി രൂപം കൊടുത്ത കൂട്ടായ്മയിൽ, വിവിധ ലോകഭാഷകളിലും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലുമായി നിരവധി മികച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി. സമാന്തര മലയാളസിനിമകളെ പ്രോത്‌സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളത്തിലെ സമാന്തരസിനിമാപ്രസ്ഥാനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നു.

ഒക്ടോവിയോ പാസിന്റെ ‘സൂര്യ ശിലയിലെ’ വരികൾ ഓർമ്മിപ്പിക്കുന്ന സിനിമയുടെ പേര് സൂപ്പിക്കുന്നത് പോലെ തന്നെ അത് മലയാളിയുടെ സദാചാര സങ്കൽപ്പങ്ങളെയും അതിന്റെ രാഷട്രീയ പരിസരത്തേയും പ്രശ്നവൽക്കരിക്കുന്നുണ്ട്. സമകാലിക സിനിമയുടെ ശൈലിയെ മാറ്റിപ്പണിയാൻ ശ്രമിക്കുന്നുണ്ട്. തന്റെ കാലത്തിന്റെ രാഷ്ട്രീയ പരിസരങ്ങളെ ചുറ്റുപാടിനെ ശക്തമായി കലയിലേക്ക് ആവാഹിക്കുന്നുണ്ട്. കോഴിക്കോട്ടെ ഓപ്പൺ സ്ക്രീൻ തീയറ്ററിൽ കഴിഞ്ഞ മാസം ദിവസങ്ങളോളം ഈ സിനിമ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചിരുന്നു. നവംബർ 16 വ്യാഴം – 7 മണിക്ക് – അബ്ബാസിയ ഫോക്ക് ഹാളിലാണ് സൗജന്യ പ്രദർശനവും ഓപ്പൺഫോറവും സംഘടിപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook