മനാമ: ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ഉന്നത തല ബിസിനസ് സംഘവും ബഹ്‌റൈന്‍ സാമ്പത്തിക വികസന ബോര്‍ഡും (ഇഡിബി) മൂന്നു കരാറുകള്‍ ഒപ്പുവച്ചു. ചൈന ഹൈടെക് ട്രാന്‍സ്ഫര്‍ സെന്റര്‍, ഷെന്‍സന്‍ ബെല്‍ട്ട് ആന്റ് റോഡ് ഇക്കണോമി, ടെക്‌നോളജി കോ ഓപറേഷന്‍ അസോസിയേഷന്‍, ഷെന്‍സന്‍ ക്രോസ് ബോര്‍ഡര്‍ ഇകൊമേഴ്‌സ് അസോസിയേഷന്‍ എന്നിവരുമായാണു കരാറുകള്‍ നിലവില്‍ വന്നത്.

ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സാമ്പത്തിക ബന്ധം ശക്തമാക്കുന്നതില്‍ ഈ ഇടപാടുകള്‍ മുഖ്യപങ്കു വഹിക്കുമെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇഡിബി ആതിഥ്യം വഹിക്കുന്ന ചൈന ഹൈ ടെക് ഫെയര്‍ ബഹ്‌റൈന്‍ ഫോറത്തില്‍ സംബന്ധിക്കാനാണു സംഘം ബഹ്‌റൈനില്‍ എത്തിയത്. ഇഡിബി ഉദ്യോഗസ്ഥരുമായി സംഘം ഉന്നത തല ചര്‍ച്ചയും നടത്തി. സ്വകാര്യമേഖലയുടെ പ്രതിനിധികളും സംബന്ധിച്ചു. ബഹ്‌റൈനിലെ ബിസിനസ് അവസരങ്ങള്‍ പരിപാടിയില്‍ അവതരിപ്പിച്ചു.

ഇഡിബി ചീഫ് എക്‌സിക്യൂട്ടീവ് ഖാലിദ് അല്‍ റുമൈഹിയാണു കരാറില്‍ ഒപ്പുവെച്ചത്. ചൈനയുമായുള്ള ബിസിനസ് ഇടപാടുകള്‍ക്കു ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള വ്യാപാര ബന്ധത്തിന്റെ മിഡില്‍ ഈസ്റ്റിലെ ഹൃദയമായി ബഹ്‌റൈന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ചൈനയുമായി നില്‍നില്‍ക്കുന്ന വ്യാപാര ഇടപാടുകള്‍ ശക്തമാക്കാനും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമുള്ള ബഹ്‌റൈനിന്റെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്നതാണു പുതിയ കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി ബഹ്‌റൈനില്‍ കുട്ടികള്‍ ഒത്തു ചേര്‍ന്നു
മനാമ: ബഹ്‌റൈനില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി കുട്ടികള്‍ ഒത്തു ചേര്‍ന്നു. ”എന്റെ മനോഹര തലസ്ഥാനം’ എന്ന പേരില്‍ സിത്രയില്‍ നടന്ന കൂട്ട നടത്തത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്ട് ഫോര്‍ ഓള്‍ ഫെഡറേഷനുമായി സഹകരിച്ചാണു പരിപാടി സംഘടിപ്പിച്ചത്.

അഡല്‍ട്ട് വാക്കത്തോണ്‍, ചില്‍ഡ്രന്‍ വാക്കത്തോണ്‍, മരം നടല്‍, കുട്ടികള്‍ക്കുള്ള ചിത്ര രചന എന്നീ പരിപാടികളാണ് ഒരുക്കിയിരുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചു ക്യാപ്പിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കുട്ടികള്‍ക്കായി ബോധ വല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു.

നഗരം പച്ചപ്പും വൃത്തിയുമുള്ളതാക്കി മാറ്റാനുള്ള ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ‘എന്റെ മനോഹര തലസ്ഥാനം’ എന്ന ക്യാംപെയില്‍ നടപ്പാക്കുന്നതെന്നു ക്യാപിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പബ്ലിക് റിലേഷന്‍സ് ചെയര്‍പഴ്‌സണ്‍ ഡോ. മഹാ അല്‍ ഷെഹാദ് പറഞ്ഞു. ഒരു പരിസ്ഥിതി സൗഹാര്‍ദ്ദ നഗരം സൃഷ്ടിക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള ജീവിതം ഉറപ്പു വരുത്തുകയും ലക്ഷ്യമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി സംരക്ഷണത്തിനായി സര്‍ക്കാരിതര സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുമായെല്ലാം കൈകോര്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും അവര്‍ പറഞ്ഞു.

ലോക പരിസ്ഥിതി ദിനം മുന്‍ നിര്‍ത്തി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ബോധം പുതു തലമുറയ്ക്കു പകര്‍ന്നു നല്‍കാനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നു ക്യാപ്പിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മാസെന്‍ അഹ്മദ് അല്‍ ഒംറാന്‍ പറഞ്ഞു. തലസ്ഥാന മുനിസിപ്പാലിറ്റി പരിധിയില്‍ 38 പാര്‍ക്കുകളും നടപ്പാതകളും പരിസ്ഥിതി സൗഹാര്‍ദ്ദമായി സംരക്ഷിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ഹരിതാഭമാക്കി മാറ്റുന്ന പ്രക്രിയ സുസ്ഥിര പരിസ്ഥിതി എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ