റിയാദ്: അസഹിഷ്ണുതയുടെ പുതിയ ഇരയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ചില്ല സർഗവേദിയുടെ സെപ്റ്റംബർ വായന. ഡോ.സുനിൽ പി.ഇളയിടം ഫോൺ ഇൻ ആയി തുടക്കം കുറിച്ചു സംസാരിച്ച പരിപാടിയിൽ ഗൗരി ലങ്കേഷിന്റെ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന ‘തോക്കാണ് ആയുധം, ഗോഡ്സെയാണ് ഗുരു’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി.

ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുകയും ഭിന്നാഭിപ്രായങ്ങൾക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾ കൂട്ടുകയും വ്യത്യസ്‌തകളെ മാനിക്കാനുമുള്ള സന്നദ്ധത സമൂഹത്തിൽ എമ്പാടും ഉണ്ടാകുകയും വേണമെന്ന് സുനിൽ പി.ഇളയിടം പറഞ്ഞു. ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയുടെ സൂക്ഷ്മരൂപങ്ങൾ നാമൊക്കെയും കൊണ്ടുനടക്കുന്നുണ്ടാകും. അതിനെയും വിമർശനാത്മകമായി മറികടക്കാനുള്ള ജാഗ്രത നമ്മിൽ തന്നെയും രൂപപ്പെടുന്നതിന് വേണ്ടിയുള്ള ആലോചനകൾ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

chilla, saudi arabia

ഫാസിസ് വെടിയുണ്ടകൾ ഇല്ലാതാക്കിയ ഗൗരി ലങ്കേഷിനെ അനുസ്മരിക്കുന്ന പുസ്തകം ‘തോക്കാണ് ആയുധം, ഗോഡ്സെയാണ് ഗുരു’ എന്ന പുസ്തകം ജയചന്ദ്രൻ നെരുവമ്പ്രത്തിന് നൽകി എഴുത്തുകാരി ബീനയാണ് പ്രകാശനം നിർവഹിച്ചത്. എം.ഫൈസൽ പുസ്തകം അവതരിപ്പിച്ചു. ഗോഡ്‌സെയുടെ അതേ വെടിയുണ്ടകൊണ്ട് സ്വതന്ത്രവും ധീരവുമായ ശബ്ദങ്ങളെ ഇല്ലാതാക്കാൻ അനുവദിക്കില്ല എന്നോർമിപ്പിക്കുകയാണ് ഈ പുസ്തകം. നമ്മെളെല്ലാവരും ഗൗരി ലങ്കേഷുമാരാണെന്ന് പ്രഖ്യാപിക്കുന്ന നിലപാടുള്ള പുസ്തകത്തിൽ സച്ചിദാനന്ദൻ, കെ.ജി.എസ, സക്കറിയ, ശശികുമാർ, ബി.ആർ.പി.ഭാസ്കർ, വി.മധുസൂദനൻ നായർ, പ്രകാശ് രാജ്, ചിദാനന്ദ രാജ്ഘട്ട, കെ.ഇ.എൻ, കെ.പി.രാമനുണ്ണി, കെ.ആർ.മീര, ബെന്യാമിൻ, പി.എൻ.ഗോപീകൃഷ്‌ണൻ, സലാം മാഡം, ചേതന തീർത്ഥഹള്ളി, ചൈതന്യ കെ.എം, അജയ് പി.മാങ്ങാട്, കെട്ടി കുഞ്ഞിക്കണ്ണൻ, അനിൽകുമാർ തിരുവോത്ത്, ഇ.കെ.അബ്ദുൽ ഹക്കീം, എൻ.എസ്.സജിത് എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെടുന്നു. പ്രോഗ്രസ്‌ബുക്സ് പ്രസാധകരായുള്ള പുസ്തകത്തിന്റെ എഡിറ്റർ വി.മുസഫർ അഹമ്മദാണ്. ജോസഫ് അതിരുങ്കൽ, നജിം കൊച്ചുകലുങ്ക്, ശിഹാബ് കുഞ്ചിസ്, റസൂൽ സലാം, അബ്ദുൽ ലത്തീഫ് എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

chilla, saudi arabia

കെ.സച്ചിദാനന്ദൻ എഡിറ്റുചെയ്ത ‘വേഡ്സ് മാറ്റർ: റൈറ്റിങ്സ് എഗൻസ്റ്റ് സൈലൻസ്’ എന്ന പുസ്തകം ശമീം തളാപ്രത്ത് അവതരിപ്പിച്ചു. നയൻ‌താരാ സൈഗൾ, റോമിളാ താപ്പർ, ഗോപാൽ ഗുരു, ഗീതാ ഹരിഹരൻ, എ.ആർ.വെങ്കിടചലപതി, അനന്യാ വാജ്‌പേയ് തുടങ്ങിയവർ എഴുതിയിരിക്കുന്നു. കൂടാതെ കൊല്ലപ്പെട്ട സ്വതന്ത്രചിന്തകരായ നരേന്ദ്ര ദാഭോൽക്കർ, ഗോവിന്ദ് പൻ‌സാരെ, മല്ലേശപ്പാ കാൾ‌ബുർഗി എന്നിവരുടെ കൃതികളിൽനിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകത്തിന് ഈ സമയത്ത് പ്രസക്തി ഏറെയുണ്ടെന്ന് ശമീം പറഞ്ഞു. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ അനീസ് സലിമിന്റെ ‘ദ സ്മാൾ ടൗൺ സീ’ എന്ന പുസ്തകത്തിന്റെ വായനാനുഭവം അഖിൽ ഫൈസൽ പങ്കിട്ടു. പതിമൂന്നു വയസ്സുകാരന്റെ ജീവിതാനുഭവങ്ങളിലൂടെ സൗഹൃദത്തെയും കുടുംബത്തെയും വായിക്കുന്ന നോവലിന്റെ ആസ്വാദനം ഹൃദ്യമായി. തുടർന്ന് നടന്ന സർഗസംവാദത്തിൽ ജയചന്ദ്രൻ നെരുവമ്പ്രം, ആർ.മുരളീധരൻ, ബീന, പ്രിയ സന്തോഷ്, പ്രദീപ് രാജ്, വിപിൻ, എം.ഫൈസൽ, നൗഫൽ പൂവക്കുറിശ്ശി എന്നിവർ പങ്കെടുത്തു. ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ നൗഷാദ് കോർമത്ത് മോഡറേറ്റർ ആയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook