റിയാദ്: ഡയസ്പോറ സാഹിത്യവും അതിന്റെ വിവിധ മാനങ്ങളും അന്വേഷിക്കുന്ന സാഹിത്യസംവാദത്തിന് ചില്ല സർഗവേദി തുടക്കം കുറിച്ചു. വിവിധ ഇന്ത്യൻ ഡയസ്പൊറകളെ സംബന്ധിച്ച പ്രാഥമിക ചർച്ചയാണ് ഈ ശ്രേണിയിലെ ആദ്യ പരിപാടിയിൽ നടന്നത്. ലോകത്തെ മറ്റു വംശീയ ഭൂപ്രദേശങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഗൾഫിലെ മലയാളി ഡയസ്പോറയും അതിന്റെ സാഹിത്യവും ചർച്ചയിൽ വിഷയമായി.

ഡയസ്‌പോറ സാഹിത്യത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ഏറ്റവും നന്നായി വായിച്ചെടുക്കാനാകുന്ന വിധം ഈ അന്വേഷണത്തെ കൊണ്ടുപോകാനുള്ള പദ്ധതിയാണ് ചില്ല സർഗവേദി വിഭാവനം ചെയ്യുന്നതെന്ന് വിഷയം അവതരിപ്പിച്ചു സംസാരിച്ച നൗഷാദ് കോർമ്മത് പറഞ്ഞു. എം.ഫൈസൽ, ആർ. മുരളീധരൻ, പ്രിയ സന്തോഷ്, ശമീം തളാപ്രത്ത്, സുനിൽകുമാർ, റഫീഖ് പന്നിയങ്കര, കുഞ്ഞിമുഹമ്മദ് ഉദിനൂർ, ഡാർലി തോമസ് എന്നിവർ സംസാരിച്ചു.

‘എന്റെ വായന’ എന്ന ശീർഷകത്തിൽ നടക്കുന്ന പ്രതിമാസ വായന ഇന്തോ-അമേരിക്കൻ നോവലിസ്റ്റായ അഖിൽ ശർമയുടെ ‘ഫാമിലി ലൈഫ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കിട്ട് സ്‌കൂൾ വിദ്യാർത്ഥിയായ അഖിൽ ഫൈസൽ തുടക്കം കുറിച്ചു.

Saudi Arabia, riyadh, chilla

പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ

കെ.പി. അപ്പന്റെ ‘സമയപ്രവാഹവും സാഹിത്യകലയും ‘ ആർ.മുരളീധരനും, ‘മധുരം നിന്റെ ജീവിതം ‘ എം.ഫൈസലും അവതരിപ്പിച്ചു. ഡി.എൻ. ത്സാ രചിച്ച സമകാലിക പ്രസക്തിയുള്ള ‘വിശുദ്ധ പശു’വിന്റെ വായനാനുഭവം ഇഖ്ബാൽ കൊടുങ്ങല്ലൂരും, കെ.ദാമോദരന്റെ ‘ഭാരതീയ ചിന്ത’ ബീനയും പങ്കുവച്ചു. ലിയോ ടോൾസ്റ്റോയിയുടെ ‘അന്നാ കരെനീന’ നിപിനും , എം.മുകുന്ദന്റെ ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ സുരേഷ് ബാബുവും അവതരിപ്പിച്ചു. സുനിൽ ഏലംകുളം ശൂദ്രകന്റെ ‘മൃച്ഛകടികം’ എന്ന പ്രാചീനകാലനാടകത്തിന്റെ വായന നടത്തി. അനിത നസീം സംഗീത ശ്രീനിവാസന്റെ ‘ആസിഡ്’ എന്ന നോവലിന്റെ വായനാനുഭവം പങ്കുവച്ചു.

ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നജിം കൊച്ചുകലുങ്ക്, റാഷിദ് ഖാൻ,ജോഷി പെരിഞ്ഞനം, നജ്മ നൗഷാദ്, സംഗീത വിജയകുമാർ,ശിഹാബുദ്ദീൻ കുഞ്ചിസ്‌, ഇ.പ്രദീപ് കുമാർ, ജാബിറലി, സലിം പള്ളിയിൽ, അമൻ, സിമി, അൻവർ.പി.വി, പ്രഭാകരൻ, മുനീർ വട്ടേക്കാട്ടുകര, വിജയകുമാർ.എൻ, അഖിൽ അബ്ദുല്ല, ഫാത്തിമ സഹ്‌റ, സഫ്ദർ എന്നിവർ സംബന്ധിച്ചു.

വാർത്ത: നൗഷാദ് കോർമോത്ത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ