/indian-express-malayalam/media/media_files/uploads/2017/08/chilla1.jpg)
റിയാദ്: കഥയും അതിന്റെ സ്ഥലരാശിയും വായനക്കാരനു നേരിട്ടനുഭമാകുകയും അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്ത അപൂർവ സന്ദർഭത്തിന് ചില്ല സർഗവേദിയുടെ ഓഗസ്റ്റ് ഒത്തുചേരൽ വേദിയായി. എംടിയുടെ ആത്മകഥാംശമുള്ള ‘നിന്റെ ഓർമയ്ക്ക് ’, ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് ’ എന്നീ കഥകളിലൂടെയും, ഈ രണ്ടുകഥയ്ക്കും പശ്ചാത്തലമായ കഡുഗണ്ണാവ എന്ന ഉൾനാടൻ ശ്രീലങ്കന്‍ പട്ടണത്തിലെ അനുഭവങ്ങളും നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചത് ഹൃദ്യമായി. നേരത്തെ കാത്തി റീച്ച്സിന്റെ "ക്രോസ്സ് ബോൺസ്" എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് ഷിഹാബുദീൻ കുഞ്ചിസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ആക്സെൽ മുന്തേയുടെ വിശ്വപ്രസിദ്ധ 'സാൻ മിഷേലിന്റെ കഥ" എന്ന ഓർമക്കുറിപ്പുകൾ ഡാർലി തോമസ് അവതരിപ്പിച്ചു. ആർ.മുരളീധരൻ മാഴ്സൽ പ്രൗസ്റ്റിന്റെ "ഇൻ സേർച്ച് ഓഫ് ലോസ്റ്റ് ടൈം" എന്ന നോവലിന്റെ വായനാനുഭവം പങ്കിട്ടു. സി.വി.ബാലകൃഷ്ണന്റെ "ആയുസിന്റെ പുസ്തകം" കെ.എൻ.അബ്ദുൽ ലത്തീഫ് മുണ്ടേരി അവതരിപ്പിച്ചു.
തുടർന്ന് നടന്ന സർഗസംവാദത്തിന് ടി.ആർ.സുബ്രഹ്മണ്യൻ തുടക്കം കുറിച്ചു. ലീന സുരേഷ്, അനസൂയ, റസൂൽ സലാം, ശമീം തളാപ്രത്ത്, പ്രദീപ് രാജ്, നന്ദൻ, രവീന്ദ്രൻ യു, പ്രഭാകരൻ എം.വി, സെബിൻ ഇഖ്ബാൽ, ജോഷി പെരിഞ്ഞനം എന്നിവർ സംസാരിച്ചു. ഷിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ പരിപാടിയിൽ നൗഷാദ് കോർമത്ത് മോഡറേറ്ററായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.