റിയാദ്: പുസ്തകാവതരണത്തിന്റെയും സർഗസംവാദത്തിന്റെയും നിറവിൽ ചില്ല സർഗവേദിയുടെ 2018ലെ ആദ്യ ഒത്തുച്ചേരൽ. ഡാൻ ബ്രൗണിന്റെ ഒറിജിൻ എന്ന നോവലിന്റെ മികവാർന്ന വായനാനുഭവം പങ്കുവച്ചുകൊണ്ട് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി അനസൂയ സുരേഷ് വായനക്ക് തുടക്കം കുറിച്ചു. തുടർന്ന് അവതരണം കൊണ്ടും ഉള്ളടക്കം കൊണ്ടും വൈവിധ്യം നിറഞ്ഞ പുസ്തകങ്ങളുടെ അനുഭവങ്ങൾ വായനക്കാർ പങ്കുവച്ചു.

സണ്ണി എം.കപിക്കാടിന്റെ ജനതയും ജനാധിപത്യവും നിജാസും അബു ഇരിങ്ങാട്ടിരിയുടെ സുലൈഖാ സ്വയംവരം കൊമ്പൻ മൂസയും വിനോയ് തോമസിന്റെ രാമച്ചി ബീനയും ആനന്ദ് നീലകണ്ഠന്റെ ദുര്യോധനൻ ഇഖ്ബാൽ കൊടുങ്ങല്ലൂരും അവതരിപ്പിച്ചു. മനുഷ്യജീവിതത്തിന്റെ ആദിമദ്ധ്യാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രസാദ്ധ്യതകളെ ആഖ്യാനം ചെയ്യുന്നതായിരുന്നു ഒറിജിൻ എന്ന പുസ്തകത്തിന്റെ അവതരണം. പുതിയ കാലത്തിന്റെ രാഷ്ട്രീയവികാസങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എഴുതപ്പെട്ട ദുര്യോധനൻ എന്ന നോവൽ അനുഭവവിവരണം ആസ്വാദ്യകരമായിരുന്നു. രാമച്ചി അടക്കമുള്ള കഥകളുടെ സാമൂഹ്യ ഉള്ളടക്കവും ഭാഷാ-രചനാ ശൈലിയും പുതിയ കാലത്തെ കഥയുടെ ചിഹ്നമായിട്ടാണ് ആസ്വാദനത്തിൽ തെളിഞ്ഞത്.

നമ്മുടെ ജീവിതസന്ദർഭങ്ങളിലെ നർമ്മപൂർണ്ണമായ സംഭവങ്ങളെ ലളിതമായി ആഖ്യാനം ചെയ്ത സുലൈഖാസ്വയംവരം വായക്കാർക്ക് പ്രിയങ്കരമായി. തുടർന്നു നടന്ന ചർച്ചയിൽ ജനതയും ജനാധിപത്യവും ഉയർത്തുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾക്കാണ് ഊന്നൽ ലഭിച്ചത്. ചർച്ചയിൽ റസൂൽ സലാം, ഷമീം, നിജാസ്, കൊമ്പൻ മൂസ, അഖിൽ ഫൈസൽ, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ശിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എം.ഫൈസൽ മോഡറേറ്ററായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ