റിയാദ്: പുസ്തകവായനാനുഭവവും സംവാദവും നിറഞ്ഞ ചില്ലയുടെ സർഗവേദിയിൽ സാംസ്കാരിക-മനുഷ്യാവകാശ പ്രവർത്തകനായ ആർ.മുരളീധരൻ സഹവായനക്കാരോട് യാത്ര ചോദിച്ചു. റിയാദിലെ മലയാളികൾക്കിടയിൽ സാംസ്കാരികമായും മനുഷ്യാവകാശപരമായുമുള്ള വിഷയങ്ങളിൽ ഇടപെട്ടിരുന്ന ആർ.മുരളീധരന്റെ മറുനാടൻ ജീവിതത്തിന് ഉചിതമായ ആദരമാണ് ചില്ല ആവിഷ്കരിച്ചത്.

ആനന്ദിന്റെ ‘സംവാദം’ എന്ന കഥാപുസ്തകം അവതരിപ്പിച്ചുകൊണ്ട് ജയചന്ദ്രൻ നെരുവമ്പ്രം ചില്ലയുടെ ഡിസംബർ വായനയ്ക്ക് തുടക്കം കുറിച്ചു. ജോർജ്ജ് ഓർവെലിന്റെ ‘അനിമൽ ഫാം’ എന്ന നോവലിന്റെ വായന ഇഖ്ബാൽ കൊടുങ്ങല്ലൂർ നടത്തി. പ്രദീപൻ പാമ്പിരിക്കുന്ന് രചിച്ച ‘എരി’ എന്ന നോവലിന്റെ വായനാനുഭവം അനിത നസീം പങ്കിട്ടു. അരവിന്ദ് അഡിഗയുടെ ആദ്യ നോവലായ ‘ദി വൈറ്റ് ടൈഗർ’ അഖിൽ ഫൈസലും, ഓഷോയുടെ ‘അവൻ തുറന്നരഹസ്യമാകുന്നു’ എന്ന പുസ്തകം കൊമ്പൻ മൂസയും അവതരിപ്പിച്ചു.

‘ചില്ല’യിലൂടെ ഉണ്ടായ വായനാനുഭവങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ തന്റെ അനുഭവങ്ങളും വിവരിച്ചുകൊണ്ടാണ് ആർ.മുരളീധരൻ വായനക്കൂട്ടത്തിനോട് യാത്ര പറഞ്ഞത്. എം.ഫൈസൽ, ബീന, വിപിൻ, പ്രിയ സന്തോഷ്, ലീന, നൗഫൽ പൂവക്കുറിശ്ശി, നജ്മ നൗഷാദ്, സീബ അനിരുദ്ധൻ, അബ്ദുല്ലത്തീഫ് മുണ്ടരി, ഷമീം തളാപ്രത്ത്, റഫീഖ് പന്നിയങ്കര, ഡാർലി തോമസ്, നിബു വർഗീസ് എന്നിവർ സംസാരിച്ചു. ആർ.മുരളീധരന് ചില്ലയുടെ ഉപഹാരമായ പുസ്തകം നൗഷാദ് കോർമത്ത് കൈമാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook