റിയാദ്: ചില്ല അംഗമായ ബീനയുടെ രണ്ടാമത്തെ നോവലായ ‘ഒസ്സാത്തി’ അവതരിപ്പിച്ചുകൊണ്ട് ചില്ല പ്രതിമാസവായനാ പരിപാടി സംഘടിപ്പിച്ചു. സിദ്ധാന്തങ്ങളുടെ ഉരുക്കുശക്തിയുള്ള പുറന്തോടുകളെ തുരന്ന് വ്യാപിക്കാൻ വേണ്ട തീവ്രശേഷിയുള്ള ജാതീയതയെ ചർച്ചയാക്കുന്ന നോവലാണ് ‘ഒസ്സാത്തി’യെന്ന് ജൂൺ വായനക്ക് തുടക്കം കുറിച്ചുകൊണ്ട് നന്ദൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ മുസ്ലീം സമൂഹത്തിൽ രൂപപ്പെട്ടുവന്ന ജാതീയതയെ ഒസ്സാന്മാരുടെ ജീവിത പശ്ചാത്തലത്തിലാണ് നോവൽ പരിശോധിക്കുന്നതെന്ന് നന്ദൻ പറഞ്ഞു.

ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. ഔദ്യോഗിക ജീവിതത്തിൽ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള വമ്പൻസ്രാവുകളെ എങ്ങനെ പ്രതിരോധിച്ചുവെന്നാണ് പുസ്‌തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നതെന്ന് നജിം പറഞ്ഞു.

അരുന്ധതി റോയിയുടെ പുതിയ നോവൽ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്’ ശമീം തളാപ്രത്ത് അവതരിപ്പിച്ചു. കഥ പറച്ചിലില്‍ അരുന്ധതി റോയ്ക്കുള്ള മാന്ത്രികത തുറന്ന് കാട്ടുന്നതാണ് രണ്ട് ദശകത്തിനു ശേഷം പുറത്തിറങ്ങുന്ന നോവലെന്ന് ശമീം അഭിപ്രായപ്പെട്ടു.

ഹെൻറി ഷാരിയറിന്റെ ‘പാപ്പിയോൺ’ എന്ന ആത്മകഥാംശമുള്ള കൃതിയുടെ വായനാനുഭവം ഇഖ്ബാൽ കൊടുങ്ങല്ലൂർ പങ്കുവെച്ചു. സ്വതന്ത്രമായി ജീവിക്കണമെന്ന ഒരു വ്യക്തിയുടെ തീവ്രമായ അഭിലാഷങ്ങളും ശ്രമങ്ങളുമാണ് ഹെൻറി ഷാരിയർ പറയുന്നത്. ദീപക് ഉണ്ണികൃഷ്‌ണന്റെ ‘ടെംപററി പീപ്പിൾ’ എന്ന പുസ്തകം നൗഷാദ് കോർമത്ത് അവതരിപ്പിച്ചു. ഗൾഫ് പ്രവാസത്തെ അടിസ്ഥാനമാക്കി രചിച്ച നോവൽ ലോക ഡയസ്പോറ സാഹിത്യത്തിൽ ഗൾഫ് വാസത്തെ, വിശിഷ്യാ ഗൾഫ് മലയാളിയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന കൃതിയാണെന്ന് നൗഷാദ് അഭിപ്രായപ്പെട്ടു.

ഫ്രഞ്ച് എഴുത്തുകാരൻ ആന്ദ്രേ ബ്രെട്ടൻറെ ആദ്യ സർറിയലിസ്റ്റ് നോവലായ നദ്‌ജയുടെ (Nadja) വായനാനുഭവം ആർ.മുരളീധരൻ നടത്തി. ആത്മകഥാപരമായ ഈ നോവലിൽ ബ്രിട്ടന്റെയും ആകസ്മികമായി കണ്ടുമുട്ടിയ നദ്‌ജ എന്ന സ്ത്രീയുടെയും ഭ്രാന്തമായ പ്രണയത്തിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടന്റെ തന്നെ സർറിയലിസ്റ്റ് മാനിഫെസ്റ്റോയുടെ തത്വങ്ങളെ സാധൂകരിക്കുകയും മനുഷ്യമനസ്സിന്റെ അബോധ പ്രേരണകളെയും വസ്തുനിഷ്ഠയാഥാര്‍ത്ഥ്യങ്ങളേയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നു.

തുടർന്ന് നടന്ന സർഗസംവാദത്തിൽ എം.ഫൈസൽ, റഫീഖ് പന്നിയങ്കര, ജയചന്ദ്രൻ നെരുവമ്പ്രം, റസൂൽ സലാം, ടി.ആർ.സുബ്രഹ്മണ്യം, അനിത നസിം, സുനിൽ കുമാർ ഏലംകുളം, നജ്മ നൗഷാദ്, അബ്ദുൽ ലത്തീഫ് മുണ്ടരി എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ