മനാമ: സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി. റെധാ ഖമര്‍ എന്ന ബഹ്‌റൈനി കുട്ടിയാണ് ചൊവ്വാഴ്ച മരിച്ചത്. ഈ വര്‍ഷം ചികില്‍സയ്ക്കിടെ മരിക്കുന്ന അഞ്ചാമത്തെ കുട്ടിയാണിത്. മരണത്തില്‍ അടിയന്തിരമായി അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി ഫേഖ അല്‍ സാലെ് ഉത്തരവിട്ടു. ദൗര്‍ഭാഗ്യകരമായ ഈ സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ നല്‍കാന്‍ സല്‍മാനിയ ആശുപത്രിയിലെ ബന്ധപ്പെട്ട കമ്മിറ്റിയോട് ആവശ്യപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.

ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശരീര താപനിലയില്‍ സ്ഥിരതയില്ലാത്തതിനെ തുടര്‍ന്നു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കുട്ടി മരിച്ചതായി അറിയിക്കുകയും ചെയ്തു. കൂടാതെ മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്താനും കുട്ടിക്കു വേണ്ട എല്ലാ ആരോഗ്യ പരിചരണങ്ങളും ലഭ്യമായെന്ന് ഉറപ്പുവരുത്താനും ‘ദി ഡെത്ത് ആന്‍ഡ് കോംപ്ലിക്കേഷന്‍സ് കമ്മിറ്റി’യ്ക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യമേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ചതാണ് ഈ കമ്മിറ്റി.

പ്രാഥമികാന്വേഷണത്തില്‍ ആവശ്യമായി ചികിത്സയും പരിചരണവും കുട്ടിക്കു ലഭിച്ചതായാണു കണ്ടെത്തിയത്. കുട്ടിയെ ഇവിടെ കൊണ്ടുവരുമ്പോള്‍ തന്നെ നില വഷളായിരുന്നെന്നും മൂന്നാഴ്ചയോളം ഐസിയുവില്‍ കിടത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ കുട്ടിയുടെ രോഗം എന്തായിരുന്നു എന്നത് സംബന്ധിച്ച് വെളിപ്പെടുത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ