മനാമ: ബഹ്‌റൈനില്‍ ചെമ്മീന്‍ പിടിത്ത നിരോധനം നിലവില്‍ വന്ന ശേഷം അനധികൃതമായി പിടികൂടിയ 600 കിലോ ചെമ്മീന്‍ കണ്ടു കെട്ടിയതായി കോസ്റ്റ് ഗാര്‍ഡ് കമാന്റര്‍ ബ്രിഗേഡിയര്‍ അസാ സിയാദി പറഞ്ഞു. രണ്ടു മാസത്തിനുള്ളിലാണ് ഇത്രയും ചെമ്മീന്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കി. ഇത്തരത്തിലുള്ള 22 കേസുകളാണുള്ളത്. 614 കിലോ ചെമ്മീന്‍ കണ്ടെടുത്തതിനൊപ്പം 10 ചെമ്മീന്‍ പിടിത്ത വലകളും പിടികൂടിയതായി അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് രാജ്യത്ത് ചെമ്മീന്‍ പിടിത്തം നിരോധനം. ചെമ്മീന്‍ പ്രചനന കാലം കണക്കിലെടുത്താണ് പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ നഗരാസൂത്രണ മന്ത്രി ഇസാം ഖലാഫ് നിരോധനം പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച 27-ാമത് പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉത്തരവ് ഇറങ്ങിയശേഷം ബഹ്‌റൈന്‍ തീരക്കടലില്‍ അനധികൃത ചെമ്മീന്‍ പിടിത്തവും വില്‍പ്പനയും കള്ളക്കടത്തും തടയുന്നതിനു കര്‍ശനമായ പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെ രാജ്യത്ത് പലഭാഗങ്ങളിലും അനധികൃത ചെമ്മീന്‍ വിൽപ്പന നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സമുദ്രോല്‍പ്പന്നങ്ങളുടെ സംരക്ഷണം മുന്‍ നിര്‍ത്തി മല്‍സ്യങ്ങളുടെ ഉല്‍പ്പാദന കാലത്ത് നടപ്പാക്കുന്ന മല്‍സ്യ ബന്ധന നിരോധനം 1980 മുതല്‍ ബഹ്‌റൈന്‍ നടപ്പാക്കി വരികയാണ്. മന്ത്രിയുടെ ഉത്തരവു പ്രകാരം നിയമ ലംഘനം പിടികൂടിയാല്‍ തടവും പിഴയും വിധിക്കാവുന്ന കുറ്റമാണ്. കൂടാതെ ബോട്ടും മല്‍സ്യബന്ധന ഉപകരണങ്ങളും കണ്ടു കെട്ടാനും ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ