കുവൈത്ത്: ഗുരുതരമായ വൃക്കരോഗം ബാധിച്ചു കുവൈറ്റിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലുള്ള 55കാരനായ സതീശൻ ഉദാരമതികളുടെ സഹായം തേടുന്നു. കുവൈത്തിലെ ഒരു സ്വകാര്യ മാൻപവർ സപ്ലൈ കമ്പനിയിൽ കാർ ഡ്രൈവറായി ജോലി നോക്കിയിരുന്ന തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയായ സതീശൻ അടിയന്തിര ശസ്ത്രക്രിയയ്ക്കും മൂന്നു മാസത്തെ ചികിത്സക്കും ശേഷം ഇന്നലെ ആശുപത്രി വിട്ടെങ്കിലും നാട്ടിലേക്കു തിരിച്ചു പോകുവാനും തുടർചികിത്സ നടത്തുവാനും മാർഗമില്ലാതെ സുമനസ്സുകളുടെ സഹായം കാത്ത് കഴിയുകയാണ്.
നിസാരവരുമാനക്കാരനായിരുന്ന സതീഷ് രണ്ടു ദിവസം മുൻപാണ് അദാൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി മംഗഫിലുള്ള താമസസ്ഥലത്തേക്ക് പോയത്. രണ്ട് മാസത്തെ ചികിത്സക്കിടയിൽ നടത്തപ്പെട്ട വിവിധ തരം സ്‌കാനിങ്ങുകൾക്കും മറ്റു വിദഗ്ധ പരിശോധനകൾക്കുമായി ചിലവായ പൈസ അടക്കാതെ ആശുപത്രി വിടുവാൻ സാധിക്കുകയില്ല എന്നതിനാൽ പലരിൽ നിന്നും വലിയൊരു സംഖ്യ കടം വാങ്ങിയാണ് ബില്ലടച്ചത്.
ഇതുവരെ സ്പോൺസറോ ഉത്തരവാദിത്വപ്പെട്ട കമ്പനി അധികൃതരോ ആരും വിവരങ്ങൾ അന്വേഷിക്കുകയോ രോഗിയെ സന്ദർശിക്കുകയോ ചെയ്തതുമില്ല. മൂന്നു മാസമായി വെന്റിലേറ്ററിലും, തുടർന്ന് സർജിക്കൽ വാർഡിലും കഴിഞ്ഞതിനാൽ സതീശൻ മാനസികമായി വളരെ തളർന്ന അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ എങ്ങിനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന മാനസികാവസ്ഥയിലുമാണ്.
വിവരങ്ങൾ കേട്ടറിഞ്ഞു സാന്ത്വനം കുവൈറ്റിന്റെ പ്രവർത്തകർ സതീശനെ സന്ദർശിക്കുകയും ഇന്നു വൈകീട്ട് അടിയന്തിര സാമ്പത്തിക സഹായം കൈമാറുകയും ചെയ്തു. ഇനിയും മറ്റുള്ളവരുടെ കൂടി സഹായമുണ്ടെങ്കിലേ ബാധ്യതകൾ തീർത്തു സതീശന്റെ നാട്ടിലേക്കുള്ള മടക്കവും തുടർ ചികിത്സയും സാധ്യമാകൂ.
നാട്ടിൽ രണ്ടു പെൺകുട്ടികളും ഭാര്യയും അമ്മയുമടങ്ങുന്നതാണു കുടുംബം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് സഹായമെത്തിക്കാനും കഴിയില്ല. നാട്ടിലേക്ക് തിരിച്ചു പോയാൽ കിഡ്‌നി മാറ്റിവെക്കൽ മാത്രമാണ് തുടർചികിത്സയായി ചെയ്യേണ്ടത്. അതിനു കഴിയാത്ത പക്ഷം തുടർച്ചയായി ഡയാലിസിസ് നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകുക മാത്രമായിരിക്കും സതീശന് ചെയ്യാൻ കഴിയുക. ഡയാലിസിസ് ചെയ്യുകയെന്നതും സാമ്പത്തിക ചിലവുള്ള കാര്യമാണ്, പ്രത്യേകിച്ചും മറ്റു വരുമാനമാർഗ്ഗമൊന്നും ഇല്ലാത്ത കുടുംബത്തിന് മുൻപിൽ അതൊരു ചോദ്യചിഹ്നം തന്നെയാണ്.
സതീശനെ സഹായിക്കുവാൻ താല്പര്യമുള്ള സുമനസ്സുകൾക്കു 69335720 എന്ന നമ്പരിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
ബാങ്ക് അക്കൗണ്ട് നമ്പർ : 1133103053942 , സതീഷ് കെ. ജി., കാനറ ബാങ്ക്, വലപ്പാട്.
വാർത്ത അയച്ചത്: ശശീന്ദ്രൻ തട്ടുപറമ്പിൽ