റിയാദ് : രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിന് സ്റ്റിക്കർ പതിച്ചുള്ള ചേംബർ അറ്റസ്റ്റേഷൻ ഇനിയിയുണ്ടാവില്ല. ഓൺലൈൻ വഴി മാത്രമായിരിക്കും ഇനി രേഖകൾ സാക്ഷ്യപ്പെടുത്തുക.

റിയാദ് എക്സിറ്റ് പത്തിലെ കിംഗ് അബ്ദുള്ള റോഡിൽ പ്രവർത്തിക്കുന്ന ചേംബർ ഓഫ് കോമേഴ്‌സ് ആസഥാനത്ത് സ്ഥാപന ഉടമ നേരിട്ടെത്തി ഓണലൈൻ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. സൗദി അറേബ്യയിൽ കൊമേഷ്യൽ റജിസ്ട്രേഷനുളള സ്ഥാപനങ്ങൾ പുറത്തിറക്കുന്ന രേഖകളാണ് ചേംബർ ഓഫ് കൊമേഴ്‌സ് സ്റ്റിക്കർ പതിച്ച് സാക്ഷ്യപ്പെടുത്തി നൽകിയിരുന്നത്. ഫാമിലി വിസ, വിസിറ്റിംഗ് വിസ ,ബിസിനസ് വിസ, സാലറി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സെർട്ടിഫിക്കറ്റ്, തുടങ്ങി എല്ലാ രേഖകളും ഇനി ഓൺലൈൻ വഴി നൽകുന്ന ബാർകോഡ് ആയിരിക്കും സാക്ഷ്യപ്പെടുത്തലായി പരിഗണിക്കുക.

നവംബർ ഒന്നാം തിയ്യതിയോടെ പൂർണമായും ഓൺലൈനിലേക്ക് മാറിയതായി റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് അധികൃതർ അറിയിച്ചു. ചേമ്പർ അനുവദിക്കുന്ന പാസ്സ്‌വേർഡ് ഉപയോഗിച്ചു സ്പോൺസർ ചുമതലപ്പെടുത്തുന്നയാൾക്ക് ഓഫീസിലിരുന്ന് രേഖകൾ സാക്ഷ്യപ്പെടുത്താവുന്നതാണ്. തുടർന്ന് ലഭിക്കുന്ന ബാർകോഡ് ഉപയോഗിച്ച് വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പോയി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ നടപടിക്രമങ്ങൾ ചേംബർ ഓഫ് കൊമേഴ്‌സ് വെബ്സൈറ്റ് വഴി പൂർത്തിയാകാവുന്നതാണ്.

 

വാർത്ത : നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook