ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉത്സവ സീസണില്‍ വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന പ്രവണത തിരുത്തുമെന്ന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ തന്നെ സംസ്ഥാനം കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. അവരിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ട് എന്ന്‍ മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

പുതുതായി തുടങ്ങുന്ന കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍, കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കൂടതല്‍ ആഭ്യന്തര സര്‍വീസുകള്‍ എന്നീ ആവശ്യങ്ങള്‍ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത എയര്‍ലൈന്‍ കമ്പനികളുടെ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഉത്സവ സീസണുകളില്‍ നിരക്ക് വര്‍ധന ഒഴിവാക്കുന്നതിന് വിദേശ വിമാനകമ്പനികള്‍ക്ക് നിശ്ചിത ദിവസത്തേക്ക് കൂടതല്‍ സീറ്റ് അനുവദിക്കാന്‍ മന്ത്രാലയം തയാറാണെന്ന് യോഗത്തില്‍ പങ്കെടുത്ത സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗബേ പറഞ്ഞു. ഉഭയകക്ഷി കരാര്‍ പ്രകാരമാണ് വിദേശ വിമാന കമ്പനികള്‍ക്ക് മന്ത്രാലയം സീറ്റ് അനുവദിക്കുന്നത്. മുന്‍കൂട്ടി സീറ്റ് വര്‍ധന തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ പങ്കെടുത്ത എയര്‍ലൈന്‍ കമ്പനികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതല്‍ ആലോചന നടത്തി.തീരുമാനമെടുക്കുമെന്നും ചൗബേ അറിയിച്ചു.

ഉത്സവ സീസണില്‍ യാത്രക്കാരുടെ തിരക്ക് കൂടുമ്പോള്‍ നിരക്ക് വര്‍ധിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. അതിന് ഒരുവിധ ന്യായീകരണവുമില്ല. പ്രവാസി മലയാളികളുടെ മുഖ്യ പരാതിയാണ് നിരക്കിലെ യുക്തിരഹിതമായ വര്‍ധന. യൂറോപ്പിലേക്കുള്ള നിരക്കിലും കൂടുതലാണ് ചില സീസണില്‍ ഗള്‍ഫിലേക്ക് ഈടാക്കുന്നത്. യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ജോ. സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും 20 എയര്‍ലൈന്‍ കമ്പനികളുടെ മേധാവികളും പങ്കെടുത്തു. വ്യോമയാന മേഖലയുടെ വികസനത്തിന് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ ഉന്നതതല യോഗം വിളിക്കുന്നത് ആദ്യമാണെന്ന് സെക്രട്ടറി ചൗബേ പറഞ്ഞു.

കൂടുതല്‍ സര്‍വീസ് നടത്തുന്നതിന് പ്രോത്സാഹനമെന്ന നിലയില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്‍റെ (എടിഎഫ്) വാറ്റ് സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കണമെന്ന ആവശ്യം യോഗത്തില്‍ എയര്‍ലൈന്‍ കമ്പനികള്‍ ഉന്നയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. തീരുമാനം വൈകാതെ എടുക്കും.

ആഭ്യന്തര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം നിരക്ക് യുക്തിസഹമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 30 മിനുട്ട് പറക്കല്‍ സമയമുള്ള തിരുവനന്തപുരം-കൊച്ചി റൂട്ടില്‍ ചില സ്വകാര്യ കമ്പനികള്‍ നാലായിരം രൂപയാണ് ഈടാക്കുന്നത്. ഇത് പുന:പരിശോധിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനത്തിനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നുണ്ട്.

കേരളത്തിലെ സിവില്‍ ഏവിയേഷന്‍ മേഖലയുടെ വികസനത്തിന് അനുയോജ്യമായ നയങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയില്‍ വലിയ തോതില്‍ പ്രവാസി മലയാളികളുമുണ്ട്. അതുകൊണ്ട് സിവില്‍ ഏവിയേഷന്‍ മേഖലക്ക് ശബരിമല വിമാനത്താവളം വലിയ സാധ്യതയാണ് തുറക്കുക.

കണ്ണൂര്‍ എയര്‍പോര്‍ട് ആരംഭിക്കുന്ന ദിവസം തന്നെ സര്‍വീസ് ആരംഭിക്കാന്‍ മിക്കവരും സമ്മതം അറിയിച്ചു. എന്നാല്‍, വിദേശ വിമാന കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരമുള്ള സീറ്റ് വര്‍ധിപ്പിച്ചു കിട്ടണം. അക്കാര്യത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി അനുകൂലമായാണ് പ്രതികരിച്ചത്.

വിമാനയാത്ര ചെയ്യുന്ന ജനങ്ങളുടെ തോത് കേരളത്തില്‍ വളരെ കൂടുതലാണെന്നത് കണക്കിലെടുത്ത് സംസ്ഥാനത്തിന് മികച്ച എയര്‍ കണക്ടിവിറ്റി നല്‍കാന്‍ ഇന്ത്യാ ഗവര്‍മെണ്ട് പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ