മനാമ: വിവ ടെലികോം കമ്പനിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സഹായപദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‌ അനുവദിച്ച സിസിടിവി സംവിധാനം പ്രവർത്തനം ആരംഭിച്ചു. യൂറോപ്യൻ നിർമ്മിതമായ 150 ക്യാമറകൾ, 30 ദിവസം വരെ വിഡിയോ സൂക്ഷിക്കുന്നതിനുതകുന്ന നെറ്റ്‌വർക്ക് വിഡിയോ റിക്കോർഡർ തൽസമയം നിരീക്ഷിക്കുന്നതിനുള്ള കൺട്രോൾ റൂം എന്നിവ ഉൾപ്പടുന്ന സംവിധാനം ആണ് പ്രവർത്തന സജ്ജമായിരികുന്നത്. ഇനി മുതൽ സ്കൂളിന്റെ വരാന്തകൾ, കളിസ്ഥലം, ഓഡിറ്റോറിയം, ലൈബ്രറി തുടങ്ങിയ എല്ലാപൊതു ഇടങ്ങളും ക്യാമറ നിരീക്ഷണത്തിൽ ആയിരിക്കും. അധുനിക സാങ്കേതികവിദ്യയായ ഐപി ക്യാമറകൾ ആണ് സ്ഥാപിച്ചിട്ടുള്ളത്. ക്യാമറകൾക്കും അനുബന്ധം സംവിധാനങ്ങൾക്കും അഞ്ചുവർഷം വാറണ്ടി മാത്രമല്ല മൂന്നു വർഷം സൗജന്യ സേവനവും വിവ ടെലികോം കമ്പനി ഇന്ത്യൻ സ്കൂളിന് വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

നിരീക്ഷണക്യാമറകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ പൊതുയോഗം 40,000 ദിനാർ ബജറ്റ് അനുവദിച്ചിരുന്നു. എങ്കിലും റിഫക്യാമ്പസിലെ ലോൺ തിരിച്ചടവ്മൂലം നേരിട്ടുകൊണ്ടിരുന്ന വൻ സാമ്പത്തികബാധ്യത നിമിത്തം ഇത്രയും തുക ഒരുമിച്ച് കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്ന സമയത്താണ് ഭരണസമിതി വിവ ടെലികോം കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. 65,000 ദിനാർ വിലയുള്ള സിസിടിവി സംവിധാനം 39,000 ദിനാറിനാണ് നൽകിയിരിക്കുന്നത് എന്ന ചെയർമാൻ പ്രിൻസ് നടരാജൻ അറിയിച്ചു. ഈ തുക പ്രതിമാസം 1,095 ദിനാർ പലിശരഹിത തവണകളായി 36 മാസം കൊണ്ട് നൽകിയാൽ മതിയാകും.

ഇന്ത്യൻ സ്കൂളിന്റെ ഇപ്പോഴത്തെ നില പരിഗണിച്ച് ഇപ്രകാരം ഒരു സഹായം ചെയ്തതിൽ വിവയോടുള്ള ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ നന്ദി പ്രിൻസ് നടരാജൻ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിൽ ഇപ്പോഴത്തെ ഭരണസമിതി പ്രത്യേകപരിഗണന നൽകിയിരുന്നു എന്നും പ്രിൻസ് അവകാശപ്പെട്ടു.

അടിയന്തര ഘട്ടങ്ങളിൾ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നതിനും ഭാവിവികസനത്തിനും വേണ്ട സംവിധാനം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന സിസിടിവി സംവിധാനത്തിനുണ്ട് എന്ന് ഐടി വിഭാഗത്തിന്റെ ചുമതലയുള്ള കമ്മറ്റി അംഗം സജി ആന്റണി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനങ്ങൾക്ക് സഹായം നൽകുവാൻ സന്നദ്ധതയുള്ള കമ്പനികൾ ബഹ്റൈനിൽ ധാരാളം ഉണ്ടെന്നും അവയെ കണ്ടെത്തി പ്രയോജനപ്പെടുത്തുവാൻ ഇപ്പോഴത്തെ കമ്മറ്റി ശ്രമിച്ചിട്ടുണ്ട് എന്ന് ചെയർമാൻ പ്രിൻസ് നടരാജൻ അവകാശപ്പെട്ടു. രക്ഷിതാക്കളുടെ പണം മുടക്കിയും ഭീമമായ തുക ലോൺ എടുത്തും വൻപ്രോജക്ടുകൾ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തരായിരുന്നു ഇപ്പോൾ ഭരിക്കുന്ന കമ്മറ്റി എന്ന് കമ്മറ്റി അംഗം ജെയ്ഫർ മൈദാനി അറിയിച്ചു.

നിരീക്ഷണക്യാമറകൾ സ്ഥാപിച്ചതിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷകക്ഷികൾ രംഗത്ത് ഇറങ്ങിയിരിക്കുന്നത് തിരഞ്ഞെടുപ്പ് കാലമായത്കൊണ്ടാണെന്നും ഭരണസമിതിയുടെ നേട്ടങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ടള്ളതുകൊണ്ടാണെന്നും അറിയാം. എങ്കിലും ഉന്നത ഗുണനിലവാരമുള്ള നിരീക്ഷണക്യാമറകളും അനുബന്ധ സംവിധാനങ്ങളും തവണ വ്യവസ്ഥയിൽ നൽകി സാമൂഹികപ്രതിബന്ധത കാണിച്ച കമ്പനിയെ അവഹേളിക്കുന്നത് ഭാവിയിൽ ഇത്തരം സഹായങ്ങൾ നൽകുന്നതിൽ നിന്നും കമ്പനികളെ പിന്തിരിപ്പിക്കാനേ ഉതകുകയുള്ളൂ എന്ന് വെറുതെ വിവാദങ്ങളുണ്ടാക്കുന്നവർ അറിഞ്ഞിരിക്കണം എന്ന് പ്രിൻസ് നടരാജൻ മുന്നറിയിപ്പ് നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook