മനാമ: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ബഹ്‌റൈനിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. ഇന്ത്യന്‍ സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, ഇബ്‌നുല്‍ ഹൈഥം സ്‌കൂള്‍, അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഏഷ്യന്‍ സ്‌കൂള്‍, ന്യൂ മില്ലേനിയം സ്‌കൂള്‍ എന്നിവടങ്ങില്‍ നിന്നുള്ള കുട്ടികളാണ് പരീക്ഷ എഴുതിയത്. കമ്പാര്‍ട്മന്റെ് സൗകര്യം ലഭിച്ചവരുടെ എണ്ണം കൂടി കൂട്ടിയാല്‍ ബഹ്‌റൈന്‍ സ്‌കൂളുകളില്‍ 100 ശതമാനമാണ് വിജയം.

ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 730 കുട്ടികളില്‍ 697 വിദ്യാര്‍ഥികളും യോഗ്യത നേടി. 33 കുട്ടികള്‍ക്കു ഇംപ്രൂവ്‌മെന്റിന് യോഗ്യതയുണ്ട്. കംപാര്‍ട്ട്‌മെന്റ് ഒഴികെയുള്ള വിജയ ശതമാനം 95. 5 ശതമാനമാണ്. 2016 ല്‍ ഇത് 92075 ശതമാനമായിരുന്നു. ഈ വര്‍ഷം 130 വിദ്യാര്‍ഥികള്‍ (17.6%) എല്ലാ വിഷയത്തിലും എ വണ്‍ കരസ്ഥമാക്കി. കഴിഞ്ഞവര്‍ഷം 16.7 % ആയിരുന്നു മുഴുവന്‍ വിഷയത്തിനും എ വണ്‍ നേടിയത്. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സെക്രട്ടറി ഷെമിലി പി ജോണ്‍, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, സ്‌കൂള്‍ ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ വിദ്യാര്‍ഥികളെയും അധ്യാപകരേയും രക്ഷിതാക്കളേയും അനുമോദിച്ചു.

172 കുട്ടികള്‍ പരീക്ഷക്കിരുത്തിയ ഏഷ്യന്‍ സ്‌കൂള്‍ 100 ശതമാനം വിജയം കൈവരിച്ചു. 53 കുട്ടികള്‍ മികച്ച വിജയം കൈവരിച്ചു. ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 148 കുട്ടികള്‍ പരീക്ഷയെഴുതി. 100ശതമാനമാണ് വിജയം. 15 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ വണ്‍ ലഭിച്ചു. ഇബ്‌നുല്‍ ഹൈഥം സ്‌കൂളിലെ 16-ാമത് ബാച്ചില്‍ 121 കുട്ടികളാണ് 10-ാംതരം പരീക്ഷ എഴുതിയത്. സ്‌കൂള്‍ 100 ശതമാനം വിജയം നേടി. ഒമ്പത് കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ വണ്‍ ലഭിച്ചു. അഖീല്‍ നാസിം മഠത്തില്‍, ഐഷ ഇമാന്‍, ഫാത്തിമ ഹനാന്‍, ഫാത്തിമത്തുല്‍ അഫ്‌റ, ലുലുവ, മുഹമ്മദ് ഫഹിം അബ്ദുറഹ്മാന്‍, റജ ഉമ്മര്‍കോയ, റുസ്ബിഹ് ബഷീര്‍, ഷഫ ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ ലഭിച്ചത്.

ന്യൂ മില്ലേനിയം സ്‌കൂളിലും 100 ശതമാനമാണ് വിജയം. 103 കുട്ടികള്‍ പരീക്ഷ എഴുതി. 36 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ വണ്‍ ലഭിച്ചു. അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും നൂറുമേനി വിജയം നേടി. 29 കുട്ടികളാണ് പരീക്ഷ എഴുതിയത്. എട്ടു കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ