റിയാദ്: ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് സിബിഎസ്ഇ, പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയപ്പോൾ തകിടം മറിഞ്ഞത് പ്രവാസിയുടെ കുടുംബ ബജറ്റും ഭാവി പദ്ധതികളും. നിലവിലെ പ്രവാസ പ്രതിസന്ധികൾക്കിടയിൽ ഈ തീരുമാനം കൂടുതൽ രൂക്ഷമാക്കി. നിരവധി കുടുംബങ്ങൾ നിയമ കുരുക്കിൽ പെടാനും സാധ്യതയുണ്ട്.

പലരും നാട്ടിലേക്ക് പോകാൻ ഫൈനൽ എക്സിറ്റിൽ (വിസ ക്യാൻസൽ ചെയ്യുന്ന) നടപടി ക്രമങ്ങൾ പൂർത്തിയാക്കിയവരാണ്. ക്യാൻസൽ ചെയ്ത വിസയിൽ സൗദിയിൽ തങ്ങുന്നത് അനുവദിച്ച തീയതിക്കകം രാജ്യം വിട്ടില്ലെങ്കിൽ നിയമ കുരുക്കിൽ പെടുകയും പിഴ അടക്കേണ്ടിയും വരും. ചെറിയ തുകക്ക് മുൻകൂട്ടി നോൺ റീഫണ്ടബിൾ ടിക്കറ്റ് വാങ്ങിയവർ പലർക്കും ടിക്കറ്റിന്റെ മുഴുവൻ തുകയും നഷ്ടമാകും. പുതിയ ടിക്കറ്റിന് വലിയ തുക നൽകേണ്ടി വരികയും ചെയ്യും. കുടുംബങ്ങൾ ഒന്നിച്ചുള്ള യാത്രയായതിനാൽ പലർക്കും ഈ തുക താങ്ങാവുന്നതിലപ്പുറമാണ്. ഇതിന് പുറമെ പരീക്ഷ കഴിഞ്ഞയുടനെ നാട്ടിലേക്കുള്ള യാത്ര ഉറപ്പുവരുത്തിയതിനാൽ താമസിക്കുന്ന കെട്ടിടങ്ങൾ ഒഴിഞ്ഞു കൊടുക്കേണ്ടവരുണ്ട്. അവരും പെരുവഴിയിലാകും.

ഹോട്ടലുകളിലോ അപ്പാർട്‌മെന്റുകളിലോ കുടുംബസമേതം താമസിക്കുന്നതിന് ദിനേന 4000 രൂപയെങ്കിലും ചിലവ് വരും. ഈ വലിയ പ്രതിസന്ധി എങ്ങിനെ തരണം ചെയ്യണമെന്നറിയാതെ നിരാശയിലും മനഃപ്രയാസത്തിലുമാണ് പ്രവാസി കുടുംബങ്ങൾ. റദ്ദ് ചെയ്ത പരീക്ഷകളുടെ പുതിയ തീയതി നിശ്ചയിച്ചാൽ പരീക്ഷ നാട്ടിൽ എഴുതാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. എന്നാൽ ഇതിന് അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ ആവശ്യം ഉന്നയിച്ചു ആയിരക്കണക്കിന് മെയിൽ സന്ദേശങ്ങളാണ് പ്രവാസികൾ അധികൃതർക്ക് അയച്ചിട്ടുള്ളത്. പ്രവാസി സംഘടനകളും വിദ്യാഭ്യാസ പ്രവർത്തകരും ഇതേ ആവശ്യം മന്ത്രാലയങ്ങളെ സമീപിച്ചിട്ടുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ