റിയാദ്: ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് അസാധുവാക്കിയ സിബിഎസ്ഇ പരീക്ഷകളുടെ പുനഃപരീക്ഷകള്‍ ഗള്‍ഫില്‍ ഉണ്ടാവില്ലെന്ന തീരുമാനത്തിന്റെ ആശ്വാസത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സൗദിയിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് പുനഃപരീക്ഷകള്‍ നടത്താനുള്ള തീരുമാനം ഗള്‍ഫില്‍ ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് സൗദിയിലെ ഇന്ത്യന്‍ സ്‌കൂള്‍ മേധാവികള്‍ സിബിഎസ്ഇ അധികൃതര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. നേരത്തെയുള്ള തീരുമാനത്തില്‍ പ്രവാസി കുടുംബങ്ങള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധി മാധ്യമങ്ങളും ഏറ്റെടുത്തതോടെ പുനഃ പരീക്ഷ എന്ന തീരുമാനത്തില്‍ നിന്ന് വിദേശങ്ങളിലെ സെന്ററുകളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുകയായിരുന്നു.

സൗദി പ്രവാസികളില്‍ പലരും ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായവരാണ്. കുട്ടികളുടെ പരീക്ഷകള്‍ തീരാനായി മാത്രം കാത്തുനില്‍ക്കുന്നവരാണ്. കൂടാതെ നാട്ടിലേക്ക് പോകാന്‍ വിസ റദ്ദാക്കി ഫൈനല്‍ എക്‌സിറ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവരും. ഇത്തരത്തിലുള്ളവര്‍ക്ക് അനുവദിച്ച തിയ്യതിക്കകം രാജ്യം വിട്ടില്ലെങ്കില്‍ നിയമ കുരുക്കില്‍ പെടുകയും പിഴ അടക്കേണ്ടിയും വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഒഴിവാക്കി കിട്ടിയത്.

കൂടാതെ ചെറിയ തുകക്ക് മുന്‍കൂട്ടി നോണ്‍ റീഫണ്ടബിള്‍ ടിക്കറ്റ് വാങ്ങിയവര്‍ പലര്‍ക്കും ടിക്കറ്റിന്റെ മുഴുവന്‍ തുകയും നഷ്ട്ടമാകുമായിരുന്നു. പുതിയ ടിക്കറ്റിന് വലിയ തുക നല്‍കേണ്ടി വരികയും ചെയ്‌തേനേ. ഇതിനെല്ലാം ഉപരിയായി പരീക്ഷ കഴിഞ്ഞയുടെ നാട്ടിലേക്കുള്ള യാത്ര ഉറപ്പുവരുത്തിയതിനാല്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ ഒഴിഞ്ഞു കൊടുക്കേണ്ടവരുണ്ട്.

പുതിയ തീരുമാനത്തോടെ ഇത്തരത്തിലുണ്ടായിരുന്ന വലിയ പ്രതിസന്ധിയില്‍ നിന്നാണ് പ്രവാസി കുടുംബങ്ങള്‍ കരകയറിയത്. നാട്ടിലുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഫലങ്ങള്‍ ഒരു തരത്തിലും ഗള്‍ഫിലെ സെന്ററുകളില്‍ എത്തിയിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ സാധുവായി കണക്കാക്കണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ സിബിഎസ്ഇയോട് അപേക്ഷിച്ചത് സിബിഎസ്ഇ ന്യൂഡല്‍ഹി റീജനല്‍ ഓഫീസര്‍, സിബിഎസ്ഇ ചെയര്‍പേഴ്‌സണ്‍, മാനവവിഭവ ശേഷി വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പകര്‍പ്പും അയച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook