റിയാദ്: ജുബൈലിൽ നടന്ന സിബിഎസ് ക്ലസ്റ്റർ മീറ്റിൽ റിയാദ് മോഡേൺ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനത്തിലൂടെ വ്യത്യസ്ത ഇനങ്ങളിലായി സ്വർണം, വെള്ളി, വെങ്കലം എന്നിവ നേടി. 4 x 400 മീറ്റർ റിലേയിൽ സ്വർണം നേടിയവർ മുഹമ്മദ് സജാദ്, ശൈഖ് അബ്ദുള്ള, ജസീൽ പി.ജംഹർ, ജമീൽ പി.ജംഹർ, റാസി അഹമ്മദ്. 4 x 100 മീറ്റർ റിലേ വെള്ളി: അഹമ്മദ് ഗുൽ, ജസീൽ പി.ജംഹർ, മുഹമ്മദ് സജാദ്, ജമീൽ പി.ജംഹർ, ശൈഖ് അബ്ദുള്ള. 400 മീറ്റർ ഓട്ടം വെള്ളി: ജമീൽ പി.ജംഹർ. 1500 മീറ്റർ ഓട്ടം വെങ്കലം: മുഹമ്മദ് സജാദ്.

സൗദി നാഷണൽ ലെവലിൽ സ്‌കൂളിന്റെ യശസ് വാനോളമുയർത്തി ഛത്തീസ്ഗഡിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികളെയും ടീമിന്റെ പരിശീലകനും കായിക അധ്യാപകനുമായ സാജുദ്ദീൻ, ടീം മാനേജർ ജംഷീർ കെ.പി എന്നിവരെ മുന ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് എംഡി ടി.പി.മുഹമ്മദ്, ജനറൽ മാനേജർ പി.വി.അബ്ദുൾറഹ്മാൻ, പ്രിൻസിപ്പൽ മുഹമ്മദ് ഹനീഫ്, വൈസ് പ്രിൻസിപ്പൽ ശാഫിമോൻ ഹെഡ്മിസ്ട്രസ് സാജിത ടി.പി, ജൂനിയർ സെക്ഷൻ ഹെഡ് മുനീർ എംടിപി, പ്രൈമറി സെക്ഷൻ ഹെഡ് സീനത്ത് ആക്കിഫ് എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

നിരന്തരമായ പരിശീലനവും വിദ്യാർഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ പിന്തുണയുമാണ് ഈ വിജയത്തിന്റെ നിദാനം എന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. നേരത്തെ റിയാദ് സെൻട്രൽ സോണിൽ നിന്ന് വിജയിച്ച മത്സരാർഥികളെ സ്കൂളിൽ പ്രത്യേകം ആദരിച്ചിരുന്നു. ഈ വർഷത്തെ സുവർണ നേട്ടം വരും വർഷങ്ങളിൽ പ്രചോദനമാകും എന്ന് ഉറപ്പായിട്ടുണ്ട്. സ്കൂളിൽ നടന്ന യാത്രയയപ്പിൽ ഛത്തീസ്ഗഡിൽ സിബിഎസ്ഇ നാഷണൽ മീറ്റിൽ പങ്കെടുക്കുന്നവർക്ക് എല്ലാവിധ ആശംസകളും നേർന്നു.  

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ