മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനു സമീപത്തുള്ള 25 ഓളം കന്നുകാലി വളര്‍ത്തു കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി. കന്നുകാലി തൊഴുത്തുകള്‍ക്കു സമീപം പക്ഷികള്‍ കേന്ദ്രീകരിക്കുന്നത് വിമാന യാത്രക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കമേഴ്‌സ്യല്‍ ജെറ്റ് പൈലറ്റ്മാര്‍ പരാതി ഉന്നയിച്ചിരുന്നു.

വിമാനം ഇറങ്ങുന്ന സമയത്ത് പക്ഷികള്‍ കൂട്ടത്തോടെ പറക്കുന്നത് കാഴ്ചയെ മറയ്ക്കുകയാണ്. കാലിത്തൊഴുത്തുകള്‍ കേന്ദ്രീകരിച്ചു വന്‍തോതില്‍ പ്രാവുകളും പക്ഷികളും എത്തുന്നതാണ് ബുദ്ധിമുട്ടാവുന്നത്. കൂടാതെ സമാഹീജിലെ കന്നു കാലി വളര്‍ത്തു കേന്ദ്രത്തില്‍ നിന്നുള്ള ദുര്‍ഗന്ധം എയര്‍പോര്‍ട്ടില്‍ എത്തുന്നതായി എയര്‍പോര്‍ട്ട് ജീവനക്കാരും പരാതി ഉന്നയിക്കുകയുണ്ടായി. തുടര്‍ന്നു പ്രശ്‌ന പരിഹാരത്തിന് കാലി വളര്‍ത്തു കേന്ദ്രം ഹമലയിലേക്കു മാറ്റി സ്ഥാപിക്കുന്നതിനു നടപടി ആരംഭിച്ചതായി മുഹറഖ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അസ്സെം അബ്ദുല്ലത്തീഫ് പറഞ്ഞു.

കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം നടത്തുന്ന 25 ഭൂ ഉടമകളുമായി ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തിയതയായും ഇവര്‍ക്ക് ഹമലയില്‍ സമാനമായ രീതിയില്‍ ഭൂമി നല്‍കാമെന്ന നിര്‍ദ്ദേശം വച്ചതായും അദ്ദേഹം പറഞ്ഞു. നിര്‍ദ്ദേശം ഉടമകള്‍ അംഗീകരിക്കുന്ന പക്ഷം ബലം പ്രയോഗിച്ചുള്ള നീക്കം ആവശ്യമായി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 22 ഉടമകള്‍ ഇവിടെ നിന്നു മാറാന്‍ സന്നദ്ധത അറയിച്ചു കഴിഞ്ഞു. മൂന്നു പേരുടെ കാര്യത്തിലാണ് ഇപ്പോഴും തടസ്സമുള്ളത്. ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഹമലയില്‍ പകരം സംവിധാനം ഉണ്ടാകുന്ന മുറയ്ക്ക് ക്രമമായി കന്നുകാലി ഫാം ഇവിടെ നിന്നു മാറ്റാനാണു ശ്രമിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook