ദുബായ്: പുറം കടലിൽ ആഫ്രിക്കൻ പായലും പച്ചചെമ്മീനും കഴിച്ച് ഒരു സോഡ പോലും കുടിക്കാനാവാതെ വിഷമിച്ച പഞ്ചാബി ഹൗസിലെ രമണനെ മലയാളികൾക്കെല്ലാവർക്കും അറിയാം. എന്നാൽ അത്തരം ഒരു അവസ്ഥയക്ക് മാറ്റം വരുത്താനൊരുങ്ങുകയാണ് കാർഫോർ. ‘കാർഫോർ ബൈറ്റ്സ് ആൻഡ് മോർ ബൈ ദി ഷോർ’ എന്ന പേരിൽ കടലിൽ സുപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുകയാണ് കാർഫോർ കമ്പനി. ലോകത്തിലെ തന്നെ ഇത്തരത്തിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റ് (അക്വാ പോഡ്) ആണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കപ്പൽ യാത്രക്കാർ, യോട്ട് യാത്രക്കാർ, സാഹസിക യാത്രികർ എന്നിവരെ ലക്ഷ്യമിട്ടാണ് ഒഴുകുന്ന സൂപ്പർമാർക്ക് ഒരുക്കിയിരിക്കുന്നത്. ദുബായിലെ ജുമൈറ ബീച്ചിലും, അൽ സുഫോഹ് ബീച്ചിലുമാണ് സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുക. രാവിലെ 10 മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ, ലഘു ഭക്ഷണങ്ങൾ, ഐസ്ക്രീം, സൺസ്ക്രീൻ, മരുന്നുകൾ തുടങ്ങിയവയാണ് സൂപ്പർ മാർക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചെറിയ ജലനൗകകൾക്ക് അക്വാ പോഡിന്റെ കൗണ്ടറിലൂടെ സാധനങ്ങൾ വാങ്ങാനാകും. കപ്പൽ യാത്രക്കാർക്ക് ‘അക്വാ പോഡ്’ എന്ന ആപ്പിലൂടെ സാധനങ്ങൾ ഓർഡർ ചെയ്താൽ ചെറുവഞ്ചികളിൽ 45 മിനിറ്റിനുള്ളിൽ എത്തിച്ചു കൊടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ദുബായിലെ കടൽത്തീരങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ എത്തുന്നുണ്ട്. ഇവർക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഒരുക്കുക എന്നതാണ് ലക്ഷ്യമെന്നും, ഇത്തരം സേവനം ഒരുക്കാനായതിൽ അഭിമാനം ഉണ്ടെന്നും കാർഫോർ വിപണനവകുപ്പ് മേധാവി മിഗ്വേൽ പൊവിഡാനോ പറഞ്ഞു.
അക്വാട്ടിക ആർക്കിടെക്ക്റ്റ്സ് ഡിസൈൻ സ്റ്റുഡിയോവാണ് ആക്വാ പോഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടലിൽ സഞ്ചരിക്കുന്നതിന് റീ ചാർജബിൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന എഞ്ചിനും അക്വാ പോഡിൽ ഘടിപ്പിച്ചിട്ടുണ്ട്. കടലിലെ മാലിന്യങ്ങൾ വലിച്ചെടുക്കുന്ന ‘സീ ബിൻ’ അക്വാ പോഡിൽ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കടൽവെള്ളം ശുദ്ധീകരിച്ച് ശേഖരിക്കാവുന്ന ടാങ്കും അക്വാ പോഡിൽ ഉണ്ട്.