മനാമ: കാര്‍ഗോ അയയ്ക്കാനുള്ള നിരക്ക് കുത്തനെ കൂടിയത് പ്രവാസികള്‍ക്ക് ഇരുട്ടടിയായി. ഇന്ത്യയില്‍ ജിഎസ്ടി (ചരക്കു സേവന നികുതി) നടപ്പാക്കിയതാണ് കാര്‍ഗോ, ക്വറിയര്‍ നിരക്ക് വര്‍ധിക്കാന്‍ കാരണമായത്. 20,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ അയക്കുന്നതിനു നിലവില്‍ നികുതി ഉണ്ടായിരുന്നില്ല. പുതിയ നികുതി ഘടന നിലവില്‍ വന്നതോടെ 41ശതമാനം ജിഎസ്ടി ചുമത്താനാണ് നിര്‍ദ്ദേശം. 28 ശതമാനം ജിഎസ്ടിയും ഇറക്കുമതി ചുങ്കം, സെസ് എന്നിവയും ഉള്‍പ്പെടെ 41 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്.

ഇതോടെ ജൂലൈ ഒന്നിനു ശേഷം ചരക്കുകള്‍ ക്ലിയറന്‍സ് ചെയ്യാതെ ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ കെട്ടിക്കിടക്കുകയാണ്. ജൂണ്‍ 30 വരെ നികുതിയില്ലാതെ അയച്ച സാധനങ്ങള്‍ എയര്‍ പോര്‍ട്ടില്‍ നിന്നു ക്ലിയര്‍ ചെയ്യാന്‍ കമ്പനികള്‍ തയാറായിട്ടില്ല. അതിനാല്‍ വന്‍തോതില്‍ ചരക്കുകള്‍ കെട്ടിക്കിടക്കുകയാണ്. ഇതുമൂലം പെരുന്നാള്‍ അടുപ്പിച്ചു നാട്ടിലേക്കയച്ച വസ്ത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയൊന്നും വിലാസക്കാരനു വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു കാര്‍ഗോ കമ്പനി ഉടമകള്‍ പറയുന്നു.

പ്രവാസ ഭൂമിയില്‍ അധ്വാനിക്കുന്നതിനിടെ ആഗ്രഹിച്ചതുപോലെ നാട്ടില്‍ പോകാന്‍ കഴിയാത്ത സാധാരണക്കാരാണ് കാര്‍ഗോകള്‍ വഴി വീട്ടുകാര്‍ക്കു സമ്മാനങ്ങള്‍ അയക്കുന്നതില്‍ ഏറെയും. ഇപ്പോള്‍ നികുതിയില്ലാതെ അയക്കുന്ന ഇത്തരം സാധനങ്ങള്‍ക്കു നികുതി കൂടി ചുമത്തുന്നതോടെ ഭാരിച്ച ബാധ്യതയായി മാറുമെന്നു സൂപ്പര്‍നെറ്റ് കാര്‍ഗോ ബഹ്‌റൈന്‍ മാനേജര്‍ ഷിറാസ് അബ്ദുല്‍ റസാഖ് പറഞ്ഞു. ഇപ്പോള്‍ 1200 ദിനാര്‍ വരെയാണ് ഒരു കിലോക്ക് ഈടാക്കുന്നത്. ഇത് 1500 ദിനാര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. സാധാരണക്കാര്‍ക്ക് ഈ നിരക്ക് താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ എന്തു നടപടിയാണു സ്വീകരിക്കേണ്ടതെന്നറിയാത്ത അവസ്ഥയിലാണ് കാര്‍ഗോ മേഖല. ബഹ്‌റൈനില്‍ 20 ഓളം കാര്‍ഗോ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെല്ലാം ചേര്‍ന്ന് മാസം ഒരു ലക്ഷം കിലോ കാര്‍ഗോ എങ്കിലും ഇന്ത്യയിലേക്ക് അയക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ പകുതിയോളം കേരളത്തിലേക്കാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ