മനാമ: കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് നേതൃത്വത്തില്‍ ആരോഗ്യ പരിശോധന ക്യാംപും ബോധവത്കരണ ക്ലാസുകളും ഈ മാസം 11ന് സനദിലെ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 1.30വരെ നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ 1000ത്തോളം പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ മുഖ്യാതിഥിയായിരിക്കും. കിംസ് മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷെറീഫ് എം. സഹദുല്ല, അമേരിക്കന്‍ ബോണ്‍സ് ആന്റ് ജോയ്ന്റ്‌സ് ക്ലിനിക് കണ്‍സള്‍ട്ടന്റ് റുമറ്റോളജിസ്റ്റ് ഡോ. സമീര്‍ നുഹൈലി എന്നിവര്‍ പങ്കെടുക്കും. കാന്‍സര്‍ ബോധവത്കരണ ക്ലാസിന് ഡോ. മറിയം ഫിദ നേതൃത്വം നല്‍കും.

വിഷാദരോഗവും ആത്മഹത്യയും സംബന്ധിച്ച ക്ലാസ് ഡോ. ലൈല മാകി അബ്ദുല്‍ ഹുസൈന്‍ നയിക്കും. ഹൃദയാരോഗ്യം സംബന്ധിച്ച് ഹൗറ എസ് ഖലീല്‍ ഇബ്രാഹിം, ഹൃദയാഘാതം വന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുഹമ്മദ് മഹ്ഫൂദ്, സ്ത്രീ രോഗങ്ങള്‍ സംബന്ധിച്ച് ഡോ.ഗീതിക കല്‍റ എന്നിവര്‍ സംസാരിക്കും. ബഹ്‌റൈന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സ്‌കൂളുകളിലും കോളജുകളിലും ക്ലബുകളിലും മറ്റും നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ.പിവിചെറിയാന്‍, ജനറല്‍ സെക്രട്ടറി കെടി സലീം, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ജാന്‍ തോമസ്, വികെ സാമുവല്‍, നീല്‍സണ്‍ ഓപറേഷന്‍ മാനേജര്‍ ഉസാമ അബ്ദീന്‍, സുധീര്‍ തിരുനിലത്ത്, ജോര്‍ജ് കെ മാത്യു എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ